ജൊഹാനാസ്ബർഗ്: സോഷ്യൽ മീഡിയയിൽ എല്ലാവരുടെയും ഹൃദയംകവർന്ന് ഒരു അച്ഛനും മകനും. ക്രിക്കറ്റ് പ്രേമികൾക്ക് പ്രിയങ്കരനായ ഗ്രെയിം സ്മിത്താണ് കഥയിലെ നായകൻ. വാർത്താസമ്മേളനത്തിനിടെ ഷൂവിന്റെ ലെയ്സ് കെട്ടിത്തരാൻ ആവശ്യപ്പെട്ട് തന്റെ അരികിലേക്ക് എത്തിയ മകനെ സ്മിത്ത് പരിഗണിക്കുന്നതാണ് വീഡിയോയിൽ.
ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ടീം ബോർഡ് ഡയറക്ടറും മുൻ ക്യാപ്റ്റനുമായ ഗ്രെയിം സ്മിത്ത് ഒരു വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു. ദക്ഷിണാഫ്രിക്കയുടെ പാക്കിസ്ഥാൻ പര്യടനവുമായി ബന്ധപ്പെട്ട വാർത്താസമ്മേളനമായിരുന്നു. സ്മിത്ത് സംസാരിക്കുന്നതിനിടെ മകൻ പിതാവിന്റെ അടുത്തേക്ക് എത്തി. ഷൂവിന്റെ ലെയ്സ് കെട്ടിത്തരണമെന്ന് ആവശ്യപ്പെട്ടാണ് ഈ കൊച്ചുമിടുക്കൻ സ്മിത്തിന്റെ അരികിലേക്ക് എത്തുന്നത്.
Read Also: ഓസ്ട്രേലിയൻ താരങ്ങളുള്ള ലിഫ്റ്റിൽ കയറാൻ അനുവദിച്ചില്ല; സിഡ്നിയിൽ നേരിട്ട വിവേചനത്തെ കുറിച്ച് അശ്വിൻ
പിതാവ് വാർത്താസമ്മേളനത്തിനിടയിലാണെന്ന് മകൻ ഗൗനിച്ചില്ല. ഷൂവിന്റെ ലെയ്സ് കെട്ടിക്കൊടുക്കുന്നത് പിതാവിന്റെ ചുമതലയായിരിക്കണം. അതുകൊണ്ടാണ് മകൻ സ്മിത്തിന്റെ അടുത്തേക്ക് ഓടിയെത്തിയത്. നീല നിറത്തിലുള്ള ഒരു ബാറ്റുമായാണ് മകൻ സ്മിത്തിന്റെ അടുത്തേക്ക് എത്തുന്നത്. മകനെ ഒഴിവാക്കാൻ സ്മിത്ത് ആദ്യം ശ്രമിക്കുന്നുണ്ട്. എന്നാൽ, ഷൂവിന്റെ ലെയ്സ് കെട്ടിക്കൊടുക്കാനാണെന്ന് മനസിലായപ്പോൾ താരം വളരെ സൗമ്യമായി അത് ചെയ്തുകൊടുക്കുന്നുണ്ട്. കാഴ്ചക്കാരോട് ക്ഷമ ചോദിച്ച ശേഷമാണ് സ്മിത്ത് മകന്റെ ഷൂവിന്റെ ലെയ്സ് കെട്ടിക്കൊടുക്കുന്നത്. ‘ഇത് എന്നും പിതാവിന്റെ ജോലിയാണ്’ എന്നും സ്മിത്ത് പറയുന്നു.
Graeme Smith’s son crashing a press conference so he can get his shoelaces tied is absolutely adorable pic.twitter.com/OorqWXm9Pz
— Wisden (@WisdenCricket) January 22, 2021
ജോലിത്തിരക്കിനിടയിലും മകന്റെ കാര്യം ശ്രദ്ധിക്കാൻ സ്മിത്ത് മനസുകാണിച്ചത് ആരാധകരെ ഏറെ സന്തോഷിപ്പിച്ചു. നിരവധിപേർ താരത്തെ അഭിനന്ദിച്ചു.