സിക്സടിക്ക് പേരുകേട്ട താരമാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സ്വന്തം ക്യാപ്റ്റന്‍ രോഹിത് ശര്‍മ. എന്നാല്‍ രോഹിതിന്റെ കൈവശം ബാറ്റിങ് മികവ് മാത്രമല്ല അല്‍പ്പം ഡാന്‍സുമുണ്ട്.
രോഹിതും പത്നി റിതികയും ചുവടുകള്‍ വയ്ക്കുന്ന വീഡിയോയാണ് ട്വിറ്ററില്‍ ശ്രദ്ധ നേടുന്നത്. റിതികയുടെ സഹോദരന്‍ കുനാലിന്റെ വിവാഹ ചടങ്ങിലാണ് ഇരുവരും ഡാന്‍സുമായി എത്തിയതെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍.
രോഹിതിന്റെ ഡാന്‍സിന് വലിയ സ്വീകാര്യത തന്നെ ആരാധകരില്‍ നിന്ന് ലഭിക്കുകയും ചെയ്തിട്ടുണ്ട്. ഹിറ്റ്മാന്‍ അദ്ദേഹത്തിന്റെ ഏറ്റവും മികച്ച സ്റ്റെപ്പുകളിടുന്നു എന്നാണ് ഒരാള്‍ കമന്റ് ചെയ്തിരിക്കുന്നത്.
ക്രിക്കറ്റില്‍ രോഹിതിന്റെ ഷോട്ടുകള്‍ വര്‍ണിക്കും വിധവും ചിലര്‍ കമന്റ് ചെയ്തിട്ടുണ്ട്. രോഹിതിന്റെ ഫുട്ട് വര്‍ക്ക് കൊള്ളാം, എങ്കിലും ലെഗ് സൈഡിലേക്കാണ് ആധിപത്യമുള്ളത്. കൈകള്‍ ശരീരത്തോട് ചേര്‍ന്നാണ്, അതും നല്ലത്. തല നേരെ തന്നെ നില്‍ക്കുന്നു, ഇതൊരു മാസ്റ്റര്‍ ക്ലാസ് സംഭവം തന്നെ, മറ്റൊരാള്‍ കുറിച്ചു.
ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ നിന്ന് രോഹിത് വിട്ടു നിന്നിരുന്നു. വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാണിച്ചായിരുന്നു രോഹിത് പിന്‍വാങ്ങിയത്. രോഹിതിന്റെ അഭാവത്തില്‍ ഹാര്‍ദിക് പാണ്ഡ്യയാണ് ടീമിനെ നയിക്കുന്നത്. ഓസ്ട്രേലിയയെ സ്റ്റീവ് സ്മിത്തും.