scorecardresearch
Latest News

‘മരണത്തെപ്പോലും വിറപ്പിച്ചുകൊണ്ടാണ് അവള്‍ യാത്രയായത്’

ഒരുപക്ഷെ കീമോ കഴിഞ്ഞു നാലാം ദിവസം നിറഞ്ഞ സ്റ്റേഡിയത്തില്‍ ആര്‍ത്തുവിളിച്ചു കളി കണ്ട ആള്‍ എന്റെ അച്ചു മാത്രമായിരിക്കും.

‘മരണത്തെപ്പോലും വിറപ്പിച്ചുകൊണ്ടാണ് അവള്‍ യാത്രയായത്’

നമ്മുടെ ആരോഗ്യ നിഘണ്ടുവിലെ ഏറ്റവും പേടിപ്പെടുത്തുന്ന ഒരു വാക്കാണ് ക്യാന്‍സര്‍. ഒട്ടും നിനച്ചിരിക്കാത്ത നേരത്തായിരിക്കും ചിലപ്പോള്‍ പാതി വഴിയില്‍ ജീവിതത്തില്‍ നിന്നും ഇറങ്ങിപ്പോകേണ്ടി വരിക. രോഗം ബന്ധങ്ങളെ പോലും തകര്‍ക്കുന്ന അവസ്ഥകള്‍ നമുക്കറിയാം. അത്രയും നാള്‍ കൂടെ നിന്നവര്‍ ചിലപ്പോള്‍ ഉപേക്ഷിച്ചെന്നുവരാം; ഒറ്റക്കാക്കിയെന്നു വരാം. മറ്റു ചിലര്‍ കൂടെ നിന്ന് ചേര്‍ത്തു പിടിക്കും. അങ്ങനെയായിരുന്നു പട്ടാമ്പിക്കാരനായ രമേഷ് കുമാര്‍.

ഒട്ടും നിനച്ചിരിക്കാതെ ഒരു പുറം വേദനയുടെ രൂപത്തിലായിരുന്നു രമേഷിന്റെ ഭാര്യ അശ്വതിയെ ക്യാന്‍സര്‍ ബാധിക്കുന്നത്. രണ്ടുവര്‍ഷം ശക്തമായി പൊരുതിയെങ്കിലും അശ്വതിയെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനായില്ല.. പക്ഷെ, ജീവിതത്തിന്റെ അവസാന നിമിഷം വരെ ‘ജീവിച്ചു’ തന്നെയാണ് അശ്വതി മരണത്തിലേക്ക് പോയത്. ഒടുവില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറെ കാണണം എന്ന തന്റെ പ്രിയപ്പെട്ട മോഹവും അശ്വതി സാധിച്ചു. എല്ലാത്തിനും അശ്വതിക്കൊപ്പം രമേഷുണ്ടായിരുന്നു.

അശ്വതിക്കും കുഞ്ഞിനുമൊപ്പമുള്ള ചിത്രം ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത് രമേഷ് എഴുതിയത് വായിക്കുന്നവരുടെ ഹൃദയത്തെ തൊടും. രമേഷിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ് വായിക്കാം, ‘ജീവിതമെന്ന അത്ഭുത’ത്തെക്കുറിച്ച്:

‘എനിക്കേറ്റവും പ്രിയപ്പെട്ട ഫോട്ടോകളില്‍ ഒന്നാണ് ഇത്. സന്തോഷകരമായ ജീവിതത്തിനിടയിലേക്ക് കടന്നുവന്ന കാന്‍സര്‍ എന്ന ശത്രുവിനോട് ‘നീ പോടാ പുല്ലേ നിനക്കെന്റെ ശരീരത്തിനെയെ തളര്‍ത്താന്‍പറ്റൂ എന്റെ മനസിനെ തളര്‍ത്താന്‍ നീ പതിനായിരം തവണ ശ്രമിച്ചാലും നടക്കില്ലെന്ന്’ ചങ്കൂറ്റത്തോടെ പറഞ്ഞ എന്റെ പ്രിയപ്പെട്ട അച്ചുവിന്റെ കൂടെ കൊച്ചി ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിന്റെ മുന്നില്‍ നിന്ന് ഞാന്‍ എടുത്ത സെല്‍ഫി. ഐ.എസ് . എല്‍ പോരാട്ടം കൊച്ചിയില്‍ നടക്കുന്ന സമയം ബ്‌ളാസ്റ്റേഴ്‌സിന്റെ കളിയുടെ ദിവസം സച്ചിന്‍ വരുന്നുണ്ടെന്ന് അറിഞ്ഞ നിമിഷം മുതല്‍ എന്നോട് അവള്‍ പറഞ്ഞിരുന്നു നമുക്ക് സച്ചിനെ കാണാന്‍ പോണം എന്ന്.പക്ഷെ അതിനിടക്ക് അസുഖം രണ്ടാമതും തലപൊക്കിയിരുന്നു സെക്കന്‍ഡ് ലൈന്‍ കീമോതെറാപ്പി വീണ്ടും തുടങ്ങി .നിര്‍ഭാഗ്യവശാല്‍ സച്ചിന്‍ വരുന്നതിനു നാല് ദിവസം മുന്നേ ആയിരുന്നു കീമോ തുടങ്ങിയത് കീമോയുടെ കടുത്ത ബുദ്ധിമുട്ടുകള്‍ക്കിടയിലും കൊച്ചിയിലെ വീട്ടിലിരുന്ന് ബ്‌ളാസ്റ്റേഴ്‌സിന്റെ കളിയുടെ തലേദിവസം സങ്കടത്തോടെ എന്നോട് പറഞ്ഞു …….ഇനിയിപ്പോ സച്ചിനെ കാണാന്‍ പോകാന്‍ പറ്റില്ലല്ലേ ?……അസുഖം അവസാന സ്റ്റേജില്‍ ആണെന്ന് എനിക്കും അവള്‍ക്കും അറിയാവുന്നത് കൊണ്ട് പിന്നൊരിക്കല്‍ ആവാം എന്ന് ഞാന്‍ പറഞ്ഞില്ല .ഞാന്‍ ചോദിച്ചു നിനക്ക് ധൈര്യം ഉണ്ടോ എന്റെ കൂടെ വരാന്‍ എന്ന് ….ഏറ്റവും അപകടം പിടിച്ച ഏര്‍പ്പാടാണ് പക്ഷെ എനിക്കപ്പോള്‍ അതാണ് ശരി എന്ന് തോന്നി …..അപ്പോള്‍ അവള്‍ എന്നോട് പറഞ്ഞു ‘ജനിച്ചാല്‍ നമ്മളൊക്കെ ഒരുനാള്‍ മരിക്കും അതിനെക്കുറിച്ചോര്‍ത് എനിക്ക് ഭയമില്ല ഒരു ദിവസമാണെങ്കില്‍ ഒരുദിവസം രാജാവിനെപ്പോലെ ………’എന്നെ കൊണ്ട് പോകാന്‍ ധൈര്യം ഉണ്ടോ എന്ന് …….ഞാന്‍ ഒന്ന് ചിരിച്ചു എന്നിട്ട് പറഞ്ഞു മോനെ കുറച്ചു സമയം നോക്കൂ ഞാന്‍ ഇപ്പോള്‍ വരാം എന്ന് …. നേരെ കൊച്ചിയിലെ സുഹൃത്തുക്കളുടെ അടുത്തേക്ക് .സ്റ്റേഡിയത്തില്‍ കൂടെ നില്‍ക്കാന്‍ നാലുപേരെ ഏര്‍പ്പാടാക്കി ടിക്കറ്റ് എടുത്തു .അടിയന്തിര സാഹചര്യത്തില്‍ പുറത്തിറങ്ങാനുള്ള വഴികള്‍ ,ഹോസ്പിറ്റല്‍ എത്തിക്കാനുള്ള മാര്‍ഗങ്ങള്‍ എന്നിവ മനസിലാക്കി …തിരിച്ചു വീട്ടില്‍ വന്നപ്പോള്‍ അവള്‍ ചോദിച്ചു അപ്പോള്‍ നമ്മള്‍ നാളെ കളികാണാന്‍ പോകും അല്ലെ ?എനിക്കറിയാം എല്ലാം ഒപ്പിച്ചാണ് വരവെന്ന് ….കീമോയുടെ ഷീണത്തിലും കണ്ണുകളിലെ തിളക്കം ഞാന്‍ കണ്ടു . പിറ്റേന്ന് ഞങ്ങള്‍ സ്റ്റേഡിയത്തിലേക് ..നിഴലുപോലെ കൂട്ടുകാര്‍ ,സപ്പോര്‍ട്ട് തന്നു കേരളാപോലീസ് ,സ്റ്റേഡിയത്തിലെ എമര്‍ജന്‍സി ആംബുലന്‍സ് സര്‍വീസ് …ഒടുവില്‍ പതിനായിരങ്ങളുടെ നടുവില്‍ അസുഖത്തിന്റെ എല്ലാ വിഷമതകളും മറന്ന് എന്റെ മൊബൈല്‍ വാങ്ങി ഫ്ളാഷ് ലൈറ്റ് മിന്നിച്ചു ആര്‍ത്തുവിളിച്ചു സച്ചിനെ അഭിവാദ്യം ചെയ്യുന്ന കാഴ്ച …..അന്നായിരുന്നു അവളെ കാണാന്‍ ഏറ്റവും സൗന്ദര്യം …..ബ്ലാസ്റ്റേഴ്സ് ..സച്ചിന്‍ …ആര്‍പ്പുവിളികള്‍ക്കിടയില്‍ എല്ലാ വേദനകളും മറന്നു ഞങ്ങള്‍ ………ഒരുപക്ഷെ കീമോ കഴിഞ്ഞു നാലാം ദിവസം നിറഞ്ഞ സ്റ്റേഡിയത്തില്‍ ആര്‍ത്തുവിളിച്ചു കളി കണ്ട ആള്‍ എന്റെ അച്ചു മാത്രമായിരിക്കും. അച്ചുവെന്നാല്‍ അതാണ് കടുത്ത പ്രതിസന്ധിയിലും.. മരണത്തിന്റെ മുന്നില്‍പോലും പതറാത്ത ആ മനസിന്റെ കരുത്തു മാതൃക ആക്കെണ്ടതുതന്നെ ആണ് ……..കരുത്തനായ മരണമെന്ന ശത്രുവിനെപോലും വിറപ്പിച്ചുകൊണ്ടുതന്നെയാണ് അവള്‍ യാത്രയായത് ….’പ്രതിസന്ധികള്‍ ഉണ്ടാവും തോറ്റുകൊടുക്കരുത് അവസാനശ്വാസം വരെയും പോരാടണം …….ജീവിതം സുന്ദരമാണ് ഒരു സെക്കന്റുപോലും പാഴാക്കരുത് പരമാവധി ആസ്വദിക്കുക ….എല്ലാവര്‍ക്കും നല്ലതേ വരൂ ………’

Read More : കാൻസർ ബാധിച്ച കോശങ്ങളെ സജീവമാക്കും; മാരകരോഗത്തെ നേരിടാൻ മരുന്ന്

Stay updated with the latest news headlines and all the latest Social news download Indian Express Malayalam App.

Web Title: Husbands facebook post on wifes fight against cancer