കണ്ണുകളെയും തലച്ചോറിനെയും കബളിപ്പിക്കുന്ന മായക്കാഴ്ചകളും (ഒപ്റ്റിക്കല്‍ ഇല്ല്യൂഷന്‍) പസിലുകളും പോലെ നെറ്റിസണ്‍മാരെ ആവേശം കൊള്ളിക്കുന്ന മറ്റൊന്നില്ല. ചിത്രങ്ങളില്‍ മറഞ്ഞിരിക്കുന്നവ കണ്ടെത്തുന്നത് ആളുകളെ ഓണ്‍ലൈനില്‍ ആകര്‍ഷിക്കുന്ന ഏറ്റവും കൗതുകകരമായ ജോലികളിലൊന്നാണ്.
മറഞ്ഞിരിക്കാനുള്ള ചില ജീവികളുടെ കഴിവ് സവിശേഷമാണ്. പ്രകൃതിക്കനുസരിച്ച് നിറവും രൂപവും മാറി ഇത്തരത്തില്‍ ഒളിഞ്ഞിരിക്കുന്ന ജീവികള്‍ ഒട്ടേറെയുണ്ട്. ഈ കഴിവ് ശത്രുക്കളില്‍നിന്നു രക്ഷപ്പെടാനും ഇര പിടിക്കാനും അവയെ പ്രാപ്തമാക്കുന്നു.
ഇത്തരത്തില്‍ മറഞ്ഞിരിക്കുന്ന ഒരു കൂട്ടം തവളകളുടെ ചിത്രം സമൂഹമാധ്യമമായ റെഡ്ഡിറ്റില്‍ ഉപയോക്താക്കളുടെ തല പുകയ്ക്കുകയാണ്. ചിത്രത്തില്‍ യഥാര്‍ത്ഥത്തില്‍ എത്ര തവളകളുണ്ടെന്നു കണ്ടെത്താന്‍ ആളുകള്‍ പാടുപെടുകയാണ്.
റെഡ്ഡിറ്റ് ഉപഗ്രൂപ്പായ ഹിഡന്‍ ഇമേജസില്‍ പോസ്റ്റ് ചെയ്ത ചിത്രത്തില്‍, കാടിനുള്ളിലെ ഒരിടത്ത് മരക്കൊമ്പുകള്‍, ചില്ലകള്‍, കല്ലുകള്‍, ഇലകള്‍ എന്നിവയാണ് പെട്ടെന്നു കാണുക. എന്നാല്‍ ‘ജീവനുള്ള നിലം’ എന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.
Also Read: ഫുഡ് ഡെലിവറി ജീവനക്കാരന് പൊലീസിന്റെ മര്‍ദനം; ഓണ്‍ലൈന്‍ പ്രതിഷേധത്തിന് പിന്നാലെ സസ്പെന്ഷന്
ചിത്രം സൂക്ഷ്മമായി പരിശോധിച്ചാല്‍, ഉണങ്ങിയ ഇലകള്‍ക്കും മരക്കമ്പുകള്ക്കുമിടയില് തവളകള്‍ സ്വയം മറഞ്ഞിരിക്കുന്നതായി കാണാം. എന്നാല്‍ ചിത്രത്തില്‍ എത്രയെണ്ണത്തെ കാണാന്‍ കഴിയുമെന്നതായിരുന്നു എല്ലാവരെയും കുഴപ്പിച്ച ചോദ്യം.
തവളകളുണ്ടെന്ന് ഒറ്റനോട്ടത്തില്‍ തിരിച്ചറിയാന്‍ കഴിയില്ലെന്നു ഭൂരിഭാഗം പേരും കമന്റ് ചെയ്തപ്പോള്‍ ചിലര്‍ അവയെ കണ്ടെത്താന്‍ പാടുപെട്ടു. ചിത്രത്തില്‍ അഞ്ച് തവളകളുണ്ടെന്ന് പോസ്റ്ററില്‍ പറഞ്ഞതിനാല്‍ എങ്ങനെയെങ്കിലും അവയെ കണ്ടെത്താനായി ചിലരുടെ ശ്രമം. ഒറ്റനോട്ടത്തില്‍ മൂന്ന് തവളകള്‍ ഒളിഞ്ഞിരിക്കുന്നത് എളുപ്പത്തില്‍ കണ്ടെത്തനായതായി ചിലര്‍ കമന്റ് ചെയ്തു. ഇനി നിങ്ങള്‍ ശ്രമിച്ചുനോക്കൂ, എത്ര തവളകളെ കണ്ടെത്താന്‍ കഴിയുമെന്ന്.