‘ചുരുണ്ട് കിടന്നുറങ്ങുന്ന ഭീകരജീവി’ എന്ന അടിക്കുറിപ്പോടെ സോഷ്യൽ മീഡിയയില്‍ ഒരു വീഡിയോ വൈറലായി മാറി. രണ്ട് സഞ്ചാരികള്‍ ഒരു മലയിടുക്കില്‍ നിന്നും പകര്‍ത്തിയ വീഡിയോ ആണ് പ്രചരിച്ചത്. മെക്സിക്കോയിലെ അലാമോസിലെ കുന്നിന്‍ മുകളില്‍ ട്രക്കിങ്ങിന് എത്തിയ രണ്ട് പേരാണ് വീഡിയോ പകര്‍ത്തിയിരിക്കുന്നത്. ഒരു ഗുഹയുടെ മൂലയ്ക്ക് ചുരുണ്ട് കൂടി ഉറങ്ങുന്ന രോമാവൃതമായ ജീവിയെന്നാണ് വീഡിയോ പകർത്തിയവർ കരുതിയത്.

‘രോമങ്ങളൊക്കെ ഉളള ഈ ജീവി എന്താണെന്ന് അറിയില്ല. പക്ഷെ അത് കിടന്നുറങ്ങുകയാണെന്ന് തോന്നുന്നു,’ വീഡിയോയില്‍ ഒരാള്‍ പറയുന്നു. തുടര്‍ന്ന് എന്ത് ജീവിയാണ് അതെന്ന് അറിയാനായി യാത്രക്കാരില്‍ ഒരാള്‍ കമ്പ് കൊണ്ട് അതിനെ തൊട്ടു. അപ്പോള്‍ മാത്രമാണ് അത് ചിലന്തികൾ കൂട് കൂട്ടിയ വലയാണെന്ന് തിരിച്ചറിഞ്ഞത്. വടി കൊണ്ട് തൊട്ടപ്പോള്‍ ചിലന്തിവല പൊട്ടി താഴെ വീഴുകയും ചിലന്തികള്‍ പുറത്തേക്ക് വരികയും ചെയ്തു.

സെല്ലാര്‍ സ്പൈഡേഴ്സ്/ ഡാഡി ലോങ് ലെഗ്സ് എന്ന് അറിയപ്പെടുന്ന ചിലന്തി വിഭാഗമാണിത്. വിഷമില്ലാത്ത ഇത്തരം ചിലന്തികള്‍ പൊതുവെ ഗുഹകളിലും പൊത്തുകളിലും ചതുപ്പ് പ്രദേശങ്ങളിലും ആണ് കാണപ്പെടാറുളളത്. 20 ലക്ഷത്തോളം പേരാണ് വീഡിയോ റീട്വീറ്റ് ചെയ്തിരിക്കുന്നത്. അതേസമയം, ചിലന്തിവല പൊട്ടിച്ച സഞ്ചാരികള്‍ക്കെതിരെ വിമര്‍ശനവും ഉയര്‍ന്നു. ചിലന്തികളെ അവയുടെ വഴിക്ക് വിടാതെ വല പൊട്ടിച്ചത് ശരിയായില്ലെന്ന് പലരും കമന്റ് ചെയ്തു. അപകടത്തില്‍ പെടുമ്പോള്‍ സ്വന്തം കാല് പൊഴിച്ച് മാറ്റി രക്ഷപ്പെടുന്ന ഇത്തരം ജീവികളെ ഉപദ്രവിക്കരുതെന്ന് ചിലര്‍ കുറിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook