ഹർത്താലുകളുടെ സ്വന്തം നാടായി കേരളം മാറുകയാണ്. എന്തിനു ഏതിനും ഹർത്താൽ. ഇതുകൊണ്ട് പൊല്ലാപ്പാട് പെടുന്നതോ സാധാരണക്കാരായ പാവം ജനങ്ങളും. പാവപ്പെട്ടവരുടെ കഷ്ടപ്പാട് അറിയണമെങ്കിൽ തൃശൂരിൽ ഹർത്താൽ അനുകൂലികൾ തകർത്ത ഓട്ടോ ഡ്രൈവറുടെ കരച്ചിൽ ഒന്നു കേൾക്കണം. ജീവിക്കാൻ വേണ്ടി പാടുപെടുന്നവന്റെ കണ്ണീരാണിത്.

ഗുരുവായൂർ പാർഥസാരഥി ക്ഷേത്രം മലബാർ ദേവസ്വം ബോർഡ് ഏറ്റെടുത്തതിൽ പ്രതിഷേധിച്ചാണ് ഹിന്ദു ഐക്യവേദി തൃശൂരിൽ ഇന്ന് ഹർത്താലിന് ആഹ്വാനം ചെയ്തത്. ഹർത്താൽ ദിനത്തിൽ ജീവിക്കാൻ വേണ്ടിയാണ് ചേലക്കര പഴയന്നൂരിൽ ഒരു ഓട്ടോ ഡ്രൈവർ തന്റെ വാഹനവുമായി നിരത്തിലിറങ്ങിയത്. എന്നാൽ ഹർത്താൽ അനുകൂലികൾ വാഹനം തകർത്തു. തന്റെ ഓട്ടോ തകർത്തത് അയാൾക്ക് താങ്ങാനാവില്ല. “ജീവിക്കാൻ വേണ്ടിയാണ് ചേട്ടാ… ഇത് കൊണ്ട് നടക്കാനുള്ള പാട് അറിയോ.. എന്ത് കഷ്ടപ്പെട്ടിട്ടാ അറിയോ….” ഇങ്ങനെ നടുറോഡിൽനിന്ന് ഉച്ചത്തിൽ അയാൾ വിളിച്ചു പറഞ്ഞു. ഒരു സാധാരണക്കാരൻ ജീവിക്കാൻ പാടുപെടുന്നതിന്റെ വേദന ഓട്ടോ ഡ്രൈവറുടെ വാക്കുകളിൽ ഉണ്ടായിരുന്നു.

സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവന്ന വിഡിയോ നിരവധി പേരാണ് ഇതിനോടകം കണ്ടത്. ഹിന്ദു ഐക്യവേദിയുടെ ഒരാളോടാണ് ഓട്ടോ ഡ്രൈവർ തന്റെ വിഷമം വിളിച്ചു പറയുന്നത്. പക്ഷേ വിഡിയോയിൽ ഓട്ടോ തകർന്നതിന്റെ അടയാളങ്ങളൊന്നും കാണാൻ സാധിക്കുന്നില്ല. ഇതുവഴി വന്ന മറ്റു വാഹനങ്ങളും ഈ ഓട്ടോയ്ക്ക് പിന്നിലായി ഹർത്താൽ അനുകൂലികൾ പിടിച്ചു നിർത്തിയിട്ടുണ്ട്. ഇതിനിടയിൽ ബൈക്ക് യാത്രക്കാർ ഇതുവഴി കടന്നുപോകുന്നുണ്ട്. ഇതിലൊരാൾ ഓട്ടോ ഡ്രൈവറുമായും ഹിന്ദു ഐക്യവേദിയുടെ ആളുമായും എന്തോ സംസാരിക്കുന്നതും വിഡിയോയിലുണ്ട്.

ചൊവ്വാഴ്ച പുലർച്ചയോടെയാണ് പൊലീസ് സംരക്ഷണത്തില്‍ ദേവസ്വം ബോര്‍ഡ് അധികൃതരെത്തി ക്ഷേത്രം ഏറ്റെടുത്തത്. ഹൈക്കോടതി ഉത്തരവിനെ തുടർന്നായിരുന്നു എക്സിക്യൂട്ടീവ് ഓഫിസറുടെ നടപടി. ക്ഷേത്രം ഏറ്റെടുക്കാമെന്ന് കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. പക്ഷേ ഹിന്ദു ഐക്യവേദിയുടെ പ്രതിഷേധത്തെ തുടർന്ന് നടപടികൾ നീണ്ടുപോവുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ