തിരഞ്ഞെടുപ്പുകളുടെ ഘോഷയാത്രയാണ് ഇപ്പോള്‍ ഇന്ത്യയില്‍. സംസ്ഥാനതല തിരഞ്ഞെടുപ്പുകൾ കഴിഞ്ഞാല്‍ പിന്നെ ദേശീയ തല തിരഞ്ഞെടുപ്പ് നടക്കും. ഇത് കഴിയുന്നതിന് മുമ്പേ വീണ്ടും താഴെ തട്ടില്‍ നിന്നുളള തിരഞ്ഞെടുപ്പും പിന്നാലെയെത്തും. തിരഞ്ഞെടുപ്പ് കാലത്ത് പാര്‍ട്ടിപ്രവര്‍ത്തകര്‍ പരസ്‌പരം വെല്ലുവിളിക്കുമ്പോള്‍ ട്രോളന്മാര്‍ക്കും ചാകരക്കാലമായിരിക്കും. മഹാരാഷ്ട്രയില്‍ നിന്നുള്ളൊരു ഗ്രാമ പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ കാഴ്‌ചയാണ് പുതുതായി ട്രോളന്മാര്‍ക്ക് വിഷയമായി മാറിയത്.

മമ്മൂട്ടി നായകനായ കോട്ടയം കുഞ്ഞച്ചന്‍ എന്ന ചിത്രത്തില്‍ മോഹന്‍ലാലിന് പകരം പ്രൊഫസര്‍ പച്ചക്കുളം വാസു എത്തുന്ന രംഗമുണ്ട്. ഇതിന് സമാനമായ സംഭവമാണ് ഷിരൂറില്‍ നടന്നത്.

രാമലിങ് ഡവലപ്മെന്റ് പാനലാണ് തങ്ങളുടെ പ്രചരണത്തിനായി വിരാട് കോഹ്‌ലി എത്തുമെന്ന് വോട്ടര്‍മാരെ അറിയിച്ചത്. കൂടുതല്‍ വോട്ടര്‍മാരെ തങ്ങള്‍ക്ക് അനുകൂലമാക്കാനായിരുന്നു നീക്കം, എന്നാല്‍ തങ്ങള്‍ വിചാരിച്ചത് പോലെ കോഹ്‌ലിയെ പ്രചരണത്തിനെത്തിക്കുക എളുപ്പമല്ലെന്ന് കണ്ട സ്ഥാനാര്‍ത്ഥിയും സംഘവും ഒരു ഡ്യൂപ്ലിക്കേറ്റ് കോഹ്‌ലിയെ രംഗത്തിറക്കി. സ്ഥാനാര്‍ത്ഥിയുടെ വോട്ടടയാളം ബാറ്റ് ആയത് കൊണ്ടായിരുന്നു കോഹ്‌ലിയെ രംഗത്തിറക്കുമെന്ന് വാഗ്‌ദാനം ചെയ്തത്. കോഹ്‌ലി വരുന്നുണ്ടെന്നറിഞ്ഞ് സ്ഥലത്തെത്തിയ ജനങ്ങള്‍ ഡ്യൂപ്ലിക്കേറ്റ് കോഹ്‌ലിയെ കണ്ട് ഊറിച്ചിരിച്ചാണ് തിരികെ പോയത്. ചിലര്‍ ഇയാളെ കൈയ്യേറ്റത്തിന് ശ്രമിച്ചെന്നും ട്വിറ്ററില്‍ പോസ്റ്റുകള്‍ വന്നു. ഇതിന് പിന്നാലെ സോഷ്യൽ മീഡിയയില്‍ ട്രോളുകളും നിറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ