ഹൃദയം നൊന്ത് തങ്ങളുടെ ജീവിതകഥ പറയുന്നവരെ ചേർത്തുനിർത്താനും ആശ്വസിപ്പിക്കാനും മനുഷ്യസ്നേഹികൾക്ക് രാജ്യത്തിന്റെ അതിർത്തികളോ ഭാഷയോ സംസ്കാരമോ ഒന്നും തടസമാവാറില്ല. അതുകൊണ്ടാണ് ആസ്ട്രേലിയക്കാരനായ ക്വേഡൻ ബെയിൽസിന്റെ കരച്ചിൽ ലോകത്തിന്റെ മുന്നിൽ വലിയൊരു നൊമ്പരമായതും ക്വേഡന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ലക്ഷകണക്കിന് ആളുകൾ രംഗത്ത് വന്നതും. ഉയരക്കുറവിന്റെ പേരിൽ സഹപാഠികൾ കളിയാക്കിയപ്പോൾ കരഞ്ഞുകൊണ്ട് എന്നെ ഒന്ന് കൊന്ന് തരാമോ എന്ന് അമ്മയോട് ചോദിച്ചുകരയുകയായിരുന്നു ക്വേഡൻ ബെയിൽസ്.

Read more: എനിക്കും നിങ്ങളെ പോലെ ഒരു നടനാവണം; ഗിന്നസ് പക്രുവിന്റെ സ്നേഹത്തിന് നന്ദി പറഞ്ഞ് ക്വേഡൻ

ഇപ്പോഴിതാ, റോഷെൽ എന്ന അമ്മയാണ് ട്വിറ്ററിൽ താരമാവുന്നത്. സ്കീസോഫ്രീനിയ ബാധിച്ച 32 വയസുകാരനായ മകനെ മൂന്നു പതിറ്റാണ്ടിലേറെയായി നെഞ്ചോട് ചേർത്ത് ജീവിക്കുന്ന, തനിയെ പരിപാലിക്കുന്ന അമ്മയാണ് റോഷെൽ. ജീവിതത്തിലെ ഏകാന്തതയെ കുറിച്ചും ജന്മദിനത്തിൽ ഒരാൾ പോലും ആശംസകൾ അറിയിക്കാത്തതിനെ കുറിച്ചും സങ്കടത്തോടെ റോഷെൽ കുറിച്ച ട്വീറ്റാണ് ട്വിറ്റർ ഉപയോക്താക്കളുടെ ഹൃദയം തൊട്ടത്.

“ശരി, ഞാനൊരു മനുഷ്യജീവിയാണ്.
സ്കീസോഫ്രീനിയ ബാധിച്ച എന്റെ 32 വയസ്സുള്ള മകന്റെ ഏക പരിപാലക ഞാനാണ്. ഇടവേളകളില്ലാതെ, സ്നേഹപൂർവ്വം, ഖേദമില്ലാതെ ഞാൻ പരിചരിക്കുന്നു.
ഒരു വഴി അല്ലെങ്കിൽ മറ്റൊരു വഴി, എന്റെ എല്ലാ ചങ്ങാതിമാരും മുന്നോട്ടുപോയി.
സാധാരണ ഇത് കുഴപ്പമില്ല.
എന്നാൽ, ഒരാൾ പോലും ജന്മദിനാശംസ പറഞ്ഞില്ല.
ഏകാന്തത,” ട്വീറ്റിൽ റോഷെൽ കുറിക്കുന്നു.

ട്വീറ്റ് കണ്ടവർ കണ്ടവർ റോഷെല്ലിനു ആശംസകൾ അറിയിക്കാൻ തുടങ്ങിയതോടെ ട്വീറ്റുകളാൽ നിറയുകയാണ് ട്വിറ്റർ ലോകം. Happy Birthday Rochelle എന്ന ഹാഷ്‌ടാഗാണ് ഇപ്പോൾ ട്വിറ്റർ ട്രെൻഡിംഗിൽ ഒന്നാം സ്ഥാനത്തുള്ളത്.

“ട്വിറ്റർ ലോകം എന്റെ ഹൃദയത്തിൽ സ്പർശിച്ചിരിക്കുന്നു. കണ്ണീരിനിടയിലൂടെ മാത്രമേ എനിക്കീ സ്നേഹം കാണാനാവുന്നുള്ളൂ,” എന്നാണ് സ്നേഹം കൊണ്ട് തന്നെ മൂടിയ ട്വിറ്റർ ഉപയോക്താക്കളോട് റോഷെൽ പറയുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook