പണം ചോദിച്ചെത്തിയ ആൾക്ക് ബാങ്ക് കാർഡും പിൻ നമ്പരും കൊടുത്ത് പണം പിൻവലിച്ചോളാൻ പറഞ്ഞ യുവാവിനെക്കുറിച്ചാണ് സോഷ്യൽ മീഡിയയിലെ സംസാരം. യുകെയിലെ ന്യൂകാസ്റ്റിലിലാണ് സംഭവം. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയ വഴി പുറത്തുവന്നിട്ടുണ്ട്.

ന്യൂകാസ്റ്റിലിലെ ഹാരിസ് ബാറിനു മുൻപിൽ സുഹൃത്തുക്കൾക്കൊപ്പം ഇരിക്കുകയായിരുന്നു യുവാവ്. ഈ സമയത്താണ് അപരിചിതനായ ഒരാൾ പണം ചോദിച്ചെത്തിയത്. ഉടൻ തന്നെ യുവാവ് ബാങ്ക് കാർഡും പിൻ നമ്പരും നൽകി പണം പിൻവലിച്ചോളാൻ പറഞ്ഞു. 20 പൗണ്ട് പിൻവലിച്ചോളാനാണ് യുവാവ് പറഞ്ഞത്. കാർഡുമായി പോയയാൾ യുവാവ് പറഞ്ഞ തുക പിൻവലിച്ചശേഷം കാർഡും രസീതും തിരികെ ഏൽപ്പിച്ചു. യുവാവിന് ഹസ്തദാനം നൽകിയശേഷമാണ് അയാൾ മടങ്ങിപ്പോയത്. ബാറിന് സമീപത്തായി നൈറ്റ്‌ക്ലബിൽ ജോലി ചെയ്യുന്ന ജാക് ഫദ എന്ന യുവാവാണ് സംഭവത്തിന്റെ വീഡിയോ ഫെയ്സ്ബുക്കിൽ ഷെയർ ചെയ്തത്

”ആ പ്രദേശത്ത് വീടില്ലാതെ തെരുവുകളിൽ കിടന്നുറങ്ങുന്ന നിരവധി പേരുണ്ട്. അവർ എപ്പോഴും പണം ആവശ്യപ്പെട്ട് ആളുകളെ സമീപിക്കാറുണ്ട്. അന്ന് ഒരാൾ ബാറിലിരുന്ന ഒരു കൂട്ടം പേരുടെ അടുത്തേക്ക് പണം ചോദിച്ചു ചെന്നു. അതിലൊരാൾ തന്റെ കൈയ്യിൽ പണമില്ലെന്നും ബാങ്ക് കാർഡും പിൻ നമ്പരും തരാമെന്നു, 20 പൗണ്ട് പിൻവലിച്ചോളൂ എന്നും പറഞ്ഞു. ഇതു കേട്ടതും എനിക്ക് വിചിത്രമായി തോന്നി. ഉടൻ തന്നെ ഞാൻ ഫോണിൽ റെക്കോർഡ് ചെയ്യാൻ തുടങ്ങി. മാസങ്ങൾക്കു മുൻപാണ് സംഭവം നടന്നത്. അപരിചിതനായ ഒരാൾക്ക് ബാങ്ക് കാർഡും പിൻ നമ്പരും പറഞ്ഞു കൊടുത്ത് യുവാവിന്റെ നല്ല മനസ് ലോകം മുഴുവൻ കാണാനാണ് വീഡിയോ ഇപ്പോൾ ഷെയർ ചെയ്തത്,” 27 കാരനായ ജാക് മിററിനോട് പറഞ്ഞു.

വീഡിയോ ഇതിനോടകം 1.6 ലക്ഷം ആളുകൾ കണ്ടു കഴിഞ്ഞു. നൂറുകണക്കിന് കമന്റുകളാണ് വീഡിയോയ്ക്ക് വരുന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Social news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ