കടലില്‍ മത്സ്യബന്ധവലയില് കുടുങ്ങുന്നത് ചെറു മീനുകള്‍ മാത്രമല്ല, തിമിംഗലവുമുണ്ട്. അങ്ങനെ മത്സ്യബന്ധന വലയില്‍ കുടങ്ങിയ 12 മീറ്റര്‍ നീളമുള്ള തിമിംഗലത്തെ രക്ഷിച്ചിരിക്കുകയാണ് ഒരു കൂട്ടം മുങ്ങല്‍ വിദഗ്ധര്‍. സ്പെയിനിലെ ബലേറിക് ദ്വീപുകളിലെ മല്ലോർക്കയുടെ കിഴക്കൻ തീരത്ത് നിന്ന് മൂന്ന് മൈൽ അകലെ ഭീമൻ തിമിംഗലത്തെ കണ്ടതായി ദി ഇൻഡിപെൻഡന്റ് ദിനപത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു. തിമിംഗലത്തിന്റെ പല വശങ്ങളില് നിന്നാണ് മുങ്ങല്‍ വിദഗ്ധര്‍ വല മുറിച്ചെടുത്തത്.
“വളരെ മനോഹരമായ ഒരു ഫീലായിരുന്നു ഉണ്ടായത്. തിമിംഗലത്തിനെ കണ്ടെത്തിയ വെള്ളിയാഴ്ച എന്റെ ജന്മദിനമായിരുന്നു. എക്കാലത്തേയും മികച്ച സമ്മാനമായാണ് ഞാന്‍ ഇതിനെ കരുതുന്നത്. സങ്കടകരമായ ഒന്നാണെങ്കിലും അവിശ്വസിനീയമായ ഒരു അനുഭവം കൂടിയായിരുന്നു,” മറൈന്‍ ബയോളജിസ്റ്റായ ജിജി ടോറസ് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സിനോട് പറഞ്ഞു.
വലയില്‍ കുടുങ്ങിയതോടെ തിമിംഗലത്തിന്റെ ആരോഗ്യത്തെ കാര്യമായി ബാധിച്ചിരുന്നു. വാ തുറക്കാന്‍ പോലും പറ്റാത്ത അവസ്ഥയിലായിരുന്നു. വല മുറിച്ച് രക്ഷിക്കാനുള്ള മുങ്ങല്‍ വിദഗ്ധരുടെ ആദ്യ ശ്രമങ്ങള്‍ പരാജയപ്പെട്ടിരുന്നു. പിന്നീട് ആൽബട്രോസ്, സ്കുവാലോ ഡൈവിംഗ് സെന്ററുകളിൽ നിന്ന് മുങ്ങൽ വിദഗ്ധരെ വിളിച്ചുവരുത്തി 45 മിനിറ്റിനുള്ളിൽ തന്നെ തിമിംഗലത്തെ വലയിൽ നിന്ന് പുറത്തെടുക്കുകയായിരുന്നു.
വല മുറിക്കാനുള്ള ആദ്യ ശ്രമത്തിനിടയില്‍ തിമിംഗലം പരിഭ്രാന്തിയിലേക്ക് നീങ്ങിയിരുന്നു. വല മുറിച്ചു തുടങ്ങിയതോടെ കാര്യങ്ങള്‍ ശാന്തമാവുകയായിരുന്നു. വലയില്‍ നിന്ന് മോചിപ്പിക്കപ്പെട്ടതോടെ മുങ്ങല്‍ വിദഗ്ധര്‍ക്ക് നന്ദിയും പറഞ്ഞു തിമിംഗലം.
Also Read: ഫോട്ടോ എടുക്കുമ്പോ ചോദിച്ചിട്ട് ഒക്കെ എടുക്കണ്ടേ? അല്ലെങ്കില്‍ പണി പാളും; വീഡിയോ