ആദ്യന്തരമന്ത്രി അമിത് ഷായുടെ, ഹിന്ദി ദേശീയ ഭാഷയാക്കണം എന്ന പരാമർശം നിരവധി വിവാദങ്ങൾക്കും ചർച്ചകൾക്കും വഴിയൊരുക്കിയിരുന്നു. ബിജെപി നേതാക്കൾ ഉൾപ്പെടെയുള്ളവർ ഇതിനെതിരെ രംഗത്തെത്തുകയും ചെയ്തു. ഇപ്പോൾ വിഷയത്തിൽ പരിഹാസവുമായെത്തിയിരിക്കുന്നത് ഇന്ത്യൻ ഇംഗ്ലീഷ് എഴുത്തുകാരിയും മലയാളിയുമായ അനിത നായരാണ്.

വാട്സ്ആപ്പിലൂടെ ലഭിച്ച വീഡിയോ പങ്കുവച്ചാണ് അനിത നായരുടെ പരിഹാസം. തേങ്ങയെക്കുറിച്ച് ഹിന്ദിയും മലയാളവും കൂടിക്കലർന്നുളള വോയ്സ് ഓവറും വീഡിയോയ്ക്കൊപ്പമുണ്ട്. ചിരിച്ചുകൊണ്ട് ഒരു ദിവസം തുടങ്ങാമെന്നും പോസ്റ്റിനൊപ്പം അനിത നായർ കുറിച്ചിട്ടുണ്ട്.

അതേസമയം, അമിത് ഷായുടെ ഹിന്ദി ഭാഷയെക്കുറിച്ചുള്ള പ്രസ്താവനയ്‌ക്കെതിരെ ദക്ഷിണേന്ത്യയില്‍ നിന്നുള്ള പ്രതിഷേധങ്ങള്‍ ശക്തമായി. കര്‍ണാടക മുഖ്യമന്ത്രി യെഡിയൂരപ്പ ട്വിറ്ററിൽ പ്രതിഷേധമറിയിച്ച് രംഗത്തെത്തി. കര്‍ണാടകയില്‍ കന്നഡ സംസാരിക്കുന്നതിന്റെ പ്രാധാന്യത്തെ കുറിച്ചുള്ളതാണ് യെഡിയൂരപ്പയുടെ ട്വീറ്റ്.

ഹിന്ദി ഇന്ത്യയുടെ പ്രഥമ ഭാഷയാക്കണമെന്ന ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രസ്താവനയ്ക്കെതിരെയാണ് കർണാടക മുഖ്യമന്ത്രി യെഡിയൂരപ്പ രംഗത്തെത്തിയത്. കര്‍ണാടക സര്‍ക്കാര്‍ സംസ്ഥാനത്ത് കന്നഡ പ്രോത്സാഹിപ്പിക്കാന്‍ പ്രതിജ്ഞാബദ്ധരാണെന്നും അതിന്റെ പ്രാധാന്യത്തെ ഇല്ലാതാക്കുന്ന ഒരു കാര്യത്തിനും തയ്യാറല്ലെന്നും അതില്‍ വിട്ടുവീഴ്ചയില്ലെന്നും അദ്ദേഹം പറഞ്ഞു.

”നമ്മുടെ രാജ്യത്തെ എല്ലാ ഔദ്യോഗിക ഭാഷകളും തുല്യമാണ്. കര്‍ണാടകയെ സംബന്ധിച്ച് കന്നഡയാണ് പ്രധാന ഭാഷ. അതിന്റെ പ്രധാന്യത്തില്‍ ഞങ്ങള്‍ വിട്ടുവീഴ്ച ചെയ്യില്ല. ഞങ്ങളുടെ സംസ്ഥാനത്തിന്റെ സംസ്‌കാരവും കന്നഡയും പ്രചരിപ്പിക്കുന്നതില്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്” ഇതായിരുന്നു യെഡിയൂരപ്പയുടെ ട്വീറ്റ്.

ട്വീറ്റില്‍ ഹിന്ദിയെക്കുറിച്ചോ അമിത് ഷായുടെ ഒരു രാഷ്ട്രം, ഒരു ഭാഷ പരാമര്‍ശത്തെക്കുറിച്ചോ യെഡിയൂരപ്പ എടുത്ത് പറഞ്ഞില്ലെങ്കിലും നിലവിലെ സാഹചര്യത്തില്‍ അമിത് ഷായുടെ പ്രസ്താവനയെ തള്ളുന്നതാണ് യെഡിയൂരപ്പയുടെ ട്വീറ്റ്.

ഹിന്ദി ഇന്ത്യയുടെ പ്രാഥമിക ഭാഷയാക്കണമെന്നും ഇന്ത്യയെ ഒന്നിപ്പിക്കാന്‍ ഒരു ഭാഷയ്ക്ക് കഴിയുമെങ്കില്‍ അത് വ്യാപകമായി സംസാരിക്കുന്ന ഹിന്ദിക്കാണെന്നുമായിരുന്നു അമിത് ഷായുടെ പരാമര്‍ശം. ഇതിനെതിരെ ദക്ഷിണേന്ത്യയില്‍ നിന്നും ശക്തമായ പ്രതിഷേധമാണ് ഉയർന്നത്. തമിഴ്‌നാട്, കേരള, കര്‍ണാടക സംസ്ഥാനങ്ങളിലെ പ്രധാന നേതാക്കളെല്ലാം ഷായുടെ പ്രസ്താവനയ്‌ക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook