ജോലിയുള്ളവരാകാട്ടെ വിദ്യാര്‍ഥികളാകട്ടെ, ഏറ്റവും താത്പര്യമില്ലാത്ത ദിവസം ഏതെന്ന് ചോദിച്ചാല്‍ ഒറ്റ ഉത്തരമെ കാണൂ, തിങ്കളാഴ്ച. ഞായറാഴ്ചയിലെ അവധിക്ക് ശേഷം തിങ്കളാഴ്ചയിലെ ജോലി-പഠന ഭാരങ്ങളിലേക്ക് കടക്കാന്‍ മടിയുള്ളവരാണ് കൂടുതല്‍ പേരും. അതിനാല്‍ തന്നെ എല്ലാവരും വെറുക്കപ്പെട്ട ദിവസമായി കണക്കാക്കുന്നത് തിങ്കളാഴ്ചയായിരിക്കും.
ഇതെ ചിന്ത തന്നെയാണ് ഗിന്നസ് ലോക റെക്കോര്ഡിനുമുണ്ടായത്. തിങ്കളാഴ്ചയെ ഏറ്റവും വെറുക്കപ്പെട്ട ദിവസമായി ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തു. ട്വിറ്ററിലൂടെയാണ് പ്രഖ്യാപനമുണ്ടായത്. നെറ്റിസണ്‍സും ഗിന്നസിന്റെ പ്രഖ്യാപനത്തെ ഇരുകൈകളും നീട്ടി സ്വീകരിച്ചു.
“ഞാന്‍ ഈ കാരണംകൊണ്ട് തന്നെ എല്ലാ തിങ്കളാഴ്ചയും അവധിയെടുക്കും,” ഗിന്നസിന്റെ ട്വീറ്റിന്റെ താഴെ ഒരാള്‍ കുറിച്ചു. ഈ ഒരു തീരുമാനത്തിലേക്ക് എത്താന്‍ ഗിന്നസ് ഒരുപാട് വൈകിയെന്നാണ് മറ്റ് ചിലര്‍ അഭിപ്രായപ്പെട്ടത്. രസകരമായ കമന്റുകളും ഗിന്നസിന്റെ ട്വീറ്റിന് താഴെ വന്നിട്ടുണ്ട്.
“തിങ്കളാഴ്ച നിരോധിക്കാന്‍ പരാതി നല്കിയാല് അടുത്ത തിങ്കളാഴ്ച ചൊവ്വയാകും. അതിനാല്‍ ഞായാറാഴ്ചയ്ക്ക് ശേഷമുള്ള എല്ലാ ദിവസവും നിരോധിക്കണം. അപ്പോള്‍ നമുക്ക് ഞായറാഴ്ച മാത്രമെ ഉണ്ടാകും,” ഇതായിരുന്നു ഒരാളുടെ കമന്റ്.
നിങ്ങളുടെ തിങ്കളാഴ്ച നന്നായാല്‍, വാരത്തിലെ എല്ലാ ദിവസവും നന്നാവും, ഇത്തരം അഭിപ്രായങ്ങളുടെ ട്വീറ്റിന് താഴെയുണ്ട്. തിങ്കാഴ്ച രാവിലത്തേക്കാള്‍ വിഷമം ഉണ്ടാകുന്നത് ഞായറാഴ്ച വൈകുന്നേരമാണെന്നും ഒരാള്‍ കുറിച്ചു.