വിദേശരാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലെത്തി പഠിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന പലരും പല വിദ്യകളും പഠിച്ചെടുക്കും. പ്രത്യേകിച്ചു പാചകത്തില്‍. ആറ് വര്‍ഷമായി ഇന്ത്യയില്‍ താമസിക്കുന്ന കാനഡ സ്വദേശിയായ കാലേബ് ഫ്രീസെണ്‍ ഇപ്പോഴിതാ താന്‍ പഠിച്ച ഒരു അടുക്കള വിദ്യയുടെ വീഡിയോ പങ്കുവച്ചിരിക്കുകയാണ്.
പ്രഷര്‍ കുക്കര്‍ ഇന്ത്യയില്‍ പല ആവശ്യങ്ങള്‍ക്കാണ് ഉപയോഗിക്കുന്നത്. എന്നാല്‍ അടുക്കളയുടെ പരിസരത്ത് പോലും എത്താത്തവര്‍ ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടുന്നതും പ്രഷര്‍ കുക്കറുകൊണ്ടാണ്. കുക്കര്‍ എളുപ്പത്തില്‍ തുറക്കുക, അടക്കുക എന്നത് അത്ര നിസാരമല്ലെന്ന് ആദ്യ കൈ വയ്ക്കുന്നവര്‍ക്ക് ബോധ്യപ്പെടുകയും ചെയ്യും.
ആറ് വര്‍ഷത്തെ ഇന്ത്യന്‍ ജീവിതത്തിനൊടുവില്‍ ഒറ്റക്കൈ കൊണ്ട് നിസാരമായി കുക്കര്‍ തുറന്നിരിക്കുകയാണ് ഫ്രീസെണ്‍.
”ആറ് വര്‍ഷത്തോളം ഇന്ത്യയില്‍ ജീവിച്ചിട്ട്, അവസാനം ഞാന്‍ അത് സാധിച്ചു. എനിക്ക് ഒരു കൈകൊണ്ട് പ്രഷര്‍ കുക്കര്‍ തുറക്കാനായി,” ഫ്രീസെണ്‍ വീഡിയോയ്ക്ക് ക്യാപ്ഷന്‍ നല്‍കി.
അമ്പതിനായിരത്തിലധികം പേരാണ് ഇതിനോടകം വീഡിയോ കണ്ടത്.
ഇന്ത്യയിലെ 99 ശതമാനം പുരുഷന്മാര്‍ക്കും രണ്ട് കൈകൊണ്ട് പോലും കുക്കര്‍ തുറക്കാനറിയില്ലെന്നാണ് ഒരാള്‍ വീഡിയോയ്ക്ക് താഴെ കുറിച്ചിരിക്കുന്നത്. ഏറ്റവും ബുദ്ധിമുട്ട് വട്ടത്തില്‍ ചപ്പാത്തി ഉണ്ടാക്കുന്നതാണെന്നും അതിന് കഴിയമോയെന്നു ഫ്രീസെണോട് ഒരാള്‍ ചോദിച്ചിട്ടുമുണ്ട്. അതിന് ഒരു ആറ് വര്‍ഷം കൂടി വേണ്ടി വരുമെന്നാണ് ഫ്രീസെണ്‍ മറുപടി നല്‍കിയത്.