ജയസൂര്യ, അതിഥി റാവു, ദേവ് മോഹൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമാണ് ‘സൂഫിയും സുജാതയും’. കോവിഡ് പ്രതിസന്ധിയെ തുടർന്ന് തിയറ്ററുകൾ അടച്ചിട്ടിരിക്കുന്ന സാഹചര്യത്തിൽ ആമസോൺ പ്രെെമിലൂടെയാണ് ചിത്രം റിലീസ് ചെയ്‌തത്. മലയാളത്തിൽ ആദ്യമായി ഓൺലെെൻ റിലീസ് ചെയ്‌ത സിനിമയെന്ന പ്രത്യേകതയും ‘സൂഫിയും സുജാതയും’ സ്വന്തമാക്കിയിരുന്നു.
Read Also: സിമി മോൾ ആളാകെ മാറിയെന്ന് ആരാധകർ; ഗ്രേസ് ആന്റണിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ
ചിത്രത്തിലെ ഗാനങ്ങളെല്ലാം സൂപ്പർഹിറ്റാണ്. സംഗീതത്തിനു ഏറെ പ്രാധാന്യമുള്ള ചിത്രത്തിലെ വാതുക്കല് വെള്ളരിപ്രാവ് എന്ന പാട്ട് ജനഹൃദയങ്ങളിൽ കയറിപറ്റി. സിനിമ താരങ്ങൾ അടക്കം നിരവധി പേരാണ് ഈ പാട്ടിനൊപ്പം താളംചവിട്ടുന്നത്. ഇപ്പോൾ, നടി ഗ്രേസ് ആന്റണിയാണ് ‘വാതുക്കല് വെള്ളരിപ്രാവ്…’ എന്ന ഗാനത്തിന്റെ നൃത്താവിഷ്‌കാരവുമായി രംഗത്തെത്തിയിരിക്കുന്നത്. സാമൂഹ്യമാധ്യമങ്ങളിൽ ഗ്രേസ് പങ്കുവച്ച വീഡിയോ ഏറെ ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു. ജയസൂര്യയെ ടാഗ് ചെയ്‌താണ് ഗ്രേസ് ഈ വീഡിയോ ഫെയ്‌സ്‌ബുക്കിൽ പങ്കുവച്ചിരിക്കുന്നത്.
‘കുമ്പളങ്ങി നെെറ്റ്‌സ്’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിലൂടെ മലയാളികൾക്ക് ഏറെ സുപരിചിതയായ താരമാണ് ഗ്രേസ് ആന്റണി. സിമി മോൾ എന്ന കഥാപാത്രത്തെയാണ് ‘കുമ്പളങ്ങി നെെറ്റ്‌സി’ൽ ഗ്രേസ് അവതരിപ്പിച്ചിരിക്കുന്നത്. ഇപ്പോൾ അഭിനയരംഗത്ത് മാത്രമല്ല ഒരു സംവിധാന രംഗത്തും ഗ്രേസ് കഴിവുതെളിയിച്ചിരിക്കുകയാണ്. ഗ്രേസ് സംവിധാനം ചെയ്‌ത ‘ ക്-നോളജ്’ എന്ന ഹൃസ്വചിത്രം സാമൂഹ്യമാധ്യമങ്ങളിൽ ഏറെ ചർച്ചയായിരുന്നു.
ഒമര്‍ ലുലു സംവിധാനം ചെയ്ത ‘ഹാപ്പി വെഡ്ഡിങ്സ്’ എന്ന ചിത്രത്തിലൂടെയാണ് ഗ്രേസ് അഭിനയരംഗത്ത് എത്തുന്നത്. ഹാപ്പി വെഡ്ഡിങ്ങിനു ശേഷം ‘ജോര്‍ജേട്ടന്‍സ് പൂരം’, ‘ലക്ഷ്യം’ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു. . ‘ഹാപ്പി വെഡ്ഡിങ്ങി’ലെ അഭിനയം കണ്ടിട്ടാണ് ‘കുമ്പളങ്ങി നൈറ്റ്‌സി’ന്റെ തിരക്കഥാകൃത്ത് ശ്യാം പുഷ്‌ക്കരന്‍ ഫഹദിന്റെ നായികയായി ചിത്രത്തിലേക്ക് വിളിക്കുന്നത്. കുമ്പളങ്ങി നൈറ്റ്‌സിലൂടെ ഗ്രേസ് പ്രേക്ഷകരെ ഞെട്ടിച്ചു. ചിത്രത്തിലെ സിമി മോളെ പ്രേക്ഷകര്‍ ഹൃദയത്തോടാണ് ചേര്‍ത്തുവെച്ചത്. ഈ ചിത്രത്തിനുശേഷം വിനയ് ഫോര്‍ട്ട് നായകനായി എത്തിയ തമാശ എന്ന ചിത്രത്തിലും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു.