ഐസ്ലന്‍ഡില്‍ അവധി ആഘോഷിക്കാനെത്തിയ 77കാരി കടലില്‍ മുങ്ങി. പിന്നീട് ഇവരെ രക്ഷപ്പെടുത്തി. സിംഹാസനത്തിന്റെ രൂപത്തിലുളള ഐസ് കട്ടയ്ക്ക് മുകളില്‍ ഇരുന്ന് ചിത്രം പകര്‍ത്തുന്നതിനിടയിലാണ് അപകടം ഉണ്ടായത്. ടെക്സാസില്‍ നിന്നുളള ജൂഡിറ്റ് സ്ട്രെങ് ആണ് ജോകുല്‍സാര്‍ലനിലുളള ഡയമണ്ട് ബീച്ചില്‍ കുടുംബസമേതം എത്തിയത്.

‘ഐസ് കട്ടയിലെ രാജ്ഞി’ ആയി ഇരുന്നപ്പോള്‍ ഏറെ സന്തോഷം തോന്നിയിരുന്നതായി പിന്നീട് ജൂഡിറ്റ് പറഞ്ഞു. മകനോട് ചിത്രം എടുക്കാന്‍ ആവശ്യപ്പെട്ടാണ് ജൂഡിറ്റ് ഐസ് കട്ടയ്ക്ക് മുകളില്‍ ഇരുന്നത്. എന്നാല്‍ മകന്‍ ചിത്രം എടുക്കുന്നതിനിടെ ഒരു കൂറ്റന്‍ തിരമാല വന്നു. ‘ഞാന്‍ കയറി ഇരുന്നപ്പോള്‍ സിംഹാസനം കണക്കെയുളള ഐസ് കട്ട ചെറുതായി പൊടിയുന്നുണ്ടായിരുന്നു. പക്ഷെ കൂറ്റന്‍ തിരമാല വന്നപ്പോള്‍ ഞാന്‍ ഇരുന്ന ഐസ് കട്ട അപ്രത്യക്ഷമായി.’ ജൂഡിറ്റ് പറഞ്ഞു.

ജൂഡിന്റെ കൊച്ചുമകളാണ് ചിത്രങ്ങളും വിവരങ്ങളും ഫെയ്സ്ബുക്കില്‍ പങ്കുവെച്ചത്. ‘വെളളത്തില്‍ ഒഴുകിയപ്പോള്‍ മുത്തശ്ശിയുടെ രാജപദവി നഷ്ടമായി’ എന്നാണ് കൊച്ചുമകളായ ക്രിസ്റ്റീന്‍ കുറിച്ചിരിക്കുന്നത്. തിരമാല എടുത്ത് കൊണ്ടുപോയ ജൂഡിറ്റിനെ തീര സംരക്ഷണ വിഭാഗത്തിലെ ഒരു ഉദ്യോഗസ്ഥനാണ് രക്ഷിച്ചത്.

റാന്‍ഡി ലാക്കൗണ്ട് എന്നയാളാണ് തന്നെ രക്ഷിച്ചതെന്ന് ജൂഡിറ്റ് വ്യക്തമാക്കി. താന്‍ ഒഴുകിപ്പോകുന്നത് കണ്ട അദ്ദേഹം ഉടന്‍ തന്നെ ബോട്ടില്‍ പിന്തുടര്‍ന്നെത്തി ജൂഡിറ്റിനെ രക്ഷിച്ചു കരയ്ക്കെത്തിച്ചു. ‘എല്ലായ്പ്പോഴും ഒരു രാജ്ഞിയായി ഇരിക്കണമെന്ന് വിചാരിച്ചയാളാണ് ഞാന്‍. ആ സിംഹാസനത്തില്‍ ഇരിക്കുക എന്നത് എന്റെ തീരുമാനം തന്നെ ആയിരുന്നു,’ ജൂഡിറ്റ് പിന്നീട് പ്രതികരിച്ചു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Social news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ