തിരുവനന്തപുരം: ജലന്ധർ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പീഡന പരാതി നൽകിയ കന്യസ്ത്രീയെക്കുറിച്ച് മോശം പരാമർശം നടത്തിയ പി.സി.ജോർജിനെതിരെ വന്‍ പ്രതിഷേധം. പീഡനത്തിന് ഇരയായ സ്ത്രീയെ വീണ്ടും മുറിപ്പെടുത്തുന്നതാണ് ജോര്‍ജിന്റെ വാക്കുകളെന്ന് സോഷ്യൽ മീഡിയയില്‍ അഭിപ്രായം ഉയര്‍ന്നു. ദേശീയ മാധ്യമങ്ങള്‍ അടക്കം പി.സി.ജോര്‍ജിന്റെ പരാമര്‍ശം വന്‍ പ്രാധാന്യത്തോടെയാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുളളത്.
ഇതിനിടെ സോഷ്യൽ മീഡിയയില്‍ പി.സി.ജോര്‍ജിനെതിരെ ക്യാംപെയിന് ആരംഭിച്ചു. #വായ മൂടെടാ പിസി ജോര്‍ജെ എന്ന ഹാഷ്ടാഗോടെയാണ് ക്യാംപെയിന് പ്രചരിക്കുന്നത്. ഇതിന്റെ ഭാഗമായി വായ മൂടാനായി പി.സി.ജോര്‍ജിന്റെ വീട്ടിലെ മേല്‍വിലാസത്തില്‍ സെല്ലോടേപ്പ് അയച്ചാണ് പ്രതിഷേധം നടക്കുന്നത്. പിസിയുടെ ഈരാറ്റുപേട്ടയിലെ വീട്ടിലേക്ക് സെല്ലോടേപ്പ് പാഴ്സലായി അയച്ച് ഇതിന്റെ ചിത്രങ്ങള്‍ നിരവധി പേര് സോഷ്യൽ മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
പരാമര്‍ശത്തില്‍ എംഎൽഎയോട് നേരിട്ട് ഹാജരാകണമെന്ന് ദേശീയ വനിതാ കമ്മിഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. ആക്ഷേപകരവും അപമാനകരവുമായ ജോർജിന്റെ പ്രസ്താവനയിൽ കമ്മിഷൻ അപലപിക്കുന്നതായും അറിയിച്ചു. സെപ്റ്റംബർ 20 ന് ഡൽഹിയിലെ കമ്മിഷന്റെ ഓഫിസിൽ 11.30 ന് നേരിട്ട് ഹാജരായി പരാമർശത്തിൽ വിശദീകരണം നൽകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കാര്യം ആവശ്യപ്പെട്ട് എംഎൽഎയ്ക്ക് നോട്ടീസും അയച്ചിട്ടുണ്ട്.
ജോർജിനെതിരെ നടപടിയെടുക്കണമെന്ന് ദേശീയ വനിതാ കമ്മിഷൻ നേരത്തെ ഡിജിപിയോട് ആവശ്യപ്പെട്ടിരുന്നു. സ്ത്രീകളെ സഹായിക്കുന്നതിനുപകരം എംഎൽഎമാർ ഇത്തരം മോശം പ്രസ്താവന നടത്തുന്നതിൽ ലജ്ജ തോന്നുന്നു. സംഭവം വനിതാ കമ്മിഷൻ ഗൗരവമായി എടുത്തിട്ടുണ്ടെന്നും വനിതാ കമ്മിഷൻ അധ്യക്ഷ രേഖ ശർമ്മ പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് ജോർജിനോട് കമ്മിഷനു മുൻപാകെ നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ടത്.
വനിതാ ആക്റ്റിവിസ്റ്റുകള്‍ പിസി ജോര്‍ജിന്റെ കോലം കത്തിക്കുന്നു
കോട്ടയത്ത് വാർത്താസമ്മേളനത്തിലാണ് പി.സി.ജോർജ് കന്യാസ്ത്രീയെ മോശം വാക്കുകളുപയോഗിച്ച് അപമാനിച്ചത്. ജലന്ധർ ബിഷപ് തെറ്റുകാരനാണെന്ന് താൻ കരുതുന്നില്ലെന്നും പീഡനത്തിന് ഇരയായി 13-ാം തവണ പരാതി നൽകിയതിൽ ദുരൂഹതയുണ്ടെന്ന് ജോർജ് പറഞ്ഞിരുന്നു.
അതിനിടെ, ജോർജിന്റെ പരാമർശത്തിനെതിരെ കേസെടുക്കാനുളള ശ്രമങ്ങൾ പൊലീസ് തുടങ്ങിയിട്ടുണ്ട്. ജോർജിന്റെ വാർത്താസമ്മേളന ദൃശ്യങ്ങൾ പരിശോധിക്കാൻ ഡിജിപി ലോക്നാഥ് ബെഹ്റ നിർദേശം നൽകിയിട്ടുണ്ട്.