ഇന്ദ്രൻസ്, മഞ്ജുപിള്ള എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി റോജിൻ തോമസ് സംവിധാനം ചെയ്ത ‘ഹോം’ എന്ന ചിത്രം മികച്ച പ്രതികരണമാണ് നേടികൊണ്ടിരിക്കുകയാണ്. ആമസോൺ പ്രൈം വീഡിയോയിലാണ് ചിത്രം റിലീസിനെത്തിയത്.
ചിത്രത്തിൽ ഒലിവർ ട്വിസ്റ്റ് എന്ന നായകനെ ഇന്ദ്രൻസ് അവതരിപ്പിച്ചപ്പോൾ ഒലിവർ ട്വിസ്റ്റിന്റെ ഭാര്യ കുട്ടിയമ്മ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് മഞ്ജു പിള്ളയാണ്. ഇരുവരുടെയും പ്രകടനവും ചിത്രത്തിന്റെ പ്രമേയവുമൊക്കെ ഇതിനകം തന്നെ പ്രേക്ഷക പ്രീതി നേടി കഴിഞ്ഞു. സോഷ്യൽ മീഡിയയിൽ എങ്ങും ചിത്രത്തെ കുറിച്ചുള്ള വിശേഷങ്ങളും ആസ്വാദനകുറിപ്പുകളും നിറയുകയാണ്.
അതിനിടയിലിതാ, ഇന്ദ്രൻസിന്റെയും മഞ്ജു പിള്ളയുടെയും ഒരു പഴയകാല ചിത്രമാണ് ട്രോളന്മാർ ആഘോഷമാക്കുന്നത്. “ഒലിവർ ട്വിസ്റ്റിന്റെയും കുട്ടിയമ്മയുടെയും വിവാഹ ഫോട്ടോ,” എന്ന ക്യാപ്ഷനോടെയാണ് ഈ ചിത്രം വൈറലാവുന്നത്.


വർഷങ്ങൾക്കു മുൻപ് ‘നീ വരുവോളം’ എന്ന ചിത്രത്തിൽ ഭാര്യാഭർത്താക്കന്മാരായി ഇന്ദ്രൻസും മഞ്ജുപിള്ളയും വേഷമിട്ടിരുന്നു. ഈ സിനിമയിൽ നിന്നുള്ള ഒരു കല്യാണഫോട്ടോയാണ് ട്രോളന്മാർ ഏറ്റെടുത്തിരിക്കുന്നത്.