യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനോട് “പകരം വീട്ടി” കാലവാസ്ഥാ വ്യതിയാനത്തിനെതിരായ പ്രചാരണങ്ങളിലൂടെ ശ്രദ്ധേയയായ ഗ്രേറ്റ തൻബെർഗ്. 2019ൽ യുഎസ് പ്രസിഡന്റ് തന്നെക്കുറിച്ച് നടത്തിയ ഒരു ട്വീറ്റിന്റെ അതേ ഭാഷയിൽ യുഎസ് തിരഞ്ഞെടുപ്പിനെക്കുറിച്ചുള്ള ട്രംപിന്റെ ട്വീറ്റിന് മറുപടി നൽകിയിരിക്കുകയാണ് ഗ്രേറ്റ ഇപ്പോൾ.

പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ജോ ബൈഡൻ മുന്നേറ്റം നടത്തുന്നതിനിടെ വോട്ട് എണ്ണൽ നിർത്തിവയ്ക്കണം (STOP THE COUNT!) എന്ന് പറഞ്ഞ് ട്രംപ് ട്വീറ്റ് ചെയ്തിരുന്നു. ഈ ട്വീറ്റിന് മറുപടിയായാണ് ട്രംപ് മുൻപ് തനിക്കെതിരെ നടത്തിയ ട്വീറ്റിന്റെ പാരഡി ഉപയോഗിച്ച് ഗ്രേറ്റ പരിഹസിക്കുന്നത്.

“ഇത് വളരെ പരിഹാസ്യമാണ്. ഡൊണാൾഡ് തന്റെ ദേഷ്യം നിയന്ത്രിക്കുന്നതിനായി ശ്രമിക്കണം, തുടർന്ന് ഒരു സുഹൃത്തിനോടൊപ്പം പഴയ ഒരു നല്ല സിനിമ കാണാൻ പോണം! ചിൽ, ഡൊണാൾഡ്, ചിൽ!,” ഗ്രേറ്റ ട്വീറ്റ് ചെയ്തു.

ട്രംപിന്റെ “സ്റ്റോപ്പ് ദ കൗണ്ട്” എന്ന ട്വീറ്റ് ഈ വാചകങ്ങൾ ചേർത്ത് ഗ്രേറ്റ റീ ട്വീറ്റ് ചെയ്യുകയായിരുന്നു. യുഎസ് തിരഞ്ഞെടുപ്പ് ഫലത്തിനെതിരെ ട്രംപിന്റെ ട്വീറ്റുകൾ തുടർന്നുകൊണ്ടിരിക്കുകയാണ്. ഇതിനിടെയാണ് ഗ്രേറ്റ ട്രംപിനെ ട്രോളിക്കൊണ്ട് ട്വീറ്റ് ചെയ്തത്. 12 മണിക്കൂറിനിടെ 12 ലക്ഷം പേർ ഗ്രേറ്റയുടെ ഈ ട്വീറ്റ് ലൈക്ക് ചെയ്തു.

2019ൽ ട്രംപ് തനിക്കെതിരെ നടത്തിയ ട്വീറ്റിലെ അതേ വാചകങ്ങളാണ് ഗ്രേറ്റ ഉപയോഗിച്ചത്. ടൈം മാഗസിന്‍റെ ‘പേഴ്സൺ ഓഫ് ദി ഇയർ’‌ ആയി ഗ്രേറ്റയെ തിരഞ്ഞെടുത്ത സമയത്താണ് 17കാരിയായ ഗ്രേറ്റയെ ട്രംപ് അപഹസിച്ചത്. ഗ്രേറ്റയെ പേഴ്സൺ ഓഫ് ദ ഇയർ ആയി തിരഞ്ഞെടുത്ത വാർത്ത പങ്കിട്ടുകൊണ്ടായിരുന്നു അവരെ അപഹസിച്ചുള്ള ട്രംപിന്റെ ട്വീറ്റ്.

“ഇത് വളരെ പരിഹാസ്യമാണ്. ഗ്രേറ്റ തന്റെ ദേഷ്യം നിയന്ത്രിക്കുന്നതിനായി ശ്രമിക്കണം, തുടർന്ന് ഒരു സുഹൃത്തിനോടൊപ്പം പഴയ ഒരു നല്ല സിനിമ കാണാൻ പോണം! ചിൽ, ഗ്രേറ്റ, ചിൽ!,” എന്നായിരുന്നു അന്ന് ട്രംപ് ട്വീറ്റ് ചെയ്തത്.

ഇതിനെത്തുടർന്ന് ട്രംപിന്റെ ട്വീറ്റിന് മറുപടി ആയി ഗ്രേറ്റ ട്വിറ്ററിൽ തന്നെക്കുറിച്ചുള്ള വിവരണം മാറ്റിയിരുന്നു. “കോപം നിയന്ത്രിക്കാനാവാത്ത പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുന്ന ഒരു കൗമാരക്കാരി. ഇപ്പോൾ ഒരു സുഹൃത്തിനോടൊപ്പം പഴയ ഒരു നല്ല സിനിമ കണ്ട് തണുപ്പിക്കുന്നു,” എന്നാണ് ഗ്രേറ്റ ട്വിറ്ററിൽ ബയോ മാറ്റിയത്.

ഗ്രേറ്റയുടെ ഏറ്റവും പുതിയ ട്വീറ്റിനോട് സോഷ്യൽ മീഡിയയിൽ നിരധി പേർ പ്രതികരണമറിയിച്ചിട്ടുണ്ട്.

ട്രംപും തൻ‌ബെർഗും മറ്റ് പല അവസരങ്ങളിലും ട്വിറ്ററിൽ ചർച്ചയായിരുന്നു.

ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ ഉച്ചകോടിയിൽ 2019 ലെ പ്രസംഗത്തിനുശേഷം യുഎസ് പ്രസിഡന്റ് അവളെ “തെളിച്ചമുള്ളതും മനോഹരവുമായ ഒരു ഭാവി പ്രതീക്ഷിക്കുന്ന വളരെ സന്തോഷവതിയായ ഒരു പെൺകുട്ടി” എന്ന് വിളിച്ചിരുന്നു. ട്രംപിന്റെ ആ വിവരണത്തിന് സമാനമായ തരത്തിൽ ട്വിറ്ററിലെ ബയോ മാറ്റിയാണ് അന്നും തൻ‌ബെർഗ് പ്രതികരിച്ചത്. യുഎൻ ചടങ്ങിൽ ഗ്രേറ്റ ട്രംപിനെ ദേഷ്യത്തോടെ തുറിച്ച് നോക്കുന്ന ചിത്രവും സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook