ഒരു പുറം വേദനയുടെ രൂപത്തിലായിരുന്നു ക്യാന്‍സര്‍ രമേഷ് കുമാറിന്‍റെയും അശ്വതിയുടേയും ജീവിതത്തിലേക്ക് കടന്നു വരുന്നത്. രണ്ട് വര്‍ഷത്തെ മല്‍പ്പിടുത്തതിന് ശേഷം അശ്വതിയേയും കൊണ്ട് അത് പടിയിറങ്ങി. പക്ഷെ ജീവിതത്തിന്‍റെ അവസാന നിമിഷം വരെ, ഒന്നിനെയും പഴി പറയാതെ, എല്ലാറ്റിനേയും സ്നേഹിച്ചു സ്നേഹിച്ചാണ് അശ്വതി ഓര്‍മ്മയായത്‌.

അശ്വതിയുടേയും രമേഷിന്‍റെയും ജീവിതയാത്ര ഒരിക്കല്‍ കേരളത്തിന്‍റെ കണ്ണുകളെ ഈറനണിയിച്ചതാണ്. അശ്വതി രമേഷിന്‍റെ  ജീവിതത്തില്‍ നിന്നും യാത്രയായിട്ട്  ഇന്ന്  ഒരു വര്‍ഷം തികയുകയാണ്. ഇന്നും തന്‍റെ മനസില്‍ അതേ ചിരിയോടെ ‘ജീവിക്കുന്ന’ അശ്വതിയെ കുറിച്ചുള്ള രമേഷിന്‍റെ കുറിപ്പ് വീണ്ടും സോഷ്യല്‍ മീഡിയയുടെ ഉളള് തൊടുകയാണ്.

ഏപ്രില്‍ 20.

ഒരു വര്‍ഷം ആവുകയാണ് … ‘മരണം തട്ടിപ്പറിച്ചെടുത്താലും നിന്നെ ഞാനും മോനും ചേര്‍ന്ന് ഇവിടെ ജീവിപ്പിച്ചു നിര്‍ത്തും … അത് ഇനിയും തോല്‍വി സമ്മതിക്കാന്‍ മനസ്സില്ലാത്ത എന്‍റെയും അവന്‍റെയും വാശിയാണ് ,ചെറുത്തു നില്‍പ്പാണ്. ഞങ്ങടെ ഉള്ളില്‍ നീ ഇപ്പോഴും മരണത്തെപ്പോലും തോല്‍പ്പിച്ചു നില്‍ക്കുന്ന ഒരു കുഞ്ഞു സുന്ദരിക്കുട്ടിയാണ് . മരണത്തിനു ശരീരത്തിനെയെ ഇല്ലാതാക്കാന്‍ കഴിയൂ . ഓരോ നിമിഷത്തിലും ചില എഴുത്തുകളിലൂടെ,ചിത്രങ്ങളിലൂടെ ,വാക്കുകളിലൂടെ ,ഞങ്ങളിലൂടെ തന്നെ നിന്നെയിവിടെ ജീവിപ്പിച്ചു നിര്‍ത്തും.

അതൊരു വാശിയാണ് ,അത്രത്തോളം ഇറുക്കിപ്പിടിച്ചിട്ടും തട്ടിപ്പറിച്ചു കളഞ്ഞാല്‍,അവിടെ എല്ലാമവസാനിപ്പിച്ചു തോറ്റു തലകുനിച്ചു മടങ്ങാന്‍ മനസില്ലാത്തവന്‍റെ ഒരു കുഞ്ഞുവാശി.
വര്‍ഷങ്ങള്‍ക്ക് മുന്നേ ഒരു പാതിരാത്രിയിലാണ് അവള്‍ പറഞ്ഞത് ..അതേയ് എനിക്ക് ഇങ്ങേരോട് ഒടുക്കത്തെ പ്രണയമാണെന്ന് തോന്നുന്നു ,അവിടെ വേറാരും കേറിയിരിപ്പില്ലേല്‍ എന്നെക്കൂടേ കൂട്ടുവോ എന്ന്.

ഇച്ചിരിക്കഴിഞ്ഞാ മനസ്സെങ്ങാന്‍ മാറിയാലോന്നു പേടിച്ചു ഞാന്‍ അപ്പൊത്തന്നെ അപ്രൂവലും കൊടുത്തു കൂടെ കൂട്ടി .

എന്‍റെ ഏറ്റവും പ്രിയപെട്ട കൂട്ടുകാരി ആയിരുന്നു. തൃപ്പുണിത്തുറ റെയില്‍വെ സ്റ്റേഷനില്‍ നിന്നാണ് ആദ്യമായി കാണുന്നത് … എറണാകുളം കായംകുളം ലോക്കല്‍ ട്രെയിനിലേക്ക് കയറുമ്പോ എന്‍റെ നേരെ കൈ നീട്ടി ‘എന്‍റെ കയ്യൊന്നു പിടിക്ക് മാഷേ ‘എന്ന് പറഞ്ഞപ്പോ തമാശക്ക് ഞാന്‍ പറഞ്ഞു ‘എന്നോടൊക്കെ കൈ പിടിക്കാന്‍ പറയുമ്പോ സൂക്ഷിക്കണം കേട്ടോ’… ഒരിക്കല്‍ പിടിച്ചാല്‍ പിന്നെ എന്‍റെ ജീവന്‍ പോയാലും ആ പിടി വിടുമെന്ന് കരുതണ്ട…’

‘ആണോ…? ഞാനും അങ്ങനെയാ എന്നു പറഞ്ഞു ചന്തമുള്ള ഒരു പുഞ്ചിരിയോടെ എന്നാ പിന്നെ ഇച്ചിരി ഇറുക്കിപിടിച്ചോ മാഷേ ‘എന്ന് പറഞ്ഞതും, കൈനീട്ടിയതും… ആ ഇറുക്കിപ്പിടുത്തം ഇളംചൂടുള്ള ഒരോര്‍മ്മയായി ഇപ്പോഴും ഉള്ളിലങ്ങനെയുണ്ട് … (ഒരു ദോശ ഉണ്ടാക്കിയ പ്രണയംപോലെ വളരെ രസകരമായ ഒരു കഥയാണ് ഞങ്ങടെ പ്രണയം ‘ഒരു കുളിയുണ്ടാക്കിയ പ്രണയം’സൗകര്യം പോലെ ഒരിക്കല്‍ പറയുന്നുണ്ട് )

നീണ്ട 8വര്‍ഷത്തെ കൂട്ട്, 5 വര്‍ഷം കല്ല്യാണത്തിന് ശേഷം …അങ്ങനെ ഒരുമിച്ചുള്ള മനോഹരമായ പതിമൂന്നു വര്‍ഷങ്ങള്‍…

Read More: ‘മരണത്തെപ്പോലും വിറപ്പിച്ചുകൊണ്ടാണ് അവള്‍ യാത്രയായത്’

കുന്നികുരുവോളമേ ഉണ്ടായുള്ളുവെങ്കിലും മനോഹരമായ ജീവിതം,ഒരുപാട് നല്ല ഓര്‍മകള്‍…
അതു തന്നെ ധാരാളമാണ് ഈ ജന്മം മുഴുവന്‍ ഓര്‍ക്കാന്‍…

ഓര്‍മ്മകള്‍ എന്നെ പിറകോട്ടല്ല നയിക്കുന്നത്, കൂടുതല്‍ കൂടുതല്‍ കരുത്തോടെ മുന്നോട്ടാണ്. .മുഖപുസ്തകത്തിലെ ഞങ്ങളുടെ പ്രിയപ്പെട്ട കൂട്ടുകാരിലൂടെ, അവരുടെ ഹൃദയത്തിലൂടെ ഒരുപാടൊരുപാട് സ്‌നേഹം ഏറ്റുവാങ്ങി അവളിവിടെ ജീവിച്ചു കൊണ്ടേയിരിക്കട്ടെ…

‘ഏതു സമയത്തും വേണമെങ്കിലും വളരെ മോശമായ ഒരു കാര്യം സംഭവിക്കും, തളര്‍ന്നു പോകരുത് മോന്‍റെ കയ്യില്‍ മുറുക്കെപ്പിടിച്ചു ഒരു തരിമ്പുപോലും ഇളകാതെ മുന്നോട്ട് തന്നെ പോയി കൊണ്ടിരിക്കണം, ലൈവില്‍ നില്‍ക്കണം എന്ന് പറഞ്ഞു അവസാന നാളുകളില്‍ പോലും സ്‌നേഹംകൊണ്ട് എന്നെ ഇറുക്കിപ്പിടിച്ചിരുന്ന അവളെ എനിക്കെങ്ങനെയാണ് വിട്ടു കളയാനാവുക!

മാലചാര്‍ത്തിയും വിളക്ക് കത്തിച്ചു വച്ചും ഒരു ഫോട്ടോപോലും ഞാന്‍ എവിടേം വച്ചിട്ടില്ല… ദേ ഇങ്ങനെ ചിരിച്ചോണ്ട് ലൈവില്‍ നിക്കണ ഫോട്ടോകള്‍ കാണുമ്പോ കൂടെ തന്നെ ഉണ്ടെന്നുള്ള ഒരു വിശ്വാസം ആണ്…

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ