തമ്മനം ജംങ്ഷനില്‍ കോളേജ് യൂണിഫോം ധരിച്ച് മീല്‍ വില്‍ക്കുന്ന ഹനാന്‍ എന്ന പെണ്‍കുട്ടിയുടെ വാര്‍ത്തകളാണ് കഴിഞ്ഞ ഒരു ദിവസമായി സോഷ്യല്‍ മീഡിയയിലും മാധ്യമങ്ങളിലും. പഠനച്ചെലവ് കണ്ടെത്താനായി മീന്‍ വില്‍ക്കുന്ന പെണ്‍കുട്ടി എന്ന പേരില്‍ ആദ്യം സോഷ്യല്‍ മീഡിയ ഹനാന് കൈയ്യടിച്ചു. പിന്നീട് സംവിധായകന്‍ അരുണ്‍ ഗോപി തന്റെ പുതിയ ചിത്രത്തില്‍ ഹനാന് ഒരു വേഷം നല്‍കുമെന്ന് പ്രഖ്യാപിച്ചു. ഇതിനു പിന്നാലെ ഹനാന്റേത് വ്യാജ വാര്‍ത്തയാണെന്നും സിനിമയുടെ പ്രചരണത്തിനായി ചെയ്യുന്നതാണെന്നും ആരോപണങ്ങള്‍ പ്രചരിച്ചു. ഇതോടെ സോഷ്യല്‍ മീഡിയയില്‍ ഹനാനെതിരെ ആക്രമണങ്ങള്‍ ആരംഭിച്ചു. ഇപ്പോള്‍ ഹനാന്‍ തന്നെ സത്യാവസ്ഥ വിവരിച്ചു കൊണ്ട് ഫെയ്‌സ്ബുക്ക് ലൈവില്‍ എത്തിയിരിക്കുകയാണ്. താന്‍ പഠിക്കുന്ന കോളേജിന്റെ ഡയറക്ടര്‍ പൈജാസ് മൂസയുടെ ഫെയ്‌സ്ബുക്ക് വഴിയാണ് ഹനാന്‍ ലൈവില്‍ വന്നത്.

‘പോസിറ്റീവായും നെഗറ്റീവായും നിങ്ങള്‍ക്കെന്നെ ഇപ്പോള്‍ അറിയാം. ഏഴാം ക്ലാസുമുതലേ മുത്തുമാല കോര്‍ത്തും ട്യൂഷനെടുത്തും നാടകത്തില്‍ അഭിനയിച്ചും ഇവന്റ് മാനേജ്‌മെന്റില്‍ ഫ്‌ളവര്‍ ഗേളായി പോയും, ആങ്കറിങ് ചെയ്തുമെല്ലാമാണ് പഠിക്കാനുള്ള പണം കണ്ടെത്തിയിരുന്നത്. നിങ്ങള്‍ ഫെയ്‌സ്ബുക്കിലൊക്കെ കാണുന്ന ചിത്രങ്ങള്‍ ഷൂട്ടിനും ആങ്കറിങ്ങിനുമൊക്കെ പോകുമ്പോള്‍ എടുക്കുന്നതാണ്. സാധാരണ എല്ലാകുട്ടികളും ചെയ്യുന്ന പോലെ ഡബ്മാഷൊക്കെ ഞാനും ചെയ്തിട്ടുണ്ട്. പിന്നെ നിങ്ങള്‍ പറയുന്നത് എന്റെ കൈയ്യിലെ മോതിരത്തെക്കുറിച്ചാണ്. മുപ്പതു ദിവസം ഇവന്റ് മാനേജ്‌മെന്റ് ചെയ്ത് ഉണ്ടാക്കിയ പൈസകൊണ്ടാണ് ഞാനത് വാങ്ങിയത്. കേരളത്തിനകത്തും പുറത്തുമെല്ലാം കഷ്ടപ്പെട്ട് ജോലി ചെയ്ത് ഉണ്ടാക്കിയ പൈസയാണത്. ആര്‍ക്കായാലും ആഗ്രഹങ്ങളൊക്കെ കാണില്ലേ.. അതേ ഞാനും ചെയ്തുള്ളൂ,’

താന്‍ എങ്ങനെയാണ് ഇത്രയും നാള്‍ ജീവിച്ചതെന്ന് ഹനാന്‍ വീഡിയോയില്‍ വിവരിക്കുന്നുണ്ട്. ഇത്രയും നാള്‍ ചെയ്തിരുന്ന ജോലികള്‍ മാത്രം വച്ച് പിടിച്ചു നില്‍ക്കാന്‍ കഴിയാതായപ്പോഴാണ് മീന്‍ വില്‍പ്പനയിലേക്ക് തിരിഞ്ഞത്. കച്ചവടം തുടങ്ങിയിട്ട് മൂന്നു ദിവസമേ ആയുള്ളൂ. അതിനു മുമ്പ് മറ്റു പലയിടങ്ങളിലും മീന്‍ കച്ചവടം ചെയ്തിട്ടുണ്ട്. രണ്ടു മാസം മുമ്പ് ചെവിക്ക് പ്രശ്‌നമുള്ളതിനെ തുടര്‍ന്ന് ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമത്തിലായിരുന്നു, അഞ്ചു വര്‍ഷമായി നടുവേദനയ്ക്കും ചികിത്സയിലാണ്. ഇതിനിടയില്‍ കഷ്ടപ്പെട്ടാണ് താന്‍ ഇതെല്ലാം ചെയ്യുന്നതെന്നും ഹനാന്‍ പറഞ്ഞു.

‘എന്റെ ഉമ്മയ്ക്ക് മാനസികമായി ചില അസ്വസ്ഥതള്‍ ഉണ്ട്. പിതാവ് ഉപേക്ഷിച്ച് പോയിട്ടും ആരുടെ മുന്നിലും കൈനീട്ടാതെയാണ് ഇതുവരെ ജീവിച്ചത്. ഞാന്‍ ജീവിക്കാന്‍ വേണ്ടി കഷ്ടപ്പെടുന്ന ഒരു പാവം പെണ്‍കുട്ടിയാണ്. ട്രോളും കാര്യങ്ങളും ഇറക്കി നിങ്ങള്‍ എന്നെ സഹായിക്കണ്ട, വൈറലാക്കണ്ട. ജീവിക്കാന്‍ വേണ്ടി ചെയ്യുന്നതാണ്,’ ഹനാന്‍ പറഞ്ഞു.

സഹായിച്ചില്ലെങ്കിലും, ഹനാനെ ആരും ഉപദ്രവിക്കരുതെന്ന് ഡയറക്ടര്‍ പൈജാസ് മൂസ ആവശ്യപ്പെട്ടു.

‘സിനിമയില്‍ അഭിനയിക്കണം എന്നത് അവളുടെ പാഷനാണ്. മീന്‍ കച്ചവടം നടത്തുന്ന ആള്‍ സ്വര്‍ണമോതിരം ഇടരുത്, മുസ്‌ലിമാണെങ്കില്‍ തലയില്‍ തട്ടമിടണം എന്നൊക്കെ പറയുന്നതിന്റെ പിന്നിലെ മനഃശാസ്ത്രം എന്താണെന്ന് എനിക്ക് മനസിലാകുന്നില്ല,’ പൈജാസ് പറഞ്ഞു.

അതേസമയം, ഹനാന്റെ അവസ്ഥ അറിഞ്ഞപ്പോൾ ആ കുട്ടിക്ക് ഒരു കൈത്താങ്ങാകും എന്നു കരുതിയാണ് സിനിമയിൽ അവസരം നൽകാമെന്ന തീരുമാനമെടുത്തതെന്നും അതൊരിക്കലും പബ്ലിസിറ്റി സ്റ്റണ്ടായി വിലയിരുത്തപ്പെടുമെന്ന് കരുതിയില്ലെന്നും സംവിധായകൻ അരുൺ ഗോപി പറഞ്ഞതായി മനോരമ ഓൺലൈൻ റിപ്പോർട്ട് ചെയ്യുന്നു.

സോഷ്യൽ മീഡിയയിൽ വൈറലായ ഹനാന്റെ പോസ്റ്റ് താൻ ഫെയ്സ്ബുക്കിൽ പങ്കുവച്ചിരുന്നുവെന്നും അവരുടെ ജീവിതം എല്ലാവർക്കും മാതൃകയാകട്ടെ എന്ന ചിന്തയോടെയാണ് അങ്ങനെ ചെയ്തതെന്നും അരുൺ ഗോപി പറയുന്നു. ‘ഈ കുട്ടിക്ക് ഒരവസരം നൽകിയാൽ സഹായകമാകും ചേട്ടാ’ എന്നൊരു കമന്റ് ആ പോസ്റ്റിനു താഴെ വന്നതിനെ തുടർന്ന് അതിന് മറുപടി പറയുകയും ചെയ്തു. മാധ്യമങ്ങൾ വഴി അറിഞ്ഞ വാർത്ത ശരിയായിരിക്കും എന്ന ബോധ്യത്തോടെയാണ് ആ കുട്ടിയെ സിനിമയിൽ അഭിനയിപ്പിക്കാമെന്ന തീരുമാനം എടുക്കുന്നത്,’ അരുൺ ഗോപി വ്യക്തമാക്കി.

Get Malayalam News and latest news update from India and around the world. Stay updated with today's latest Social news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ