ചരിത്രം 201നെ ആദ്യ ലോകമഹായുദ്ധം അവസാനിച്ചതിന്റെ 100ാം വാര്‍ഷികം എന്ന നിലയില്‍ കൂടെ അടയാളപ്പെടുത്തിയിരിക്കുന്നു. ഒന്നാം ലോകമഹായുദ്ധം എന്നതുകൊണ്ട് ഇത് ലോകത്തെ ആദ്യത്തെ യുദ്ധം ഒന്നും ആയിരുന്നില്ല. യുദ്ധത്തിന് ഒരു പക്ഷെ മനുഷ്യരാശിയുടെ ചരിത്രത്തോളം തന്നെ പഴക്കമുണ്ടാകാം. സ്‌നേഹമാണോ വിദ്വേഷമാണോ മനുഷ്യന്റെ അടിസ്ഥാന വികാരമെന്ന കാര്യം ഇപ്പോഴും തര്‍ക്കവിഷയമാണ്. എന്തുതന്നെ ആയാലും സ്‌നേഹത്തിന്റെ തീക്ഷണതയേക്കാള്‍ വിദ്വേഷത്തിന്റെ മുറിപ്പാടുകളാണ് ചരിത്രത്തിന്റെ താളുകളില്‍ കൂടുതല്‍ മിഴിവോടെ നിറഞ്ഞുനില്‍ക്കുന്നത്.

1914 ജൂണ്‍ 28 നു തുടങ്ങി 1918 നവംബറില്‍ യുദ്ധവിരാമക്കരാറൊപ്പുവെക്കുമ്പോഴേക്കും യുദ്ധ രംഗത്തു മരണം വരിച്ചത് 10 ദശലക്ഷം അഥവാ ഒരു കോടി മനുഷ്യരായിരുന്നു. 21 ദശലക്ഷം മനുഷ്യരാണ് പരുക്കേറ്റ് ശിഷ്ട ജീവിതമാകെ ദുരിതത്തില്‍ ആഴ്ത്തപ്പെട്ടത്. 77 ലക്ഷം പേരെ കാണാതാവുകയോ തടവിലാക്കപ്പെടുകയോ ചെയ്തു. ചരിത്രത്തിലരങ്ങേറിയ ഈ മഹാദുരന്തത്തിന്റെ മുറിപ്പാടുകള്‍ ഇന്നും ഉറ്റവരേയും ഉടയവരേയും നഷ്ടപ്പെട്ടവര്‍പേറി നടക്കുന്നുണ്ട്. ലോക മഹായുദ്ധത്തില്‍ മറഞ്ഞുപോയവരെ ഓര്‍ത്തെടുക്കാനുളള അവസരമാവുകയാണ് ഓരോ മഹായുദ്ധ വാര്‍ഷികങ്ങളും.

ഇതിനിടയിലാണ് വടക്കന്‍ അയര്‍ലന്റിലെ കടല്‍തീരത്ത് ഒരു സൈനികനെ അനുസ്മരിച്ച് തയ്യാറാക്കിയ മണല്‍ ചിത്രം വൈറലായി മാറുന്നത്. കൗണ്ടി ആന്‍ട്രിമിലെ മുര്‍ലഗ് ബേ തീരത്താണ് മണല്‍ ചിത്രം ഒരുക്കിയിരിക്കുന്നത്. കൗണ്ടി ഡൗണിലെ ഡൂണ്‍ഡ്രമില്‍ നിന്നുളള ജോണ്‍ മക്കാന്‍സ് എന്ന സൈനികന്റെ ചിത്രമാണ് മണല്‍രൂപത്തില്‍ ഉണ്ടാക്കിയിരിക്കുന്നത്.

തിര വന്ന് സൈനികന്റെ രൂപം കവരുന്ന ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്. ഹോളിവുഡ് സംവിധായകനായ ഡാന്നി ബോയിലും സംഘവും ആണ് മണല്‍ ചിത്രത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. ഡൗണ്‍പാട്രിക്കില്‍ റൈഫിള്‍മാനായി ജോലി ചെയ്ത മക്കാന്‍സ് പാഷെന്‍ഡേലില്‍ വെച്ചാണ് കൊല്ലപ്പെട്ടത്. അദ്ദേഹത്തിന്റെ മൃതദേഹം തിരിച്ചറിയാനാവാതിരുന്നത് കൊണ്ട് തന്നെ സ്വന്തമായൊരു ശവക്കല്ലറയും തയ്യാറാക്കിയിരുന്നില്ല. 35,000ത്തോളം പേരെ അടക്കം ചെയ്ത ടൈന്‍ കോട്ട് ശവകുടീരത്തിലാണ് അദ്ദേഹത്തിനും ആദരം അര്‍പ്പിക്കാറുളളത്.

ഒരു പത്തൊമ്പതു വയസ്സുകാരന്‍ യുവാവിന്റെ സാഹസികമായ ദേശസ്‌നേഹമാണ് ഒന്നാം ലോകമഹായുദ്ധത്തിനു തിരികൊളുത്തിയത്. ബോസ്‌നിയയുടെ തലസ്ഥാനമായ സാരയോവോയില്‍ സന്ദര്‍ശനത്തിനെത്തിയ ആസ്ത്രിയ ഹംഗറി സാമ്രാജ്യത്തിന്റെ കിരീടാവകാശി ആര്‍ച്ച് ഡ്യൂക്ക് ഫെര്‍ഡിനന്‍ഡും ഭാര്യ സോഫിയും വധിക്കപ്പെട്ടതായിരുന്ന കാരണം . ആസ്‌ട്രോ-ഹംഗേറിയന്‍ സാമ്രാജ്യത്തോടുള്ള സെര്‍ബിയന്‍ വിരോധമാണ് യുവരാജാവിന്റേയും പത്‌നിയുടേയും വധത്തിന് കാരണമായത്. 1867 മുതല്‍ 1918 വരെ ഏതാണ്ട് അഞ്ച് പതിറ്റാണ്ടുകള്‍ മാത്രം നിലനിന്ന മധ്യയൂറോപ്പിലെ അതിശക്തമായ ഒരു സാമ്രാജ്യമായിരുന്നു ആസ്‌ട്രോ-ഹംഗേറിയന്‍ സാമ്രാജ്യം. സാമ്രാജ്യങ്ങള്‍ എത്ര തന്നെ ശക്തമായാലും അവയെ ശിഥിലമാക്കാന്‍ അത്ര പ്രയാസങ്ങളൊന്നുമില്ലെന്ന് തെളിയിക്കപ്പെടുന്നതും ഒന്നാം ലോകയുദ്ധത്തോടെയാണ്. അതീവ ശക്തമെന്നു വീമ്പിളക്കിയിരുന്ന പല സാമ്രാജ്യങ്ങളും ഒന്നിന് പിന്നാലെ മറ്റൊന്നായി ചീട്ടുകൊട്ടാരം പോലെ തകര്‍ന്നു വീഴുന്നതു കണ്ടുകൊണ്ടാണ് ഇരുപതാം നൂറ്റാണ്ടിന്റെ പൂര്‍വ്വാര്‍ധം പിന്‍മാറിയത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Social news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ