ഭോപ്പാലില്‍ നിന്നുളള ഒരു പ്രൊഫസറുടെ ഡാന്‍സ് വീഡിയോ ആണ് കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയത്. സഞ്ജീവ് ശ്രീവാസ്തവ എന്ന ഇലക്ട്രോണിക്സ് പ്രൊഫസറായിരുന്നു ബോളിവുഡ് ഗാനത്തിനൊത്ത് നൃത്തം ചെയ്ത് ശ്രദ്ധേയനായത്.

ഗോവിന്ദയുടെ ചുവടുകളെ അതേപടി അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം. ഒരു വിവാഹ വേദിയില്‍ വച്ചായിരുന്നു ഡാന്‍സ്. ഭാര്യയ്ക്ക് മുമ്പില്‍ ഗംഭീരമായി നൃത്തം ചെയ്യുന്ന ഇദ്ദേഹത്തെ കരഘോഷത്തോടെയാണ് കാഴ്‌ചക്കാര്‍ പ്രോത്സാഹിപ്പിക്കുന്നത്. ഗോവിന്ദ നായകനായ ‘ഖുദ്ഗര്‍സ്’ എന്ന ചിത്രത്തിലെ ‘ആപ്കെ ആ ജാനെ സെ’ എന്ന ഗാനത്തിനാണ് ഇദ്ദേഹം ചുവടുവയ്‌ക്കുന്നത്.

Read More: വൈറലായ ഡാന്‍സ് ചുവടുകള്‍ അനുകരിച്ച് ‘അങ്കിളിന്റെ ആരാധികമാര്‍’

മനോഹരമായ ചുവടുവയ്‌പുകള്‍ എന്നതിനപ്പുറം 46കാരനാണ് ചുറുചുറുക്കോടെ നൃത്തം ചെയ്യുന്നതെന്ന വസ്തുതയാണ് കാഴ്‌ചക്കാരെ അമ്പരപ്പിച്ചത്. എന്നാല്‍ ശ്രിവാസ്തവയുടെ ഡാൻസ് വൈറലാവുന്നതിനും മുമ്പ് ഫെയ്സ്ബുക്കില്‍ ഒരു മലയാളിയുടെ വീഡിയോ ശ്രദ്ധേയമായിരുന്നു. 55കാരനായ ബാലന്‍ മാധവനും ഭാര്യ ലതയും ചേര്‍ന്ന് കഴിഞ്ഞ വര്‍ഷം നടത്തിയ ഡാന്‍സ് വീഡിയോ ആയിരുന്നു അത്.

ബാങ്ക് ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹം മികച്ച വൈല്‍ഡ്‌ ലൈഫ് ഫൊട്ടോഗ്രാഫര്‍ കൂടിയാണ്. ഫൊട്ടോഗ്രഫിയിലേക്ക് തിരിയാനായി ബാങ്ക് ഉദ്യോഗം രാജിവച്ച ബാലന്‍ സംസ്ഥാന ടൂറിസം വകുപ്പിന് വേണ്ടിയും ചിത്രങ്ങള്‍ പകര്‍ത്തിയിട്ടുണ്ട്. തിരുവനന്തപുരം സ്വദേശിയാണ് ഇദ്ദേഹം.

ഒരു സുഹൃത്തിന്‍റെ മകളുടെ വിവാഹത്തിന് മുമ്പുളള ആഘോഷ ചടങ്ങിനിടെയാണ് ബാലനും 54കാരിയായ ഭാര്യ ലതയും ചേര്‍ന്ന് ഡാന്‍സ് ചെയ്തത്. വിജയ് നായകനായ ‘അഴകിയ തമിഴ് മകന്‍’ എന്ന ചിത്രത്തിലെ ‘പൊന്‍മകള്‍ വന്താല്‍’ എന്ന ഗാനത്തിനാണ് ദമ്പതികള്‍ ചുവടുവച്ചത്. തന്‍റെ ഭാര്യയാണ് ഡാന്‍സ് ചെയ്യാമെന്ന നിര്‍ദേശം മുന്നോട്ട് വച്ചതെന്ന് അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.

രണ്ടു മൂന്ന് ദിവസത്തെ പരിശീലനത്തിന് ശേഷമാണ് ഇരുവരും വേദിയിലെത്തി സുഹൃത്തുക്കളും ബന്ധുക്കളും അടങ്ങിയ കാണികളെ കൈയ്യിലെടുത്തത്. എന്തായാലും ആഘോഷച്ചടങ്ങുകളില്‍ മസിലും പിടിച്ചിരിക്കുന്ന മലയാളിക്ക് മാറിച്ചിന്തിക്കാന്‍ പോന്നതാണ് ഈ വീഡിയോ എന്നാണ് സോഷ്യല്‍ മീഡിയയിലെ സംസാരം.

പ്രസിദ്ധനായ പ്രകൃതി-വന്യജീവി ഫൊട്ടോഗ്രാഫറാണ് ബാലന്‍. ദൈവത്തിന്‍റെ സ്വന്തം നാടായി കേരള ടൂറിസത്തെ  റീബ്രാൻഡ് ചെയ്ത ചിത്രങ്ങളില്‍ ബാലന്‍റെ ക്യമാറക്കണ്ണുകൾ മുഖ്യ പങ്ക് വഹിച്ചിരുന്നു. കേരളത്തെ കുറിച്ച് ലോകത്തിന് മുന്നിൽ എത്തിയ ചിത്രങ്ങളിൽ​ പലതിന് പിന്നിലും കണ്ണിമ ചിമ്മതായയുളള ബാലന്‍റെ കാഴ്‌ചകളും ഉണ്ടായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ