തെരുവില്‍ അലയുന്ന സ്ത്രീയ്ക്ക് ഭക്ഷണം വാരിക്കൊടുക്കുന്ന ട്രാഫിക് പൊലീസുകാരന്റെ ചിത്രം സോഷ്യൽ മീഡിയയില്‍ വൈറലായി മാറി. ഹൈദരാബാദിലെ കുകത്പളളി ട്രാഫിക് പൊലീസ് സ്റ്റേഷനിലെ ഹോംഗാര്‍ഡ് ബി.ഗോപാലാണ് സോഷ്യൽ മീഡിയയുടെ ഹൃദയം കവര്‍ന്ന പ്രവൃത്തിയിലൂടെ സംസാരവിഷയമായി മാറിയത്.

കുകത്പളളിയില്‍ ജെഎന്‍ടിയുവിന് അടുത്തായുളള റോഡിലാണ് തളര്‍ന്നിരിക്കുന്ന സ്ത്രീയെ ഗോപാല്‍ കാണുന്നത്. ഉടന്‍ തന്നെ അദ്ദേഹം അടുത്തുളള ഹോട്ടലിലെത്തി ഭക്ഷണം വാങ്ങി തിരികെ വന്നു. ഭക്ഷണം അവര്‍ക്ക് കൊടുത്തെങ്കിലും കൈ ഒന്ന് ഉയര്‍ത്താന്‍ പോലും കഴിയാത്തത്രയും അവശയായിരുന്നു സ്ത്രീ. ഉടന്‍ തന്നെ അദ്ദേഹം ജോലി താൽക്കാലികമായി നിര്‍ത്തി വച്ച് സ്ത്രീയെ ഭക്ഷണമൂട്ടി.

‘ഇതാണ് പൊലീസ്, ഇതാണ് സൗഹൃദ പൊലീസ്. ഉത്തരവാദിത്വം എന്താണെന്ന് അദ്ദേഹം എല്ലാവര്‍ക്കും കാണിച്ച് തരുന്നു’, ഒരാള്‍ ട്വിറ്ററില്‍ കുറിച്ചു. ഹോംഗാര്‍ഡിന്റെ പ്രവൃത്തിയെ പുകഴ്ത്തി ഉന്നത പൊലീസ് ഉദ്യോഗസ്ഥരും രംഗത്തെത്തി. ഹോംഗാര്‍ഡിന്റെ പ്രവൃത്തി അഭിനന്ദനാര്‍ഹമാണെന്ന് എല്ലാവരും ഒന്നടങ്കം പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ