പാത്രം കൊട്ടി കൊറോണയെ ഓടിച്ചതു പോലെയല്ല, പശുവിനെ കെട്ടിപ്പിടിക്കാൻ പോകുന്നത്. അതത്ര നല്ലതല്ലെന്നാണ് മുന്നറിയിപ്പ്. ആ ജാഗ്രതാ നിർദ്ദേശം നൽകുന്നത് മറ്റാരുമല്ല, ആധുനികലോകത്തെ സർവവിജ്ഞാനകോശമായ ചാറ്റ് ജി പി ടിയാണ്.
ലോകമെങ്ങും ആഘോഷിക്കുന്ന ‘വാലന്റൈൻസ് ഡേ’ ഇനി മുതൽ നമ്മുടെ രാജ്യത്ത് ‘ഗോ വാലന്റൈൻസ് ഡേ’ ആയിരിക്കുമെന്ന കേന്ദ്രസർക്കാർ പ്രഖ്യാപനം വന്ന സാഹചര്യത്തിൽ പശുവിനെ കെട്ടിപ്പിടിക്കേണ്ടത് പൗരബോധമുള്ള ഓരോരുത്തരുടെയും കടമയാണ്, പണ്ട് ‘വാലന്റൈൻസ് ഡേ’ എന്നാൽ, ‘പൂവാലന്റൈൻസ് ഡേ’ ആണെന്ന് ആക്ഷേപിച്ചവരൊക്കെ ഇനി ബഹുമാനപുരസ്സരം ‘ഗോ വാലന്റൈസ് ഡേ’ എന്ന് പറയുന്ന കാലമായി.
തല്ലു കൊണ്ട് ചാകാൻ പേടിയുള്ളതു കൊണ്ട്, പശുവിനെ ആലിംഗനം ചെയ്യേണ്ടത് എങ്ങനെ? എന്ന ചോദ്യം നാട്ടിലെ പശു വളർത്തലുകാർ മുതൽ ഈ നിർദേശം മുന്നോട്ട് വച്ച സർക്കാരിനെ നയിക്കുന്ന പാർട്ടിക്കാരോട് വരെ ചോദിച്ചു. ആർക്കും അതേക്കുറിച്ച് ഒന്നുമറിയില്ല. എന്തിനും ഏതിനും ആശ്രയിച്ചിരുന്ന ഗൂഗിളാശാനോട് ചോദിച്ചു. അവിടെയും ഉത്തരം ‘നഹീന്ന് പറഞ്ഞാൽ നഹീ.’ എന്ത് ചെയ്യും എന്ന് ആലോചിച്ചിരിക്കുമ്പോഴാണ് നാട്ടിലെ പ്രധാന ഗോപാലൻ വർത്തമാനകാലത്തെ എൻസൈക്ലോപീഡിയ സജസ്റ്റ് ചെയ്തത്.
അങ്ങനെയാണ് ചാറ്റ് ജി പി ടിയോട് കാര്യങ്ങൾ ചോദിച്ചത്. ആദ്യ ഉത്തരം തന്നെ ഞെട്ടിച്ചു. വന്നത് ‘ജാഗ്രതൈ’ എന്ന നിർദ്ദേശമാണ്. വളർത്തുമൃഗമാണെങ്കിലും പശുവിന് കരുത്തുള്ള കാലുകളുണ്ട്, നല്ല കൊമ്പുകളും. അതു കൊണ്ട് സൂക്ഷിക്കണം എന്ന മുന്നറിയിപ്പാണ് ചാറ്റ് ജി പി ടി നൽകിയത്.
‘ഈസ് ഇറ്റ് സേഫ് ടു ഹഗ് എ കൗ?’ എന്ന ചോദ്യത്തിന് ചാറ്റ് ഗുരു വിശദമായ ഉത്തരമാണ് നൽകിയത്. പശുവിനെ ആലിഗംനം ചെയ്യുന്നത് അത്ര സുരക്ഷിതമല്ല. വലിയ മൃഗമാണ്. ഭാരമുള്ള മൃഗമാണ്. വളർത്തുമൃഗമാണെങ്കിലും അത് ആലിംഗനം ചെയ്യുന്നത് ശീലിച്ചിട്ടില്ല. (വീട്ടിലെ പട്ടിയെയും പൂച്ചയെയും പോലയല്ല പശുവെന്ന് മലയാളം) അതിനാൽ കെട്ടിപ്പിടിക്കാൻ ചെന്നാൽ പശുവിന് അത് അസ്വസ്ഥതയുണ്ടാക്കും. കൂടാതെ പശുവിന് കരുത്തേറിയ കാലുകളുണ്ട്, മൂർച്ചുള്ള കൊമ്പുകളുമുണ്ടാകാം, അതു കൊണ്ട് പശുവിനെ ജാഗ്രതയോടെയും ബഹുമാനത്തോടെയും വേണം പരിചരിക്കാൻ. പശുവിനോട് വേണമെങ്കിൽ സൗമ്യമായി സംസാരിക്കാം. തലയിലോ പുറത്തോ ഒക്കെ ശ്രദ്ധയോടെ മെല്ലെ തലോടാം. ഇതൊക്കെയെ ചെയ്യാവൂ എന്നാണ് ഉപദേശം. കെട്ടിപ്പിടിച്ചാൽ പണി പാളുമെന്ന് സാരം.
കാലിലിരിക്കുമോ കൊമ്പിലിരിക്കുമോ ആലിംഗനാചാരക്കാർ എന്ന് കെട്ടിപ്പിടിച്ച ശേഷം മാത്രമേ അറിയാൻ കഴിയൂ. ചുരുക്കി പറഞ്ഞാൽ സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട, ഇല്ലെങ്കിൽ മർമ്മത്ത് കിട്ടുന്നതും വാങ്ങി അവശേഷിക്കുന്ന ജീവിതകാലമുണ്ടെങ്കിൽ ആയുർഗോപാലമന്ത്രവും ജപിച്ച് കഴിയേണ്ടി വരുമെന്നാണ് ചാറ്റ് ജി പി ടി പറഞ്ഞതിലെ സാരം.

എന്നാലും മൃഗസ്നേഹി ഉണർന്നിരുന്നതിനാലും ഓസിന് കിട്ടുന്ന ഉപദേശമായതിനാലും അടുത്ത ചോദ്യം കൂടെ ചോദിച്ചു. ‘ഹൗ ടു ഹഗ് എ കൗ?’ സംഭവം എ ഐ ആണല്ലോ, തിരിച്ചും മറിച്ചും ചോദിച്ചാൽ ഫലം കിട്ടിയാലോ! മറുപടി ഇങ്ങനെയായിരുന്നു, ‘അടുക്കക്കൂടാത്.’
വലുതും കായബലമുള്ളതുമായ മൃഗമാണ് പശു. അതു കൊണ്ട് അവയെ ആലിംഗനം ചെയ്യുന്നത് താൻ ഒരിക്കലും ‘റെക്കമെൻഡ്’ ചെയ്യില്ലെന്നും സർവ്വവിഞ്ജാനകോശം വിശദമാക്കി. അവയോട് സൗമ്യമായ ശബ്ദത്തിൽ സംസാരിക്കുക, തലയിലും പുറത്തും മെല്ലെ തലോടുക. പശു വളർത്തുമൃഗമാണെങ്കിലും അവയക്ക് അസുഖകരമായി തോന്നിയാൽ അപ്രതീക്ഷിതമായ രീതിയിൽ പെരുമാറുമെന്നത് ആലിംഗനം ചെയ്യാൻ മുണ്ടും മടക്കിക്കുത്തി പോകുന്നവർ ഓർമ്മിക്കേണ്ട വളരെ പ്രധാനപ്പെട്ട കാര്യമാണ്.
അതൊക്കെ കൊണ്ട് പശുവിനെ കാണുമ്പോൾ ആലിംഗനം ചെയ്യാനോടരുത്, അതിനോട് ജാഗ്രതയോടെ ഇടപെടണം. പശുവിനെ ആദരിക്കാൻ ആലിംഗനം ചെയ്യലല്ല, അതിന്റെ പേഴ്സണൽ സ്പേസ് അഥവാ സ്വകാര്യതയെ ബഹുമാനിക്കണം എന്ന് ചാറ്റ് ജി പി ടി ഉപദേശിക്കുന്നു.
‘വാലന്റൈൻസ് ഡേ’ അഥവാ പ്രണയ ദിനമായ ഫെബ്രുവരി 14 ‘പശു ആലിംഗന ദിന’മായി ആചരിക്കാൻ കേന്ദ്ര നിർദേശം നൽകിയത് കഴിഞ്ഞ ദിവസമാണ്. കേന്ദ്ര മൃഗസംരക്ഷണ ബോർഡാണ് ‘കൗ ഹഗ് ഡേ’ എന്ന നിലയിൽ പ്രണയ ദിനം ആചരിക്കാനുള്ള നൂതനമാന പ്രണയദിന നിർദേശം മുന്നോട്ട് വച്ചത്. ലോകമെങ്ങും പ്രണയദിനം ആഘോഷിക്കുന്ന സമയത്ത് മൃഗങ്ങളോടുള്ള അനുകമ്പ വളർത്തുകയാണ് ഈ പശു ആലിംഗന പദ്ധതിയുടെ ലക്ഷ്യമെന്നാണ് ഔദ്യോഗിക നിലപാട്. മാത്രമല്ല, ഇന്ത്യൻ സംസ്കാരത്തിന്റെയും പ്രാദേശിക സമ്പദ്‌വ്യവസ്ഥയുടെയും നട്ടെല്ലാണ് പശുവെന്നും ബോർഡ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.