മഴയുടെയും പ്രളയത്തിന്റെയും സമസ്തഭാവങ്ങളുമാവിഷ്‌കരിക്കുന്ന തകഴിയുടെ ലോകോത്തര കഥയായ ‘വെള്ളപ്പൊക്കത്തി’ലെ പ്രധാന കഥാപാത്രമായ പട്ടിയെ പോലെ അമേരിക്കയിലെ ഹൂസ്റ്റണിലും ഒരു ശ്വാനൻ. പ്രളയം മുക്കിയ കുട്ടനാട്ടിൽ യജമാനന്റെ കുടിലിന് മുകളിൽ ഒറ്റപ്പെട്ട് പോയ ആ പട്ടിയുടെ ദീനരോദനം മലയാളി ഹൃദയങ്ങളെ ഏറെ സ്പർശിച്ചതാണ്. സമാനമായി ഹൂസ്റ്റണിലും വെള്ളപ്പൊക്കത്തിൽ മുങ്ങിയ യജമാനന്റെ വീട്ടിൽ കുടുങ്ങി പോയ ഒരു നായയാണ് വിഡിയോയിലുള്ളത്. വീടിന്റെ പോർച്ചിൽ കാറിന് മുകളിലാണ് നായ അഭയം പ്രാപിച്ചിരിക്കുന്നത്. ചുറ്റും കുത്തിയൊഴുകുന്ന വെള്ളമായതിനാൽ രക്ഷപ്പെടാൻ സാധിക്കാത്ത നിലയിലാണ് നായയുള്ളത്.

തകഴിയുടെ വെള്ളപ്പൊക്കത്തിൽ പട്ടിയെ കണ്ടിട്ടും പലരും രക്ഷിക്കാൻ ശ്രമിക്കാതിരിക്കുകയായിരുന്നെങ്കിൽ ഇവിടെ ബോട്ടിൽ രക്ഷാ പ്രവർത്തകർ പട്ടിയെ രക്ഷിക്കാനെത്തി. എന്നാൽ ഭയം മൂലം ബോട്ടിൽ കയറാൻ വളർത്തു നായ തയാറായില്ല. അതോ ‘വെള്ളപ്പൊക്കത്തിൽ’ ചേന്നന്റെ വീട്ടിലെ വാഴക്കുല മോഷ്ടിക്കാൻ കള്ളന്മാർ എത്തിയത് പോലെ ആരെങ്കിലും നിന്ന് തന്റെ യജമാനന്റെ വീട് കാത്തു സൂക്ഷിക്കേണ്ടത് തന്റെ ചുമതലയാണെന്ന് കരുതിയിട്ടാകുമോ?

സിബിഎസ്11 ചാനൽ റിപ്പോർട്ടറായ ജെഡി മിൽസ് ആണ് ഹൃദയ ഭേദകമായ ദൃശ്യങ്ങൾ പകർത്തിയിരിക്കുന്നത്. വിഡിയോ ഇതിനോടകം തന്നെ നവ മാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു. എല്ലാവരാലും ഉപേക്ഷിക്കപ്പെടുന്ന നിസ്സഹായരായ ഈ ജീവികളുടെയെല്ലാം ദൈന്യതയ്ക്ക് ഒരേ മുഖമാണെന്ന് ഈ വിഡിയോ പറയും. പ്രളയമടക്കമുള്ള പ്രകൃതി ദുരന്തങ്ങളിൽ ഇരകളാകുന്നവരിൽ അധികവും നിരാലംബരും വൃദ്ധ ജനങ്ങളും വളർത്തു മൃഗങ്ങളുമാണ് എന്നതിന് മറ്റൊരു തെളിവു കൂടിയാണ് ഈ വീഡിയോ

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ