കൊച്ചി: ലോക വനിതാ ദിനത്തോട് അനുബന്ധിച്ച് മാതൃഭൂമിയുടെ ദ്വൈവാരികയായ ഗൃഹലക്ഷ്മിയുടെ തുറിച്ച് നോക്കരുത് ഞങ്ങള്‍ക്ക് മുലയൂട്ടണം ക്യാമ്പയിന്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു. മുലയൂട്ടുന്ന സ്ത്രീയുടെ കവര്‍ ചിത്രവുമായാണ് ഗൃഹലക്ഷ്മി പുറത്തിറങ്ങിയിരിക്കുന്നതും ക്യാമ്പയിന്‍ ആരംഭിച്ചിരിക്കുന്നതും. മോഡലും നടിയുമായ ജിലു ജോസഫാണ് കവര്‍ ഗേളായി എത്തിയിരിക്കുന്നത്.

അതേസമയം, ഗൃഹലക്ഷ്മിയുടെ കവര്‍ ചിത്രത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. മാറ്റത്തിലേക്കുള്ള ചുവടുവെപ്പായാണ് ഭൂരിപക്ഷമാളുകളും കവറിനെ കാണുന്നത്. എന്നാല്‍, നെറ്റിയില്‍ സിന്ദൂരം ചാര്‍ത്തിയ, വെളുത്ത മോഡലിനെ കവര്‍ ഗേളായ ചിത്രീകരിച്ചതിന് പിന്നില്‍ സവര്‍ണ്ണ മനോഭാവമാണെന്നും ചിലര്‍ പ്രതികരിക്കുന്നുണ്ട്.

‘നെറ്റിയിലെ സിന്ദൂരവും താലിമാലയും നിലനില്‍ക്കെ തന്നെ ഇത് യാഥാസ്ഥിതികതയേ വെല്ലുവിളിക്കുന്ന സമര സ്വഭാവം ഉള്ള ചിത്രം ആയാണ് കാണുന്നത്… മാറ്റങ്ങള്‍ ഒറ്റരാത്രികൊണ്ട് കൊണ്ട് വരണം എന്ന ശാഠ്യമില്ല… അത് കാലാനുസൃതമായി തന്നെ നടക്കട്ടെ… ഐക്യമത സദാചാരവാദികളെ ടാക്ടിക്കലായി നേരിടുന്നതിന്റെ ആദ്യ പടിയായി കണ്ടാല്‍ മതി..’ എന്നായിരുന്നു ഷിദീഷ് ലാല്‍ എന്നയാളുടെ പ്രതികരണം. അതേസമയം, ‘ആണ്‍മലയാളിയുടെ മുലനോട്ടങ്ങളെ ഭയക്കാതെ, കൂസാതെ കുഞ്ഞിന് ഭക്ഷണം കൊടുക്കാന്‍ അമ്മമാര്‍ക്ക് കഴിയട്ടെ.’ എന്നായിരുന്നു മാധ്യമ പ്രവര്‍ത്തകനായ അബിന്‍ ജോസഫിന്റെ പ്രതികരണം.

Read More കുനിയുമ്പോള്‍ മാറത്ത് കൈവച്ചില്ലെങ്കില്‍ കുലസ്ത്രീയല്ലെന്ന് പറയുന്നന നാടാണ് നമ്മുടേത്: ജിലു ജോസഫ്‌

‘വിവാദങ്ങള്‍ക്കിവിടെ സ്ഥാനമുണ്ടെന്ന് തോന്നുന്നില്ല. സിന്ദൂരമിട്ടാണോ കൊന്തയിട്ടാണോ അമ്മ മുലയൂട്ടുന്നതെന്ന് നോക്കുന്നത് ചിത്രത്തിന്റെ ഉദ്ദേശ്യം കളയുകയേ ഉള്ളൂ. സൗന്ദര്യബോധത്തെ തൃപ്തിപ്പെടുത്തുന്ന മോഡലിനെ വച്ചതും അവഗണിക്കാം. ചര്‍ച്ച ചെയ്യപ്പെടേണ്ട വിഷയം അതിലും വലുതായതുകൊണ്ട്’. എന്ന് ഡോക്ടര്‍ നെല്‍സണ്‍ ജോസഫും ഫെയ്‌സ്ബുക്കില്‍ കുറിക്കുന്നു.

അതേസമയം, ഒരു വിഭാഗം ക്യാമ്പയിനെതിരേയും രംഗത്തെത്തിയിട്ടുണ്ട്. മുലയൂട്ടുന്ന അമ്മാമാരെ ആരും തുറിച്ചു നോക്കാറില്ലെന്നും കവര്‍ വാരിക വിറ്റു പോകാനുള്ള ഗൃഹലക്ഷ്മിയുടെ തന്ത്രമാണെന്നുമാണ് ചിലര്‍ ആരോപിക്കുന്നത്. ‘കുഞ്ഞിനെ മുലയൂട്ടുന്ന അമ്മയെ കാണുമ്പോള്‍ പുരുഷന്‍മാര്‍ക്ക് കാമഭ്രാന്തിളകുമെന്നു പറയുന്ന മാതൃഭൂമിയുടെ കച്ചവടതന്ത്രം എത്ര മ്ലേച്ചമാണ്. ലോകത്തിലെ ഏറ്റവും സുന്ദരമായ കാഴ്ചയാണ് അമ്മമടിത്തട്ടിലിരുന്ന് കുഞ്ഞിന് മുലയൂട്ടുന്ന കാഴ്ച. ആദരവോടെയല്ലാതെ അനാവശ്യമായ ഒരു നോട്ടവും ഒരമ്മയുടെ വയറ്റില്‍ നിന്ന പിറന്നു വീണ ഒരുത്തനും കാണിക്കില്ല.’ എന്നായിരുന്നു അരുണ്‍ മാധവ് എന്നയാളുടെ പ്രതികരണം.

സിന്ദൂരമിടാതെ മുലയൂട്ടാനുള്ള ധൈര്യം സ്ത്രീകള്‍ക്ക് എന്നാണാവോ ഉണ്ടാവുക എന്നായിരുന്നു സംവിധായകനും ഛായാഗ്രാഹകനുമായ പ്രതാപ് ജോസഫിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ചര്‍ച്ചകള്‍ പലതരത്തില്‍ കൊടുമ്പിരി കൊള്ളുന്നുണ്ടെങ്കിലും ഭൂരിപക്ഷം ആളുകളും ഗൃഹലക്ഷ്മിയുടെ കവര്‍ മാറ്റത്തിന്റെ തുടക്കത്തിലേക്കുള്ള ചവിട്ടു പടിയാണെന്നാണ് വിലയിരുത്തുന്നത്.

കുഞ്ഞിനെ മുലയൂട്ടുക എന്നത് അമ്മയ്ക്ക് മാത്രം കിട്ടുന്ന പ്രിവിലേജ് ആയാണ് താന്‍ മനസിലാക്കിയിരിക്കുന്നതെന്നും അതിനെ സമൂഹം വള്‍ഗറായി ചിത്രീകരിക്കുമ്പോള്‍ മാത്രമാണ് അതില്‍ അസ്വാഭാവികത വരുന്നതെന്നുമായിരുന്നു കവറിനെ കുറിച്ച് മോഡലായ ജിലു ജോസഫിന്റെ പ്രതികരണം. ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ജിലുവിന്റെ പ്രതികരണം.

ചില പ്രതികരണങ്ങള്‍ കാണാം.











Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook