കണ്ണൂർ പയ്യന്നൂരിലെ പൊലീസുകാരനായ പ്രസോണിന്റെ വീടിനു മുന്നിലെത്തുന്നവർ ഒന്ന് അമ്പരക്കും. വീടിന്റെ മുകളിലതാ ഒരു വെള്ള സ്വിഫ്റ്റ് കാർ പാർക്ക് ചെയ്തിരിക്കുന്നു. ഇതെന്താ കാറ് പുരപ്പുറത്ത്, എങ്ങനെയാണ് ഇത് മുകളിലേക്ക് എത്തിച്ചത്? എന്നിങ്ങനെ നിരവധി സംശയങ്ങളും ഉയരുക സ്വാഭാവികം.
എന്നാൽ, അടുത്തു ചെല്ലുമ്പോൾ ആണ് കാര്യം പിടികിട്ടുക. വീടിനു മുകളിലെ ചിമ്മിനിയാണ് കാറിന്റെ രൂപത്തിൽ നിർമ്മിച്ചിരിക്കുന്നത്. പയ്യന്നൂർ സ്വദേശിയായ പിപി രാജീവ് ആണ് ഈ വേറിട്ട ചിമ്മിനിയൊരുക്കിയിരിക്കുന്നത്.
വീടിന്റെ പ്ലാൻ തയ്യാറാക്കിയപ്പോഴും, പണി തുടങ്ങിയപ്പോഴുമൊന്നും പ്ലാനിംഗിൽ ഇല്ലാതിരുന്ന ഒന്നാണ് ചിമ്മിനി എന്നത്. എന്നാൽ ചിമ്മിനി കൂടി ഉൾപ്പെടുത്താൻ തീരുമാനിച്ചതോടെ വീടിന്റെ മൊത്തത്തിലുള്ള ഡിസൈനുമായി ചേർന്നുപോവില്ലെന്നു തോന്നി. മാത്രമല്ല, അഭംഗിയാവുകയും ചെയ്യും. എന്നാൽ പിന്നെ, അൽപ്പം കലാപരമായി ഒരു ഐഡിയ നോക്കാമെന്ന് വീട്ടുകാരൻ തീരുമാനിച്ചതോടെയാണ് വേറിട്ട ഈ ചിമ്മിനി പിറന്നത്.
ചിമ്മിനിയും പുകക്കുഴലുമെല്ലാം ഈ കാർ ഡിസൈനിന്റെ പിറകിൽ സമർത്ഥമായി ഒളിപ്പിക്കാൻ ശിൽപ്പിക്കു കഴിഞ്ഞു. ഒപ്പം കാഴ്ചക്കാർക്ക് കൗതുകം സമ്മാനിക്കുന്ന ഒരു ഡിസൈൻ ഒരുക്കാനും. എന്തായാലും പുരപ്പുറത്ത് പാർക്ക് ചെയ്ത സ്വിഫ്റ്റ് കാർ ഇപ്പോൾ സോഷ്യൽ മീഡിയയിലും വൈറലാവുകയാണ്.
Read more: നിസ്സാരം അല്ല, പണി പാളി: അതേ സ്ഥലത്ത് കാർ പാർക്ക് ചെയ്യാൻ ശ്രമിച്ചപ്പോൾ- വീഡിയോ