സോഷ്യല്‍മീഡിയയില്‍ ക്രിക്കറ്റ് താരങ്ങള്‍ പരസ്പരം കളിയാക്കിയും കുറിക്ക് കൊളളുന്ന കമന്റിട്ടും രംഗത്ത് വരാറുണ്ട്. പലപ്പോഴും താരങ്ങളുടെ ഫോട്ടോകള്‍ക്ക് താഴെയായിരിക്കും ഇത്തരത്തിലുളള കമന്റ് യുദ്ധങ്ങള്‍ കാണാന്‍ കഴിയുക. ഇന്‍സ്റ്റഗ്രാമില്‍ ഫോട്ടോ അപ്‍ലോഡ് ചെയ്ത യുവരാജ് സിംഗിനും സമാനമായ അനുഭവമാണ് ഉണ്ടായത്.

ഷര്‍ട്ട് അഴിച്ച് മേല്‍ശരീരം കാണിച്ച് നില്‍ക്കുന്ന ഒരു ഫോട്ടോയാണ് യുവി പോസ്റ്റ് ചെയ്തത്. ‘മൂഡ്’ എന്ന അടിക്കുറിപ്പോടെയാണ് താരം ഫോട്ടോ ഇന്‍സ്റ്റഗ്രാമില്‍ ആരാധകര്‍ക്ക് മുമ്പില്‍ തുറന്നുകാട്ടിയത്. ഫോട്ടോ അപ്‍ലോഡ് ചെയ്തതിന് പിന്നാലെ യുവി ആരാധകര്‍ സ്നേഹം കൊണ്ട് വീര്‍പ്പുമുട്ടിച്ചു. ചിലര്‍ യുവി ഫോം തിരിച്ചുപിടിച്ച് കളത്തിലേക്ക് തിരിച്ച് വരണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ മറ്റു ചിലര്‍ താരത്തിന്റെ സെക്സി ശരീരത്തെ പുകഴ്ത്തി രംഗത്തെത്തി.

യുവിയുടെ കണ്ണുകളില്‍ ആത്മവിശ്വാസം കാണാമെന്നും ഇന്ത്യന്‍ ടീമിന് യുവിയെ ആവശ്യമുണ്ടെന്നും ആരാധകര്‍ കമന്റിട്ടു. എന്നാല്‍ യുവിയുടെ സഹതാരങ്ങളായിരുന്ന രോഹിത് ശര്‍മ്മയും ഹര്‍ഭജന്‍ സിംഗും യുവിയെ ഒന്ന് കളിയാക്കാനാണ് ശ്രമിച്ചത്. ‘സല്ലു ഭായ്’ എന്നാണ് ഹര്‍ഭജന്‍ ചിത്രത്തിന് താഴെ കമന്റിട്ടത്. അതേസമയം രോഹിത് ശര്‍മ്മ യുവിക്കിട്ട് നന്നായൊന്ന് വെച്ചു.

‘മൂഡ്’ എന്ന അടിക്കുറിപ്പോടെ വസ്ത്രമില്ലാത്ത ചിത്രം പോസ്റ്റ് ചെയ്ത് യുവി എന്താണ് അര്‍ത്ഥമാക്കുന്നതെന്ന് വ്യക്തമാക്കണമെന്ന് രോഹിത് ശര്‍മ്മ കുറിച്ചു. രോഹിത് ശര്‍മ്മ കൂടി രംഗത്തെത്തിയതോടെ ക്രിക്കറ്റ് താരങ്ങള്‍ തമ്മിലുളള രസകരമായ കമന്റ് യുദ്ധം ആരാധകരും ആസ്വദിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ