രണ്ടു ദശാബ്ദങ്ങൾക്ക് ശേഷം വിശ്വസുന്ദരി പട്ടം ഇന്ത്യയിലേക്ക് എത്തിച്ചിരിക്കുകയാണ് ഹർനാസ് സന്ധു. സുസ്‌മിത സെന്നിനും ലാറാ ദത്തയ്ക്കും ശേഷം കിരീടം കിരീടം ചൂടുന്ന മൂന്നാമത്തെ ഇന്ത്യക്കാരിയാണ് ഹർനാസ്.
ഇസ്രായേലിൽ നടന്ന ലോക സൗന്ദര്യമത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്നതിനുള്ള ഒന്നര മാസം നീണ്ട യാത്ര, “സ്നേഹവും, തമാശയും, കഠിനാധ്വാനവും” നിറഞ്ഞതായിരുന്നു ഈ ചണ്ഡിഗഡ് സ്വദേശിനിക്ക്. മത്സരത്തിന്റെ ടോപ് 2 റൗണ്ടിലേക്ക് യോഗ്യത നേടുമ്പോൾ, 21- കാരിയോട് വിധികർത്താക്കൾ ചോദിച്ച ചോദ്യവും അതിനു നൽകിയ ഉത്തരവും ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്.
“യുവതികൾ ഇന്ന് അഭിമുഖീകരിക്കുന്ന സമ്മർദങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണമെന്നാണ് നിങ്ങൾ അവർക്ക് ഉപദേശം നൽകുക?” എന്നതായിരുന്നു ചോദ്യം.
അതിനു ഹർനാസിന്റെ മറുപടി ഇപ്രകാരമായിരുന്നു. “അവരവരിലുള്ള ആത്മവിശ്വാസം നഷ്ടപ്പെടുന്ന മറ്റാരുമില്ല എന്ന് തിരിച്ചറിയുന്നത് തന്നെ നിങ്ങളെ സുന്ദരിയാക്കും. മറ്റുള്ളവരുമായി നിങ്ങളെ താരതമ്യം ചെയ്യാതിരിക്കുക. ലോകം ചർച്ച ചെയ്യുന്ന മറ്റു പല പ്രധാനപ്പെട്ട കാര്യങ്ങളെക്കുറിച്ചും സംസാരിക്കുക. പുറത്തുവരൂ, നിങ്ങൾക്ക് വേണ്ടി സംസാരിക്കൂ, കാരണം നിങ്ങളാണ് നിങ്ങളുടെ ജീവിതത്തെ നയിക്കേണ്ടത്. നിങ്ങളാണ് നിങ്ങളുടെ ശബ്ദം. ഞാൻ എന്നെ വിശ്വസിച്ചു. അതാണ് ഞാൻ ഇന്ന് ഇവിടെ നിൽക്കുന്നത്”.
എൺപതോളം മത്സരാർത്ഥികളെ മറികടന്നാണ് ഹർനാസ് കിരീടം ചൂടിയത്. ഫൈനലിൽ പരാഗ്വെയുടെയും ദക്ഷിണാഫ്രിക്കയുടെയും സുന്ദരിമാർ ആയിരുന്നു ഹർനസിനൊപ്പം ഫൈനലിൽ.
അവസാന റൗണ്ടിലെ ചോദ്യത്തിന് മുൻപ് ടോപ് 5 റൗണ്ടിൽ കാലാവസ്ഥ വ്യതിയാനത്തെ കുറിച്ചുള്ള ചോദ്യത്തിന് അവർ നൽകിയ മറുപടിയും ശ്രദ്ധ നേടിയിരുന്നു. “പല ആളുകളും കരുതുന്നത് കാലാവസ്ഥാ വ്യതിയാനം ഒരു തട്ടിപ്പ് ആണെന്നാണ്, അല്ലെന്ന് അവരെ മനസിലാക്കാൻ നിങ്ങൾ എന്ത് ചെയ്യും?” എന്നായിരുന്നു ചോദ്യം.
അതിനു, “പ്രകൃതി കടന്നു പോകുന്ന പ്രശ്നങ്ങൾ കാണുമ്പോൾ എന്റെ ഹൃദയം തകരുകയാണ്, ഇതെല്ലാം ഉത്തരവാദിത്തമില്ലാത്ത പെരുമാറ്റം കാരണമാണ്. ഇത് സംസാരം കുറച്ചു പ്രവർത്തിക്കാനുള്ള സമയമാണെന്നാണ് ഞാൻ കരുതുന്നത്. കാരണം, നമ്മുടെ ഓരോ പ്രവർത്തിയും പ്രകൃതിയെ രക്ഷിക്കുകയോ നശിപ്പിക്കുകയോ ചെയ്യും. അതിനെ സംരക്ഷിക്കുന്നതാണ് നന്നാക്കിയെടുക്കുന്നതിനേക്കാൾ നല്ലത്. അങ്ങനെയാണ് ഞാൻ നിങ്ങളെ ഇന്ന് മനസിലാക്കാൻ ശ്രമിക്കുന്നത്” എന്നായിരുന്നു മറുപടി.
Also Read: ഹർനാസ് സന്ധു: 21 വർഷത്തിന് ശേഷം വിശ്വസുന്ദരിപ്പട്ടം ഇന്ത്യയിലേക്ക് എത്തിച്ച മിടുക്കി
മുൻ മിസ് യൂണിവേഴ്‌സ് ആയ മെക്‌സിക്കോയുടെ ആൻഡ്രിയ മെസയാണ് തന്റെ പിൻഗാമിയെ കിരീടമണിയിച്ചത്.