തല പോയതിനുശേഷവും ഒരാഴ്ചയ്ക്ക് മുകളില്‍ ജീവിച്ചിരിക്കുന്ന കോഴിയെ സന്ന്യാസിമാര്‍ ദത്തെടുത്തു. തലയില്ലാതെ ജീവിക്കുന്ന കോഴിയുടെ വാര്‍ത്ത കഴിഞ്ഞ ആഴ്ച്ച വാര്‍ത്താ തലക്കെട്ടുകളായിരുന്നു. തലയില്ലാത്ത കോഴിക്ക് സിറിഞ്ച് ഉപയോഗിച്ച് സന്ന്യാസിമാര്‍ വെളളം കൊടുക്കുന്ന വീഡിയോ ഇപ്പോള്‍ വൈറലായി മാറിയിട്ടുണ്ട്.

നേരത്തേ ഒരു വനിതാ മൃഗഡോക്ടര്‍ ദത്തെടുത്ത കോഴിക്ക് പേരിട്ടിരുന്നു. യഥാര്‍ത്ഥ പോരാളി( ട്രൂ വാരിയര്‍) എന്നാണ് പേര്. മധ്യ തായ്‌ലന്‍ഡിലെ റായ്ച്ചാബുറി പ്രവിശ്യയിലെ മ്യൂചെങ് റായ്ച്ചാബുറി ജില്ലയിലാണ് ഈ സംഭവം . ചുണ്ടും മുഖവും തലയോട് ചേര്‍ന്നുള്ള അല്‍പ ഭാഗവും അറ്റു പോയെങ്കിലും എഴുന്നേറ്റ് നില്‍ക്കുന്ന ഒരു കോഴിയുടെ ചിത്രമാണ് ആദ്യം പുറത്തു വന്നത്. സുപകഡി അരുണ്‍ തോങ് എന്ന മൃഗ ഡോക്ടറാണ് അതിനെ ആദ്യം വളര്‍ത്തിയത്.

ഭക്ഷണമൊക്കെ അതിന്റെ കഴുത്തിന്റെ ഉളളിലേയ്ക്ക് നേരിട്ട് ഇട്ട് കൊടുക്കുകയാണ് ചെയ്യുന്നത്. കൂടാതെ ആന്റിബയോട്ടിക്കുകളും നല്‍കുന്നുണ്ട്. ഇണങ്ങാന്‍ വൈമുഖ്യം കാണിക്കുന്നുണ്ടെങ്കിലും ചികിത്സകളോടൊക്കെ നന്നായി പ്രതികരിക്കുന്നുണ്ട്. മൃഗമായാലും പക്ഷിയായാലും അതിന് ഒരു ആയുഷ്‌ക്കാലം കല്പിച്ചിട്ടുണ്ട്. അതിന് ജീവിക്കാന്‍ താത്പര്യം ഉണ്ടെങ്കില്‍ ഭക്ഷണം നല്‍കുന്നതിന് ഞങ്ങള്‍ക്ക് മടിയൊന്നുമില്ലെന്ന് സന്ന്യാസിമാര്‍ പറഞ്ഞു.

എന്നാലും അടുത്ത ദിവസങ്ങളിലൊന്നില്‍ കോഴിയുടെ നാവ് പൊഴിഞ്ഞു വീണേയ്ക്കാമെന്നാണ് അവര്‍ പറയുന്നത്. അത് വല്ലാതെ വരണ്ടാണിരിക്കുന്നതെന്നും അവര്‍ അറിയിച്ചു. എങ്ങനെയാണ് കോഴിക്ക് തല നഷ്ടപ്പെട്ടത് എന്നതിനെ കുറിച്ച് വ്യക്തമായ ഒരറിവുമില്ല മറ്റു മൃഗങ്ങളോ പക്ഷികളോ ആക്രമിച്ചിട്ടുണ്ടാവാം എന്നാണ് കരുതുന്നത്. ഇതിനെ ആരെങ്കിലും കൈയ്യേല്‍ക്കുമെന്നാണ് ഡോക്ടര്‍ വിചാരിക്കുന്നത്. കാരണം ഈ കോഴിക്ക് മുഴുസമയ ശ്രദ്ധയും പരിചരണവും ആവശ്യമുണ്ടെന്നും തനിക്ക് അതിനെ അങ്ങനെ ശ്രദ്ധിക്കാനാവില്ലെന്നും അവര്‍ പറഞ്ഞു.


1945 മുതല്‍ 1947 വരെ അമേരിക്കയിലെ യൂട്ടാ സംസ്ഥാനത്ത് ജീവിച്ചിരുന്ന ഒരു കോഴിയാണ് തല നഷ്ടപ്പെട്ടതിനു ശേഷവും ഏറ്റവും കൂടുതല്‍ കാലം ജീവിച്ച കോഴി. മൈക്ക് എന്ന പേരുകാരനായ ആ കോഴി തല നഷ്ടപ്പെട്ടതിനു ശേഷവും 18 മാസത്തോളം ജീവിച്ചിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook