ഗൃഹലക്ഷ്മിയുടെ മുലയൂട്ടല്‍ മുഖചിത്രം സൃഷ്ടിച്ച വിവാദത്തിന്റെ തീ കെട്ടടങ്ങിയിട്ട് അധികനാളായിട്ടില്ല. ഇപ്പോഴിതാ മറ്റൊരു മുലയൂട്ടലാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. ഹോക്കി മത്സരത്തിന്റെ ഇടവേളയ്ക്കിടെ കുഞ്ഞിനെ മുലയൂട്ടുന്ന താരത്തിന്റെ ചിത്രമാണ് സോഷ്യല്‍ മീഡിയയുടെ കയ്യടി നേടുന്നത്.
സേറാ സ്മാള്‍ എന്ന ഹോക്കി താരമാണ് കളിക്കിടെയുള്ള ഇടവേളയ്ക്കിടെ കുഞ്ഞിന് മുലയൂട്ടിയത്. ഏട്ടാഴ്ച്ച മാത്രം പ്രായമുള്ള കുഞ്ഞിന് പാല് നല്കുന്ന സേറയുടെ ചിത്രം അമ്മയാണ് ക്യാമറയില്‍ പകര്‍ത്തിയത്. മില്‍ക്കി വേ ലാക്റ്റേഷന്‍ സര്‍വ്വീസ് എന്ന പേജിലൂടെയാണ് ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായത്.
”കളിയ്ക്കിടെ എനിക്ക് മുല ചുരത്തണമെന്ന് തോന്നി. ഇടവേള സമയത്ത് ഞാനെന്റെ എട്ട് ആഴ്ച പ്രായമുള്ള കുട്ടിയെ മുലയൂട്ടി. അമ്മയാവുക എന്നത് മനോഹരമാണ്. എന്റെ കുട്ടിയുടെ ആവശ്യങ്ങള്‍ നിറവേറ്റുകയും എനിക്ക് ഇഷ്ടമുള്ളത് ചെയ്യുകയും ചെയ്യുന്നത് എനിക്ക് ഒരുപാട് സന്തോഷം തരുന്ന കാര്യമാണ്. എന്റെ ശരീരത്തെ ഞാന്‍ ഏറ്റവും കൂടുതല്‍ അഭിനന്ദിച്ചത് ഇന്നാണ്.” സേറ പറയുന്നു.