ഈ വര്‍ഷത്തെ ഏറ്റവും വലിയ ദീപാവലി റിലീസ് ചിത്രമാണ് വിജയ്‌യുടെ മെര്‍സല്‍. മികച്ച പ്രതികരണത്തോടെ മുന്നേറുന്ന ചിത്രം തമിഴിലെ റെക്കോര്‍ഡുകള്‍ ഭേദിച്ചാണ് തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്നത്. അതേസമയം ചിത്രം പ്രദര്‍ശിപ്പിക്കാന്‍ സമ്മതിക്കില്ലെന്ന് കാട്ടിയാണ് ബിജെപി രംഗത്തെത്തിയത്.

ചിത്രത്തില്‍ മോദി സര്‍ക്കാരിനെ വിമര്‍ശിക്കുന്ന ധാരാളം രംഗങ്ങളുണ്ടെന്നും ഇത് എഡിറ്റ് ചെയ്ത് മാറ്റണമെന്നുമാണ് ബിജെപിയുടെ ആവശ്യം. സിനിമയില്‍ ജിഎസ്ടിയെയും ഡിജിറ്റല്‍ ഇന്ത്യയെയും ഗോരഖ്പൂരിലെ കുഞ്ഞുങ്ങളുടെ മരണവുമെല്ലാം വിഷയമാവുന്നുണ്ട്. ഇതിനെയെല്ലാം സിനിമയിലൂടെ വിജയ് വിമര്‍ശിക്കുന്നുമുണ്ട്. ഇതാണ് ബിജെപിയെ ചൊടിപ്പിപ്പിച്ചത്.

അതേസമയം ചിത്രത്തില്‍ ജിഎസ്ടിയെ കുറ്റപ്പെടുത്തുന്ന രംഗങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായി മാറുന്നത്. 7 ശതമാനം മാത്രം ജിഎസ്ടി ചുമത്തുന്ന സിംഗപ്പൂരില്‍ സൗജന്യമായാണ് ചികിത്സാ സേവനം ലഭ്യമാക്കുന്നതെന്ന് വിജയ്‌യുടെ കഥാപാത്രം പറയുന്ന രംഗങ്ങളാണ് പ്രചരിക്കുന്നത്.

ഇന്ത്യയില്‍ മരുന്നുകള്‍ക്ക് 12 ശതമാനം ജിഎസ്ടി ചുമത്തുകയും മദ്യത്തിന് ചുമത്താതിരിക്കുകയും ചെയ്യുന്നതായും ഈ രംഗത്തില്‍ പറയുന്നു. ഗോരഖ്പൂരില്‍ കുട്ടികള്‍ മരിച്ചതും സംഭാഷണത്തിലേക്ക് കടന്നുവരുന്നു. ചിത്രത്തിന് ദേശീയ തലത്തില്‍ തന്നെ ശ്രദ്ധ ലഭിക്കുന്നതിന് സഹായിച്ച ബിജെപിക്കാണ് വിജയ് ആരാധകര്‍ ഇപ്പോള്‍ നന്ദി പറയുന്നത്. തമിഴ്നാട് ബിജെപി നേതൃത്വം സ്വയം മണ്ടന്മാരായി ചിത്രത്തിന് പ്രചരണം ആണ് നല്‍കുന്നതെന്നും ആരാധകര്‍ പറയുന്നു.

സമകാലീന ഇന്ത്യയിലെ വിവിധ പ്രശ്നങ്ങളില്‍ മെർസൽ സിനിമ നിലപാടുകള്‍ അവതരിപ്പിക്കുന്നുണ്ട്. 7% ജിഎസ്ടി ഉള്ള സിംഗപ്പൂരില്‍ ജനങ്ങള്‍ക്ക് ചികിത്സ സൗജന്യമാവുമ്പോള്‍ 28% ജിഎസ്ടി വാങ്ങുന്ന ഇന്ത്യയില്‍ എന്താണ് നടക്കുന്നതെന്ന് ചിത്രം ചോദിക്കുന്നുണ്ട്. ആശുപത്രിയിലെ വെന്റിലേറ്ററില്‍ എലി കടിച്ച് കുഞ്ഞ് മരിച്ചതും ഗോരഖ്പൂരിലെ ആശുപത്രിയില്‍ കുട്ടികള്‍ മരണമടഞ്ഞതും നോട്ടു നിരോധനത്തെയുമെല്ലാം ചിത്രത്തില്‍ വിമര്‍ശിക്കുന്നുമുണ്ട്. രാജ്യത്തെ ഡിജിറ്റൽ ഇന്ത്യ ക്യാംപെയിനെ കളിയാക്കുന്ന രംഗവും ചിത്രത്തിലുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ