സ്വന്തം അച്ഛനും അമ്മയും അടുത്തില്ലാത്തപ്പോൾ കുഞ്ഞുങ്ങളെ നോക്കുക എന്നത് ചിലപ്പോഴെങ്കിലും ഒരു ശ്രമകരമായ കാര്യമായി മാറാറുണ്ട്. ഒന്ന് കരഞ്ഞാൽ പിന്നെ കരച്ചിൽ മാറ്റുക എന്നത് പിടിപ്പത് പണിയായി മാറും. എന്നാൽ അതെല്ലാം നന്നായി കൈകാര്യം ചെയ്യാൻ പറ്റുന്ന ചിലരും ഉണ്ടാകും. ഒരു മുത്തച്ഛന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
“കുട്ടിയെ ഒന്ന് നോക്കിക്കോണേ അച്ഛാ എന്ന് പറഞ്ഞതാ,” എന്ന ക്യാപ്‌ഷനോടെ ഒരു ഫേസ്ബുക്ക് ഗ്രൂപ്പിൽ വന്ന വീഡിയോയാണ് വൈറലാകുന്നത്. തറയിൽ പായിൽ കിടക്കുന്ന കുഞ്ഞിന്റെ സമീപം കിടന്ന് കഥകളി സംഗീതത്തെ കുറിച്ചും അതിന്റെ ചരിത്രത്തെ കുറിച്ചും പറഞ്ഞു കൊടുക്കുന്ന മുത്തച്ഛനാണ് വീഡിയോയിൽ.
മുത്തച്ഛൻ പറയുന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള കഥകളിയുടെ ചരിത്രമെല്ലാം കുഞ്ഞു വാവ ആസ്വദിച്ചു കേൾക്കുന്നുമുണ്ട്. ഒന്നും മനസിലാകുന്നില്ലെങ്കിലും ഇടക്ക് എന്തൊക്കെയോ ശബ്‌ദങ്ങളും കുഞ്ഞ് ഉണ്ടാകുന്നുണ്ട്. അവസാനം കുഞ്ഞിന്റെ ഒരു ചിരിയുമായാണ് വീഡിയോ അവസാനിക്കുന്നത്.
Also read: ഒലിവർ ട്വിസ്റ്റിന്റെയും കുട്ടിയമ്മയുടെയും വിവാഹ ഫോട്ടോ കണ്ടെത്തി ട്രോളൻമാർ
നിരവധി പേരാണ് വീഡിയോ ഷെയർ ചെയ്‌തിരിക്കുന്നത്. ഒരുപാട് പേർ വീഡിയോക്ക് കമന്റും ചെയ്യുന്നുണ്ട്. “നിങ്ങളാണ് ഏറ്റവും നല്ല മുത്തച്ഛൻ”, “ഇങ്ങനെ വേണം കുഞ്ഞിനോട് സംസാരിക്കാൻ” തുടങ്ങി ഒട്ടനവധി രസകരമായ കമന്റുകളും വീഡിയോക്ക് താഴെ കാണാം.
“മുത്തശ്ശന് സംസാരിക്കാൻ ആരും കൂട്ടില്ലതെ ഇരിക്കുവാരുന്നു”, “ആ മൂത്തശ്ശൻ പറയുന്നത് ഒന്നും ആരും മൈൻഡ് ചെയ്യുന്നുണ്ടാവില്ല. പാവം, കുഞ്ഞിനോടെങ്കിലും അദ്ദേഹം അത് ഒക്കെ ഒന്ന് പറഞ്ഞോട്ടെ” എന്നും ചിലർ കമന്റ് ചെയ്തിട്ടുണ്ട്.