ആള്‍മറയില്ലാത്ത കിണറ്റില്‍ സ്ത്രീ വീഴുന്നതിന്റെ ദൃശ്യങ്ങള്‍ കൊച്ചുമക്കളുടെ ക്യാമറയില്‍ പതിഞ്ഞ വീഡിയോ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയില്‍ പ്രചരിച്ചിരുന്നു. ആധികാരികതയില്ലാത്ത വീഡിയോ വ്യാപകമായി ഫെയ്സ്ബുക്കിലും വാട്സ്ആപ്പിലും പ്രചരിക്കുകയും ചെയ്തു. എന്നാല്‍ ഇത് കെട്ടിച്ചമച്ച വീഡിയോ ആണെന്നാണ് പുതിയ വെളിപ്പെടുത്തല്‍.

സിനിമയുടെ പ്രചാരണത്തിനായി ചിത്രീകരിച്ച ദൃശ്യങ്ങളാണ് ഇതെന്നാണ് സംവിധായകന്‍ കെ.രാധാകൃഷ്ണന്‍ വെളിപ്പെടുത്തിയിരിക്കുന്നത്. പാലക്കാട് പ്രസ് ക്ലബ്ബില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് വീഡിയോയ്ക്ക് പിന്നിലെ കഥ അദ്ദേഹം തുറന്നുപറഞ്ഞത്. യാതൊരു ആധികാരികതയും ഇല്ലാത്ത ഇത്തരം വീഡിയോകള്‍ എങ്ങനെയാണ് സോഷ്യൽ മീഡിയയില്‍ പ്രചരിക്കുന്നതെന്ന് കാണിക്കാനാണ് വീഡിയോ തയ്യാറാക്കിയതെന്ന് അദ്ദേഹം പറഞ്ഞു. ദൃശ്യത്തില്‍ കാണാവുന്ന കൂനത്തറ രാജലക്ഷ്മി എന്ന അഭിനേത്രിയും സംവിധായകനൊപ്പം വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

രണ്ട് ആണ്‍കുട്ടികള്‍ കിണറിനടുത്ത് കളിക്കുകയും ഇതില്‍ മൂത്ത കുട്ടി ഇതെല്ലാം വീഡിയോയില്‍ പകര്‍ത്തുകയും ചെയ്യുകയായിരുന്നു. ഈസമയം ആള്‍മറയില്ലാത്ത കിണറ്റില്‍ നിന്ന് വെള്ളം കോരുകയായിരുന്നു ഇവരുടെ അമ്മാമ്മ എന്നു കുട്ടികള്‍ വിളിക്കുന്ന സ്ത്രീ. കുട്ടികള്‍ കിണറിനടുത്തേക്ക് വന്നപ്പോള്‍ അവിടെ നിന്ന് പോകാന്‍ അമ്മാമ്മ അവരെ ശാസിക്കുന്നതും കേള്‍ക്കാം.

അല്‍പ്പസമയത്തിന് ശേഷം മൂത്ത കുട്ടി സെല്‍ഫിയെടുക്കാന്‍ നോക്കുമ്പോഴായിരുന്നു അമ്മാമ്മ കിണറ്റില്‍ വീണത്. ഇതും വീഡിയോയില്‍ കാണാം. കിണറ്റിലേക്ക് വീഴുന്ന സ്ത്രീ അലറിക്കരയുകയും ഇത് കേട്ട് കുട്ടികള്‍ കരയുന്നതും കേള്‍ക്കാം. മൂത്ത കുട്ടി അച്ഛനെ വിളിച്ചുകൊണ്ടുവരാമെന്ന് പറഞ്ഞ് ഓടിപോവുകയും ചെയ്യുന്നത് വരെ വീഡിയോയില്‍ കേള്‍ക്കാം. ഈ വീഡിയോ പുറത്തിറങ്ങി ദിവസങ്ങള്‍ക്കകം ലക്ഷക്കണക്കിന് പേരാണ് കണ്ടത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ