മേക്കോവറുകളുടെ കാര്യത്തില്‍ ബോളിവുഡ് താരങ്ങളെ കിടപിടിക്കാന്‍ പോന്നവര്‍ തന്നെയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലും ഉളളത്. ഇതില്‍ ഏറെ മുന്നിട്ട് നില്‍ക്കുന്ന താരം തന്നെയാണ് ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ. 24കാരനായ താരത്തിന്റെ പുതിയ ഹെയര്‍സ്റ്റൈല്‍ ആണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുന്നത്.

അമേരിക്കന്‍ പോപ്പ് താരമായ ലേഡി ഗാഗയുടെ സ്റ്റൈലിനോടാണ് ഹാര്‍ദിക് പാണ്ഡ്യയുടെ ഹെയര്‍സ്റ്റൈലിനെ ചിലര്‍ സാമ്യപ്പെടുത്തിയത്. ഹെയര്‍സ്റ്റൈലില്‍ മാത്രമല്ല ഫിറ്റ്നസിലും ഏറെ ശ്രദ്ധിക്കുന്ന താരമാണ് പാണ്ഡ്യ. ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയെ പോലെ തന്നെ വര്‍ക്ക്ഔട്ടിലും അദ്ദേഹം കണിശക്കാരനാണ്.

നവംബര്‍ 16ന് നടക്കാന്‍ പോകുന്ന ശ്രീലങ്കയ്ക്ക് എതിരായ പരമ്പരയില്‍ നിന്നും വിട്ടു നില്‍കുകയാണ് ഇപ്പോള്‍ താരം. തുടര്‍ച്ചയായ മത്സരങ്ങള്‍ കളിക്കുന്നതു മൂലം പാണ്ഡ്യ ക്ഷീണിതനാണ്. ഈ സാഹചര്യത്തില്‍ വിശ്രമം അനുവദിക്കപ്പെട്ടിരിക്കുന്ന സമയത്ത് ബെം​ഗ​ളൂ​രു​വി​ലെ നാ​ഷ​ണ​ൽ ക്രി​ക്ക​റ്റ് അ​ക്കാ​ദ​മി​യി​ൽ സ്‌ട്രംഗ്‌ത് ട്രെയിനിങ് നടത്താനും താരത്തിനോട് ബി​സി​സി​ഐ നി​ർ​ദേ​ശി​ച്ചു.

പാണ്ഡ്യയെ ടീമില്‍ നിന്നും ഒഴിവാക്കിയെങ്കിലും പകരക്കാരനെ ഉള്‍പ്പെടുത്തിയിട്ടില്ല. വിരാട് കോഹ്‌ലി ക്യാപ്റ്റനായി തുടരും. അജിങ്ക്യ രഹാനെയാണ് വൈസ് ക്യാപ്റ്റന്‍. ഈമാസം പതിനാറിന് കൊല്‍ക്കത്തയിലാണ് ഒന്നാം ടെസ്റ്റിന് തുടക്കമാവുക. മൂന്ന് ടെസ്‌റ്റുകളാണ് ഇന്ത്യ ലങ്കയ്‌ക്കെതിരെ കളിക്കുക.

ആദ്യ രണ്ട് ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീം: വിരാട് കോഹ്‌ലി (ക്യാപ്റ്റന്‍), കെ.എല്‍.രാഹുല്‍, മുരളി വിജയ്, ശിഖര്‍ ധവാന്‍, ചേതേശ്വര്‍ പൂജാര, അജിങ്ക്യ രഹാനെ, രോഹിത് ശര്‍മ, വൃദ്ധിമാന്‍ സാഹ, ആര്‍.അശ്വിന്‍, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷാമി, ഉമേഷ് യാദവ്, ഭുവനേശ്വര്‍കുമാര്‍, ഇഷാന്ത് ശര്‍മ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ