മനോഹരമായ ഭൂപ്രദേശങ്ങള്‍ കാണുന്നത് മനസിന് ശാന്തി നല്‍കുന്ന ഒന്നാണ്. അതിപ്പോള്‍ നേരിട്ടാണെങ്കിലും അല്ലെങ്കിലും നമ്മളെ അത്ഭുതപ്പെടുത്താറുണ്ട്. നീല പൂക്കള്‍ നിറഞ്ഞ ജപ്പാനിലെ ഒരു താഴ്വരയാണ് ഇപ്പോള്‍ നെറ്റിസണ്‍സിനിടയിലെ ചര്‍ച്ച.
ഐഎഎസ് ഉദ്യോഗസ്ഥയായ ഹരി ചന്ദനയാണ് പ്രദേശത്തിന്റെ വീഡിയോ ട്വിറ്ററിലൂടെ പങ്കുവച്ചിരിക്കുന്നത്. നീല പൂക്കളാല്‍ സമൃദ്ധമായ പ്രദേശത്തിനിടയിലൂടെ സന്ദര്‍ശകര്‍ നടക്കുന്നതും വീഡിയോയില്‍ കാണാം.
വ്യാഴാഴ്ച പങ്കുവച്ച വീഡിയോ ഇതിനോടകം ഇരുപത്തിരണ്ടായിരത്തിലധികം പേരാണ് കണ്ടത്. ഇതിന് അനുയോജ്യമയ ക്യാപ്ഷന്‍ നല്‍കു എന്നാണ് വീഡിയോയ്ക്ക് ഒപ്പം കുറിച്ചിരിക്കുന്നത്. ഭൂമിയിലെ നീലാകാശം, ഭൂമിയിലെ സ്വര്‍ഗം എന്നൊക്കെയാണ് പലരും കമന്റ് ചെയ്തിരിക്കുന്നത്.
ജപ്പാനിലെ ഇബറാക്കി പ്രിഫെക്ചർ തീരത്തുള്ള സെൻ ഷിൻ ഹിറ്റാച്ചി സീസൈഡ് പാർക്കിൽ നിന്നാണ് വീഡിയോ പകർത്തിയത്. നെമോഫില എന്ന ചെടിയാണിതെന്നാണ് ഒരു ട്വിറ്റര്‍ യൂസര്‍ പറയുന്നത്.
പാര്‍ക്കിലെ 4.2 ഹെക്ടര്‍ പ്രദേശത്തും ഈ ചെടിയാണുള്ളത്. സ്പ്രിങ് സീസണിലാണ് നെമോഫില വിരിയുന്നത്. ഒരോ കാലവസ്ഥയ്ക്ക് അനുസരിച്ച് പൂക്കുന്ന ചെടികളാല്‍ സമ്പന്നമാണ് പാര്‍ക്കെന്നാണ് ലഭിക്കുന്ന വിവരം.