അന്ന ബെന്‍ ടൈറ്റില്‍ റോളിലെത്തുന്ന ‘ഹെലന്‍’ തിയറ്ററുകളില്‍ മികച്ച പ്രതികരണമാണ് നേടുന്നത്. നവാഗതനായ മാത്തുക്കുട്ടി സേവ്യര്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ നിര്‍മാതാവ് വിനീത് ശ്രീനിവാസനാണ്. ഹെലനെയും പപ്പയെയുമെല്ലാം പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ഇതിനിടെ ചിത്രത്തിലെ സുപ്രധാന വേഷങ്ങളിലൊന്ന് ചെയ്ത നടന്‍ ജയരാജിനെ കുറിച്ചുള്ള പോസ്റ്റ് ശ്രദ്ധേയമാവുകയാണ്.

Read More: ഇരച്ചു കയറുന്ന തണുപ്പും ഭീതിയും; ഹെലനെ വിശ്വസിക്കാം, അന്നയെയും
നിര്‍മാതാവായ അമര്‍ പ്രേം ആണ് പോസ്റ്റ് എഴുതിയിരിക്കുന്നത്. കഴിഞ്ഞ 24 വര്‍ഷമായി ചാന്‍സ് ചോദിച്ച് വിളിക്കുന്ന ജയരാജിനെ വിനീത് അങ്ങോട്ടുവിളിച്ച് നല്‍കിയതാണ് ഹെലനിലെ കഥാപാത്രമെന്ന് അമര്‍ പറയുന്നു. അഭിനയിച്ച നൂറില്‍ പരം ചിത്രങ്ങളിലും ആള്‍ക്കൂട്ടത്തില്‍ നില്‍ക്കാനോ ഒരു ഡയലോഗ് പറയാനോ മാത്രമായിരുന്നു ജയരാജിന് യോഗമെന്നും അദ്ദേഹം ഓര്‍മിപ്പിക്കുന്നു.

അമറിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

1995 ല്‍ കെ മധു സാറിന്റെ ഒരു അഭിഭാഷകന്റെ കേസ് ഡയറി എന്ന സിനിമയില്‍ കള്ളന്‍ ദാമോദരന്‍ എന്ന മികച്ച കഥാപാത്രത്തിന് ശേഷം കഴിഞ്ഞ 24 കൊല്ലവും അഭിനയിച്ച നൂറില്‍ പരം സിനിമയിലും ആള്‍ക്കൂട്ടത്തില്‍ നില്‍ക്കാനോ അല്ലെങ്കില്‍ ഒരു ഡയലോഗ്. അതിനായിരുന്നു ജയരാജേട്ടന് യോഗം. പക്ഷെ കഴിഞ്ഞ 24 കൊല്ലവും അദ്ദേഹം മടികൂടാതെ ചാന്‍സിന് വേണ്ടി എല്ലാവരെയും വിളിച്ചുകൊണ്ടേ ഇരുന്നു. അദ്ദേഹത്തിന്റെ ഫോണിലേക്ക് വിനീത് ശ്രീനിവാസന്‍ നേരിട്ട് വിളിച്ചുനല്കിയ സിനിമയാണ് ഹെലന്‍ … ഹെലന്‍ സിനിമ കണ്ടിറങ്ങിയവര്‍ക്കു മനസിലാകും എത്ര ശക്തമായ കഥാപാത്രമാണ് ജയരാജേട്ടന് കിട്ടിയതെ ന്ന്. ഹെലന്‍ എനിക്ക് പ്രിയപ്പെട്ടതാകുന്നു എല്ലാം കൊണ്ടും. നമ്മുടെ ജയരാജേട്ടനെ നിങ്ങളുടെ കൂടെ ചേര്‍ത്തുനിര്‍ത്തിയതിന് വിനീത് ഭായ് ഒരിക്കല്‍ കൂടി നന്ദി

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook