വെയിറ്റ് ലിഫ്റ്റിങ്ങിലെ മികവു കൊണ്ട് സോഷ്യൽ മീഡിയ സെൻസേഷനായി മാറുകയാണ് ഹരിയാന സ്വദേശിയായ എട്ടുവയസ്സുകാരി ആർഷിയ ഗോസ്വാമി. ആറു വയസ്സിൽ 45 കിലോ ഭാരം ഉയർത്തി പ്രായം കുറഞ്ഞ ഡെഡ് ലിഫ്റ്റർ റെക്കോർഡ് സ്വന്തമാക്കിയിട്ടുണ്ട് ഈ മിടുക്കി. ഒളിമ്പിക്ക് മെഡലാണ് ആർഷിയയുടെ സ്വപ്നം. ഇന്ത്യ ബുക്ക് ഓഫ് റിക്കോർഡ്സിലിടം നേടിയ ആർഷിയയുടെ വീഡിയോ നെറ്റിസൺസിന്റെ ശ്രദ്ധ നേടുകയാണ്.
അറുപത് കിലോ ഉയർത്തുന്ന വീഡിയോയാണ് ആർഷിയ കഴിഞ്ഞ ദിവസം പങ്കുവച്ചത്. ഒളിമ്പിക്ക് മെഡൽ ജേതാവായ മീരാഭായ് ചാനു ആണ് ആർഷിയയുടെ പ്രചോദനമെന്നാണ് പിതാവ് ഗോസ്വാമി പറയുന്നത്. “എനിക്ക് വെയ്റ്റ് ലിഫ്റ്റിങ്ങ് ഒരുപാട് ഇഷ്ടമാണ്, അത് ഞാൻ ആസ്വദിക്കുന്നുമുണ്ട്. ഇന്ന് രാജ്യത്തെ പ്രായം കുറഞ്ഞ വെയ്റ്റ് ലിഫ്റ്റാണ് ഞാൻ. മീരാഭായ് ചാനു ആണ് എന്റെ പ്രചോദനം, ഇന്ത്യയ്ക്കു വേണ്ടി സ്വർണ്ണ മെഡൽ നാളെ ഞാനും നേടും,” ആർഷിയ പറയുന്നു.
തൈക്കോണ്ടോ, പവർലിഫ്റ്റിങ്ങ് എന്നതിലും ആർഷിയയ്ക്ക് താത്പര്യമുണ്ട്. ഫിറ്റ്നസ് ട്രെയിനറായ പിതാവിനൊപ്പം സ്ഥിരമായ വ്യായാമം ചെയ്തു തുടങ്ങിയതു വഴിയാണ് ആർഷിയ ഈ മേഖലയിലെത്തുന്നത്. തുടർന്ന് ഡെഡ് ലിഫ്റ്റിങ്ങ് പരിശീലിച്ച ആർഷിയ, ആറു വയസ്സിൽ 45 കിലോ ഭാരം ഉയർത്തി. സംസ്ഥാന വെയ്റ്റ് ലിഫ്റ്റിങ്ങ് മത്സരത്തിൽ വെങ്കലം നേടിയിട്ടുണ്ട് ഈ മിടുക്കി. “വയസ്സ് ഒരു നമ്പർ മാത്രമാണെന്ന് ഈ എട്ടുവയസ്സിൽ തെളിയിക്കുകയാണ് ഞാൻ”
ഭാരം ഉയർത്തുന്ന കുട്ടിയുടെ വീഡിയോ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. എന്തൊരു കരുത്താണിത്, നിങ്ങളുടെ കണ്ണിലെ ആത്മവിശ്വാസം എന്നെ പ്രോത്സാഹിപ്പിക്കുന്നു തുടങ്ങിയ അഭിനന്ദന കമന്റുകളാണ് പോസ്റ്റിനു താഴെ നിറയുന്നത്.