മലയാളത്തിന്റെ സ്വന്തം നടനവിസ്മയം മോഹൻലാലിന്റെ 59-ാം പിറന്നാളാണ് ഇന്ന്. സിനിമാലോകവും ആരാധകരും പ്രേക്ഷകരുമെല്ലാം താരത്തിന് ആശംസകൾ നേർന്നുകൊണ്ടിരിക്കുകയാണ്. ലാലേട്ടന് ആശംസകൾ അർപ്പിച്ചു കൊണ്ടുള്ള പിറന്നാൾ കാർഡുകളും വീഡിയോകളുടെയും പ്രളയമാണ് സമൂഹമാധ്യമങ്ങളിൽ. അക്കൂട്ടത്തിൽ ഏറെ ശ്രദ്ധേയമാകുകയാണ് കെ​എസ്ആർടിസി കൊട്ടാരക്കര ഫേസ്ബുക്ക് പേജിന്റെ പിറന്നാളാശംസ.

“ഇടം തോളൊന്നു മെല്ലെ ചരിച്ചു… ഹാപ്പി ബർത്ത്ഡേ ലാലേട്ടാ,” എന്ന് ആശംസിച്ചുകൊണ്ട് പോസ്റ്റ് ചെയ്തിരിക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്. തോളൽപ്പം ചരിച്ചുള്ള നടത്തമാണ് മോഹൻലാലിന്റെ മാനറിസങ്ങളിൽ പ്രധാനമായി എല്ലാവരും എടുത്തുപറയാറുള്ള കാര്യങ്ങളിലൊന്ന്. അതേ സ്റ്റൈലിൽ ഇടതുവശം അൽപ്പം ചരിച്ച്, വലതുവശം വായുവില്ലെന്ന പോലെ നിൽക്കുന്ന ഒരു കെഎസ്ആർടിസി ബസ്സാണ് ചിത്രങ്ങളിൽ നിറയുന്നത്.

Read more: Happy Birthday Mohanlal: മോഹന്‍ലാലിന് ഇന്ന് പിറന്നാള്‍: ആശംസകള്‍ നേര്‍ന്ന് സിനിമാ ലോകം

മലയാളസിനിമയിൽ നിന്നും മമ്മൂട്ടിയും മഞ്ജുവാര്യരും പൃഥ്വിരാജും നിവിൻ പോളിയുമടക്കം നിരവധിയേറെ പേരാണ് താരത്തിന് ആശംസകൾ നേർന്നുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്.

താരത്തിന് ജന്മദിനാശംസ നേര്‍ന്ന് നിരവധിയേറെ പേർ വീഡിയോകളും തയ്യാറാക്കിയിട്ടുണ്ട്. സൈന വീഡിയോ വിഷന്റെ വീഡിയോ​ ആണ് കൂട്ടത്തിൽ ശ്രദ്ധ നേടുന്ന ഒന്ന്. എട്ട് മിനുട്ട് 34 സെക്കന്റ് ദൈര്‍ഘ്യമുളള വീഡിയോയില്‍ മോഹന്‍ലാലിന്റെ വ്യത്യസ്ഥങ്ങളായ കഥാപാത്രങ്ങളെയാണ് കാണിക്കുന്നത്. മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലെ ‘ഗുഡ് ഈവനിങ് മിസിസ് പ്രഭാ നരേന്ദ്രന്‍’ എന്ന സംഭാഷണത്തില്‍ തുടങ്ങി ലൂസിഫർ സിനിമയിൽ ക്ലൈമാക്‌സില്‍ സ്റ്റീഫന്‍ നെടുമ്പള്ളിയായി എത്തുന്ന മോഹന്‍ലാല്‍ കഥാപാത്രത്തിലാണ് വീഡിയോ അവസാനിക്കുന്നത്.

വില്ലനായി കടന്നുവന്ന് മലയാളികളുടെ മനസ്സില്‍ കൂടുകൂട്ടിയ അസാമാന്യ പ്രതിഭയാണ് മോഹന്‍ലാല്‍. അതുകൊണ്ടാണ് ഈ കഥാപാത്രങ്ങള്‍ക്ക് മറവിയുടെ മറ വീഴാത്തത്. ജനപ്രീതിയുടെ അഭ്രപാളിയില്‍ നിരന്തര സാന്നിധ്യമായി ദശാബ്ദങ്ങള്‍ക്കിപ്പുറവും നിറഞ്ഞ് നില്‍ക്കാനാവുന്നത്.

സുഹൃത്തുക്കളായ പ്രിയദര്‍ശന്‍, സുരേഷ്‌കുമാര്‍ എന്നിവരുമായി ചേര്‍ന്നു ഭാരത് സിനി ഗ്രൂപ്പ് എന്ന കമ്പനി സ്ഥാപിച്ച ലാല്‍ 1978 സെപ്റ്റംബര്‍ മൂന്നിന് തിരനോട്ടം എന്ന സിനിമയിലൂടെയാണ് വെള്ളിത്തിരയില്‍ അരങ്ങേറുന്നത്. ഈ ചിത്രം പുറത്തിറങ്ങിയില്ല. വില്ലനായി അഭിനയിച്ച ‘മഞ്ഞില്‍വിരിഞ്ഞ പൂക്കള്‍’ ആണ് ലാലിന്റെതായി ആദ്യം പുറത്തിറങ്ങുന്ന ചിത്രം. പിന്നീടിങ്ങോട്ടുള്ളത് ചരിത്രമാണ്. അഭിനയജീവിതത്തിന്റെ നാള്‍വഴികളില്‍ രണ്ടു തവണ മികച്ച നടനുള്ളതടക്കം നാല് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ നേടിയ മോഹന്‍ലാലിനെ തേടിവന്നു. ഇന്ത്യന്‍ ചലച്ചിത്രങ്ങള്‍ക്ക് നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് 2001ല്‍ പത്മശ്രീ പുരസ്‌കാരം നല്‍കി ഭാരതസര്‍ക്കാര്‍ ആദരിച്ചു. 2009ല്‍ ഇന്ത്യന്‍ ടെറിട്ടോറിയല്‍ ആര്‍മി ലഫ്റ്റ്‌നന്റ് കേണല്‍ സ്ഥാനവും നല്‍കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook