നെറ്റ്ഫ്‌ളിക്‌സില്‍ റിലീസ് ചെയ്ത് ആഴ്ചകള്‍ക്കുശേഷവും ‘മിന്നല്‍ മുരളി’ തരംഗം തുടരുകയാണ്. ‘സേവ് ദ ഡേറ്റ്’ ഷൂട്ടിങ്ങില്‍ ദേശി സൂപ്പര്‍ഹീറോയില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട ദമ്പതികള്‍ വിവാഹത്തിലും മിന്നല്‍ മുരളി ട്വിസ്റ്റ് സൃഷ്ടിച്ചിരിക്കുകയാണ്. മിന്നല്‍ മുരളിയെപ്പോലെ വസ്ത്രം ധരിച്ചാണ് വരന്‍ വിവാഹദിനത്തില്‍ പ്രത്യക്ഷപ്പെട്ടത്.
കോട്ടയം സ്വദേശിയായ അമല്‍ രവീന്ദ്രനാണു ഈ കഥയിലെ നായകന്‍. മിന്നല്‍ മുരളിയെപ്പോലെ ചുവപ്പും നീലയും കലര്‍ന്ന വേഷത്തില്‍ വരന്‍ ഒരു വയലില്‍വിച്ച് വധുവിനെ മാലയണിയിക്കുന്നതും ഇരുവരും ഓടുന്നതുമായ വിഡിയോ വൈറലാണ്. വിഡിയോ ശ്രദ്ധയില്‍പ്പെടുത്താനായി നിരവധി ആരാധകരാണ് സിനിമയിലെ നായകന്‍ ടൊവിനോ തോമസിനെ ടാഗ് ചെയ്തിരിക്കുന്നത്.
വിവാഹശേഷം ഫൊട്ടോഗ്രാഫറുടെ നിര്‍ദ്ദേശപ്രകാരം പെട്ടെന്നു ചിത്രീകരിച്ചതാണ് വിഡിയോയെന്ന് അമല്‍ ഇന്ത്യന്‍ എക്‌സ്പ്രസ് ഡോട്ട് കോമിനോട് ഫോണിലൂടെ പറഞ്ഞു.
”ഷൂട്ടിനു ശേഷം എന്നെ ആ വസ്ത്രത്തില്‍ കാണാന്‍ ബന്ധുക്കള്‍ ആവേശത്തിലായിരുന്നു. വിവാഹ ദിവസം എന്റെ കസിന്‍സ് സൂപ്പര്‍ഹീറോ വേഷം ധരിക്കാന്‍ പദ്ധതിയിട്ടിരുന്നു. കൊവിഡും അനുബന്ധ നിയന്ത്രണങ്ങളും കാരണം അവര്‍ക്കു വിവാഹത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ല. ‘സേവ് ദ ഡേറ്റ്’ വീഡിയോ കണ്ടശേഷം പലര്‍ക്കും വിവാഹത്തെക്കുറിച്ച് ആകാംക്ഷയയുണ്ടായിരുന്നു,” അമല്‍ പറഞ്ഞു.
ഫൊട്ടോഗ്രാഫിയില്‍ താല്‍പ്പര്യമുള്ള അമല്‍ വിവാഹ ഫൊട്ടോഷൂട്ട് പ്രത്യേകയുള്ളതാകണമെന്ന് ആലോചിച്ചിരുന്നു. ഓണ്‍ലൈനില്‍ പരതി ആത്രേയ വെഡ്ഡിങ് ഫൊട്ടോഗ്രാഫി ടീമിനെ കണ്ടെത്തി. അപ്രതീക്ഷിതായ ഉള്ളടക്കം ചെയ്യാന്‍ താന്‍ തയാറായിരുന്നുവെന്നും അമല്‍ പറഞ്ഞു. ഇരുപത്തിയൊന്‍പതുകാരനായ അമല്‍ സ്റ്റോര്‍ മാനേജരായി ജോലി ചെയ്യുകയാണ്.
സേവ് ദ ഡേറ്റ് വീഡിയോയ്ക്കു ശേഷമുള്ള ഷൂട്ടിങ് അനുഭവം തനിക്ക് പരിചിതമായിരുന്നുവെന്ന് വധു അഞ്ജു കെഎച്ച് പറഞ്ഞു. ”സേവ് ദ ഡേറ്റ് വിഡിയോ ഷൂട്ട് സമയത്ത് ഞാന്‍ അല്‍പ്പം മടിച്ചു. എങ്കിലും നന്നായി നടന്നു. സുഹൃത്തുക്കളില്‍ നിന്നും കുടുംബാംഗങ്ങളില്‍ നിന്നും നല്ല പ്രതികരണം ലഭിച്ചു. വിവാഹത്തിനുശേഷമുള്ള ഷൂട്ടില്‍ ഞാന്‍ വളരെ ഉത്സാഹത്തിലായിരുന്നു. ചില സുഹൃത്തുക്കള്‍ എന്നെ ‘മിന്നല്‍’ എന്നാണ് വിളിക്കുന്നത്,” യുവതി പറഞ്ഞു. ഇരുപത്തി ഒന്‍പതുകാരിയായ അഞ്ജു സിവില്‍ എന്‍ജിനീയറാണ്.
വൈറലായ ‘സേവ് ദ ഡേറ്റ്’ എന്ന വിഡിയോയില്‍ വിഷമകരമായ സാഹചര്യത്തില്‍ അഞ്ജുവിന്റെ സഹായത്തിനെത്തിയ മുഖംമൂടി ധരിച്ച സൂപ്പര്‍ഹീറോയുടെ വേഷമായിരുന്നു അമലിന്.
അതിനിടെ, സംസ്ഥാനത്ത് വാക്‌സിനേഷന്‍ പ്രോത്സാഹിപ്പിക്കുന്നതിനായി സംസ്ഥാന ആരോഗ്യവകുപ്പ് പങ്കുവച്ച മിന്നല്‍ മുരളി സ്പൂഫ് ശ്രദ്ധയാകര്‍ഷിക്കപ്പെടുകയാണ്. സിനിമയിലെ അവസാന രംഗം ആവര്‍ത്തിക്കുന്ന സ്പൂഫില്‍ സൂപ്പര്‍ഹീറോ കഥാപാത്രം കോവിഡ് വാക്സിനായി മാറുകയും വൈറസിനെ വിജയകരമായി നശിപ്പിക്കുകയും ചെയ്യുന്നു.
Also Read: മലനിരകള്‍ക്ക് മുകളില്‍ ഒന്നൊന്നര ‘യു ടേണ്‍’ സാഹസം; വീഡിയോ