മുംബൈ: ട്വീറ്റുകളിലൂടെ ജനങ്ങളുമായി സംവദിക്കുന്നതില്‍ ഏറെ പേരുകേട്ടവരാണ് മുംബൈ പൊലീസ് അധികൃതര്‍. കഴിഞ്ഞ ദിവസം മുംബൈ പൊലീസ് ചെയ്ത ഒരു ട്വീറ്റാണ് ട്വിറ്ററില്‍ വൈറലായി മാറിയത്. ‘കാക്കിക്കുളളിലെ സുവര്‍ണ ഹൃദയം’ എന്നാണ് ട്വിറ്ററില്‍ മുബൈ പൊലീസിനെ പുകഴ്ത്തി പോസ്റ്റുകള്‍ പ്രചരിച്ചത്. സംഭവം അറിഞ്ഞാല്‍ നിങ്ങളും ഇത് സമ്മതിച്ചേക്കാം.

സകിനാക പൊലീസ് സ്റ്റേഷനില്‍ ഒരാളുടെ പിറന്നാള്‍ ആഘോഷിക്കുന്ന ഫോട്ടോകളാണ് ഇന്നലെ പൊലീസ് ട്വീറ്റ് ചെയ്തത്. പരാതിയുമായി എത്തിയ അനീഷ് എന്നയാളുടെ ജന്മദിനാണ് പൊലീസ് സ്റ്റേഷനില്‍ വെച്ച് ആഘോഷിച്ചത്. പരാതി സ്വീകരിക്കുന്നതിനിടയിലാണ് അനീഷിന്റെ പിറന്നാളാണെന്ന് പൊലീസുകാര്‍ അറിഞ്ഞത്.

മറിച്ചൊന്നും ചിന്തിക്കാതെ പരാതി സ്വീകരിച്ച ശേഷം ഒരു പൊലീസുകാരന്‍ കേക്ക് വാങ്ങാന്‍ പോയി. എല്ലാ പൊലീസുകാരേയും വിളിച്ചുവരുത്തി അനീഷിന്റെ പിറന്നാള്‍ കേക്ക് മുറിച്ച് ആഘോഷിക്കുകയായിരുന്നു. ഇതിന്റെ രണ്ട് ചിത്രങ്ങളാണ് പൊലീസ് ട്വീറ്റ് ചെയ്തത്. ചിത്രം പുറത്തുവന്നതോടെ ഇത് ട്വിറ്ററിലും മറ്റ് സാമൂഹ്യമാധ്യമങ്ങളിലും പ്രചരിച്ചു. നിരവധി പേരാണ് മുംബൈ പൊലീസിന്റെ നടപടിയെ പുകഴ്ത്തിയും അഭിനന്ദിച്ചും രംഗത്തെത്തിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ