Latest News

‘ഹീ ഈസ് മൈ സണ്‍’, സ്‌നേഹത്തില്‍ പൊതിഞ്ഞ മധുരം നല്‍കി രാജമ്മ; ആശ്ലേഷിച്ച് രാഹുല്‍ ഗാന്ധി

തന്നെ ഓരോ തവണയും രാജമ്മ ‘അവരുടെ മകന്‍’ എന്ന് വിളിക്കുമ്പോള്‍ സ്‌നേഹവും വാത്സല്യവും ഹൃദയത്തെ സ്പര്‍ശിക്കുന്നുവെന്ന് രാഹുൽ ഫെയ്‌സ്‌ബുക്കിൽ കുറിച്ചു

Rahul Gandhi, Rahul Gandhi in Wayanad, Rahul Gandhi's visit Wayanad, Wayanad nurse meets Rahul Gandhi, Wayanad nurse meets Rahul Gandhi viral video Indian express malayalam, ie malayalam

തന്നെ ആദ്യമായി കൈകളിലെടുത്ത രാജമ്മയുമായുള്ള കൂടിക്കാഴ്ചയുടെ ഹൃദയസ്പര്‍ശിയായ വീഡിയോ പങ്കുവച്ച് രാഹുല്‍ ഗാന്ധി എംപി. രാഹുൽ തന്റെ രണ്ടു ദിവസത്തെ വയനാട് മണ്ഡലം സന്ദര്‍ശനത്തിനിടെ ഇന്നലെയാണ് രാജമ്മയെ കാണാനെത്തിയത്. രാഹുലിനെ ‘തന്റെ മകന്‍’ എന്ന് വിശേഷിപ്പിച്ച രാജമ്മ അദ്ദേഹത്തിനു മധുരപലഹാരങ്ങള്‍ നല്‍കി. പകരം രാഹുല്‍ സ്‌നേഹം കൊണ്ട് മൂടി.

ബത്തേരി നായ്ക്കട്ടി സ്വദേശിയായ രാജമ്മ വാവാട്ടില്‍ തന്റെ ഇരുപത്തി മൂന്നാം വയസില്‍ ഡല്‍ഹിയിലെ ഹോളിക്രോസ് ആശുപത്രിയില്‍ നഴ്‌സായി ജോലിചെയ്യുമ്പോഴായിരുന്നു രാഹുലിന്റെ ജനനം. 1970 ജൂണ്‍ 19ന് ജനിച്ച രാഹുലിനെ സ്വന്തം മാതാവും പിതാവും കാണുന്നതിനു മുൻപ് ചേര്‍ത്തുപിടിച്ചത് രാജമ്മയാണ്.

ഇന്നലെ രാജമ്മയുടെ വീടിനു മുന്നില്‍ വച്ച് കാറിലിരുന്നുകൊണ്ടാണ് രാഹുല്‍ ഗാന്ധി അവരോട് സംസാരിച്ചത്. രാഹുല്‍ തന്റെ മകനാണെന്നും തന്റെ മുന്നില്‍ ജനിച്ചതിനാല്‍ മറ്റാരെക്കാളും മുന്‍പേ താനാണു കണ്ടതെന്നും ആ സ്ഥാനം താനാര്‍ക്കും കൊടുക്കില്ലെന്നും രാജമ്മ സുരക്ഷാ ഉദ്യോഗസ്ഥരോട് പറഞ്ഞു.

മധുരം നല്‍കിയതിനു നന്ദി പറഞ്ഞ രാഹുല്‍ കാറിലിരുന്നുകൊണ്ടു തന്നെ രാജമ്മയെ ചേര്‍ത്തുപിടിക്കുകയും ആശ്ലേഷിക്കുകയും ചെയ്തു. രാഹുലിനോട് അമ്മയെക്കുറിച്ചും സഹോദരിയെക്കുറിച്ചും അന്വേഷിച്ച രാജമ്മ അവരോട് തന്റെ അന്വേഷണം പറയാനും പറഞ്ഞു. തന്റെ വീട്ടില്‍നിന്ന് ഒരുപാട് സാധനങ്ങള്‍ നല്‍കാനുണ്ടെന്നു പറഞ്ഞ രാജമ്മ എന്നാല്‍ രാഹുലിനു സമയക്കുറവുണ്ട് എന്നതു താന്‍ അംഗീകരിക്കുന്നുവെന്നും കൂട്ടിച്ചേര്‍ത്തു.

ഇതിനിടെ തന്റെ വീട് രാജമ്മ രാഹുലിനു കാണിച്ചുകൊടുത്തു. നല്ല വീടെന്നായിരുന്നു രാഹുലിന്റെ മറുപടി. ‘താങ്ക് യു വെരിമച്ച് മൈ സ്വീറ്റ് ഹാര്‍ട്ട്’ എന്നു പറഞ്ഞുകൊണ്ടാണ് രാജമ്മ സംഭാഷണം അവസാനിപ്പിക്കുന്നത്. സൂക്ഷിക്കണമെന്നു രാഹുലും പറഞ്ഞു.

രാജമ്മയുമായുള്ള കൂടിക്കാഴ്ചയുടെ വിഡിയോ രാഹുല്‍ ഗാന്ധി ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചു.

”ഞാന്‍ ജനിച്ച ഡല്‍ഹി ഹോളി ഫാമിലി ഹോസ്പിറ്റലില്‍ നഴ്‌സായിരുന്ന രാജമ്മ അമ്മയെ കണ്ടുമുട്ടുന്നത് എപ്പോഴും സന്തോഷകരമാണ്. ഓരോ തവണയും അവര്‍ എന്നെ ‘അവരുടെ മകന്‍’ എന്ന് വിളിക്കുമ്പോള്‍ സ്‌നേഹവും വാത്സല്യവും എന്റെ ഹൃദയത്തെ സ്പര്‍ശിക്കുന്നു. എന്റെ വയനാട് സന്ദര്‍ശനത്തിനിടെ ഇന്നലെ അവരെ കണ്ടു. രാജമ്മ അമ്മ, ഞാന്‍ എപ്പോഴും നിങ്ങളുടെ അനുഗ്രഹം തേടും,” രാഹുല്‍ വിഡിയോയ്‌ക്കൊപ്പം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

Rahul Gandhi, Rahul Gandhi in Wayanad, Rahul Gandhi's visit Wayanad, Wayanad nurse meets Rahul Gandhi, Wayanad nurse meets Rahul Gandhi viral video Indian express malayalam, ie malayalam

എംപിയായി തിരഞ്ഞെടുക്കപ്പെട്ടതിനെത്തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ജൂണിലും രാഹുല്‍ ഗാന്ധിയെ രാജമ്മ കണ്ടിരുന്നു. ഭര്‍ത്താവിനും കൊച്ചുമക്കള്‍ക്കും ഒപ്പമാണ് രാജമ്മ അന്ന് രാഹുല്‍ ഗാന്ധിയെ കാണാന്‍ കല്‍പ്പറ്റ പിഡബ്ല്യുഡി റസ്റ്റ് ഹൗസില്‍ എത്തിയത്. താനുണ്ടാക്കിയ ചക്ക വറുത്തതും മധുരപരലഹാരങ്ങളുമായി എത്തിയ രാജമ്മയെ ചേര്‍ത്തുപിടിച്ചാണ് രാഹുല്‍ സ്വീകരിച്ചത്. കണ്ണുനിറഞ്ഞ് കൊണ്ടാണ് രാജമ്മ രാഹുലിന് മുമ്പില്‍ നിന്നത്.

സൈനിക ആശുപത്രിയിലെ നഴ്‌സ് ജോലിയില്‍നിന്നു വിരമിച്ച എഴുപത്തിയൊന്നുകാരിയായ രാജമ്മയും കുടുംബവും നായ്ക്കട്ടിയിലെ വീട്ടിലാണു താമസം. വാവത്തില്‍ രാജപ്പനാണു ഭര്‍ത്താവ്. സൈനിക ആശുപത്രിയില്‍ ലാബ് ടെക്‌നീഷ്യനുമായ രാജപ്പനുമായുള്ള വിവാഹത്തോടെയാണ് രാജമ്മയ്ക്ക് അവിടെ ജോലി ലഭിച്ചത്. ഏകമകന്‍ രാജേഷും മരുമകള്‍ സിന്ധുവും കുവൈത്തിലാണ്.

Also Read: ‘അച്ഛൻ വഴക്കുപറയുമ്പോൾ പക്കുഡൂസൻ വിഷമിക്കുന്നെന്തിനാ’, നായക്കുട്ടിയുമായൊരു കോമ്പ്രമൈസ് ടോക്ക്; വീഡിയോ

Get the latest Malayalam news and Social news here. You can also read all the Social news by following us on Twitter, Facebook and Telegram.

Web Title: Hes my son says nurse from wayanad hands over sweets to rahul gandhi viral video

The moderation of comments is automated and not cleared manually by malayalam.indianexpress.com