‘മാറ്റമില്ലാതെ സംഭവിക്കുന്ന ഒന്നാണ് മാറ്റം’ എന്ന പഴഞ്ചൊല്ലിന് അപവാദമാണ് മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി. അഞ്ചു പതിറ്റാണ്ടോളമായി അഭിനയരംഗത്ത് സജീവമായ അദ്ദേഹത്തിന്റെ പ്രായം തട്ടാത്ത ‘ലുക്ക്’ എല്ലായ്പ്പോഴും ആരാധകരെ ആവേശം കൊള്ളിക്കുന്നതാണ്. എന്നാല്‍ അതിലും പ്രധാനമാണ് അദ്ദേഹത്തിനു അഭിനയത്തോടുള്ള ആര്‍ജ്ജവം. 1951 സെപ്റ്റംബർ ഏഴിന് ജനിച്ച മുഹമ്മദ് കുട്ടി എന്ന മമ്മൂട്ടിക്ക് നാളെ വയസ് 69 ആണ് തികയുന്നത്. ആരാധകർ ഇപ്പോൾ തന്നെ അദ്ദേഹത്തിന്റെ ജന്മദിനാഘോഷം ആരംഭിച്ചു. പതിവ് പോലെ മാഷപ്പുകളും റെഡി.
മമ്മൂട്ടി തന്നെ പല അവസരങ്ങളിലും അത് പറഞ്ഞിട്ടുമുണ്ട് – സിനിമയോടും അഭിനയത്തോടുമുള്ള പാഷനാണ് തന്നെ ഇവിടം വരെ എത്തിച്ചത് എന്ന്. ചെറുപ്പക്കാരെപ്പോലും അസൂയപ്പെടുത്തുന്ന ഓജസ്സിനു ഉടമയായ അദ്ദേഹത്തിനെ ഡ്രൈവ് ചെയ്യുന്നത് സിനിമയോടുള്ള അടങ്ങാത്ത ആവേശമാണ്. അത് തന്നെയാണ് മമ്മൂട്ടിയുടെ ഓരോ ചിത്രം വരുമ്പോഴും ആരാധകര്‍ ആഘോഷിക്കുന്നത്.
Read More: ചർമ്മം കണ്ടാൽ പ്രായം തോന്നില്ല; മമ്മൂട്ടിയെ കുറിച്ച് വിദേശികൾ പറയുന്നു
‘അനുഭവങ്ങള്‍ പാളിച്ചകള്‍’ എന്ന സിനിമയിലാണ് പി.ഐ. മുഹമ്മദ് കുട്ടി എന്ന മമ്മൂട്ടി ആദ്യമായി ക്യാമറയ്ക്ക് മുന്നില്‍ എത്തുന്നത്. 1971 ഓഗസ്റ്റ് ആറാം തീയതിയാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്. ഈ ചിത്രത്തില്‍ ഒരു ചെറിയ വേഷത്തിലാണ് അദ്ദേഹം എത്തിയത്.
Read More: മഹാരാജാസിലെ മമ്മൂട്ടി ഇങ്ങനെയായിരുന്നു; മഹാനടന്റെ അത്യപൂർവ ചിത്രം
എം ടി വാസുദേവൻ നായർ കഥയും തിരക്കഥയും സംഭാഷണവുമെഴുതി സംവിധാനം ചെയ്ത ‘ദേവലോകം’ എന്ന മലയാള ചലച്ചിത്രമാണ് മമ്മൂട്ടി പ്രധാന വേഷത്തിൽ അഭിനയിച്ച ആദ്യത്തെ ചലച്ചിത്രം. എന്നാൽ ഈ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായില്ല.
കെ ജി ജോർജ് സംവിധാനം ചെയ്ത ‘മേള’ എന്ന ചിത്രമാണ് മമ്മൂട്ടിയിലെ അഭിനേതാവിനെ ശ്രദ്ധേയനാക്കിയത്. പിന്നീടങ്ങോട്ട് നിരവധി വേഷപ്പകർച്ചകൾ. എന്നാൽ അന്നും ഇന്നും മാറ്റമില്ലാതെ തുടരുന്ന ഒന്നാണ് മമ്മൂട്ടി എന്ന നടന്റെ സൗന്ദര്യം.