ശ്രീലങ്കയ്ക്ക് എതിരായ ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കുകയാണ് ഓള്‍റൗണ്ടറായ ഹാര്‍ദിക് പാണ്ഡ്യ. ശാരീരികമായ വല്ലായ്മകള്‍ അറിയിച്ച് താരം തന്നെയാണ് സെലക്ടര്‍മാരോട് തനിക്ക് വിശ്രമം നല്‍കണമെന്ന് അറിയിച്ചത്.

24കാരനായ താരത്തിന്റെ പരിശീലനവും മേക്കോവറുമൊക്കെ സോഷ്യല്‍മീഡിയ ഏറെ താത്പര്യത്തോടെ ചര്‍ച്ച ചെയ്യാറുണ്ട്. അമേരിക്കന്‍ പോപ്പ് താരമായ ലേഡി ഗാഗയുടെ സ്റ്റൈലിനോടാണ് ഹാര്‍ദിക് പാണ്ഡ്യയുടെ ഹെയര്‍സ്റ്റൈലിനെ ആരാധകര്‍ സാമ്യപ്പെടുത്താറുളളത്. ഹെയര്‍സ്റ്റൈലില്‍ മാത്രമല്ല ഫിറ്റ്നസിലും ഏറെ ശ്രദ്ധിക്കുന്ന താരമാണ് പാണ്ഡ്യ. ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയെ പോലെ തന്നെ വര്‍ക്ക്ഔട്ടിലും അദ്ദേഹം കണിശക്കാരനാണ്.

പാണ്ഡ്യ കഴിഞ്ഞ ദിവസം ട്വിറ്ററില്‍ പങ്കുവച്ച ചിത്രത്തിന് പിന്നാലെയാണ് ഇപ്പോള്‍ ആരാധകര്‍. അവധിയില്‍ കഴിയുന്ന പാണ്ഡ്യ മാക്സിം ഇന്ത്യ എന്ന മാഗസിന് വേണ്ടി നടത്തിയ ഫോട്ടോഷൂട്ടിന്റെ ചിത്രമാണ് പങ്കുവച്ചത്. മേല്‍ക്കുപ്പായം ധരിക്കാതെ പ്രത്യക്ഷപ്പെട്ട ബറോഡ താരത്തിന്റെ സിക്സ് പാക്ക് ആബ്സാണ് ചിത്രത്തിലെ ഹൈലൈറ്റ്.

ചിത്രം ട്വിറ്ററില്‍ ട്രെന്‍ഡിങ് ആയതോടെ ആരാധകരും രംഗത്തെത്തി. ചിത്രത്തെ പുകഴ്ത്തിയും പാണ്ഡ്യയുടെ കഠിനാധ്വാനത്തെ അഭിനന്ദിച്ചും പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടു. കൂട്ടത്തില്‍ ചിത്രം മനോഹരമായി എഡിറ്റ് ചെയ്തും ആരാധകര്‍ പാണ്ഡ്യയോടുളള സ്നേഹം കാണിച്ചു.

നേരത്തേ പാണ്ഡ്യയുടെ പുതിയ ഹെയര്‍ സ്റ്റൈലിനേയും ആരാധകര്‍ സ്നേഹത്തോടെ സ്വീകരിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ