/indian-express-malayalam/media/media_files/uploads/2018/06/rakesh.jpg)
സോഷ്യൽ മീഡിയ താരമാക്കിയ ഒട്ടേറെ പേരുണ്ട്. ആരും അറിയപ്പെടാതെ പോകുന്ന കലാകാരന്മാർക്ക് തങ്ങളുടെ കഴിവ് ലോകത്തിനു മുന്നിൽ തുറന്നു കാട്ടാനുളള വേദി കൂടിയാണ് അവിടം. സോഷ്യൽ മീഡിയയിലൂടെ ഇപ്പോൾ താരമായി മാറിയിരിക്കുന്നത് ആലപ്പുഴ ജില്ലയിലെ നൂറനാട് സ്വദേശി രാകേഷ് നൂറനാടാണ്. രാകേഷ് പാടുന്ന ഒരു വീഡിയോ സംഗീത സംവിധായകൻ ഗോപി സുന്ദർ തന്റെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവച്ചതോടെയാണ് രാകേഷ് സോഷ്യൽ മീഡിയയിൽ താരമായത്. കമൽഹാസൻ അഭിനയിച്ച വിശ്വരൂപം സിനിമയിലെ ശങ്കർ മഹാദേവൻ പാടിയ 'ഉന്നെ കാണാതു നാൻ ഇട്ര് നാനില്ലയേ' ഗാനമാണ് രാകേഷ് പാടിയത്.
''എന്റെ പാട്ട് പാടാൻ ഈ ശബ്‌ദം വേണം. ഈ അുഗ്രഹീത കലാകാരനെ കണ്ടെത്താൻ എന്നെ സഹായക്കൂ''വെന്നു പറഞ്ഞാണ് ഗോപി സുന്ദർ വീഡിയോ പോസ്റ്റ് ചെയ്‌തത്. നിമിഷങ്ങൾക്കുളളിൽതന്നെ സോഷ്യൽ മീഡിയ ആ കലാകാരൻ ആരെന്നു പറഞ്ഞു കൊടുത്തു ഗോപി സുന്ദറിന്. കൂലിപ്പണിക്കാരനായ രാകേഷ് നൂറനാട്.
പാട്ട് പാടുന്ന സമയത്ത് അതൊരിക്കലും വൈറലാവുമെന്ന് വിചാരിച്ചല്ല പാടിയതെന്ന് രാകേഷ് ഇന്ത്യൻ എക്‌സ്പ്രസ് മലയാളത്തോട് പറഞ്ഞു. ''ജോലിക്ക് പോയ സ്ഥലത്ത് വച്ചാണ് പാടിയത്. അന്നവിടെ കൂടെയുണ്ടായിരുന്നവർ ഒരു പാട്ട് പാടാൻ പറഞ്ഞു, ഞാൻ പാടി. വൈറലാവുമെന്ന് വിചാരിച്ചല്ല പാടിയത്. ആ സമയത്ത് അവിടെ ഉണ്ടായിരുന്ന ഡ്രൈവർ അത് ഷൂട്ട് ചെയ്‌തു. സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്‌തതും അദ്ദേഹമാണ്, ഞാനല്ല. ഇന്നാണ് ഇങ്ങനെ വീഡിയോ വൈറലായെന്ന് അറിയുന്നത്'', രാകേഷ് പറഞ്ഞു.
രാകേഷിന്റെ സഹോദരിയുടെ ഭർത്താവ് കുവൈത്തിലാണ്. അദ്ദേഹമാണ് പാട്ട് വൈറലായതിനെ കുറിച്ചും ഗോപി സുന്ദറിന്റെ പോസ്റ്റിനെക്കുറിച്ചും രാകേഷിനോട് പറയുന്നത്.
മനോഹരമായി പാട്ട് പാടുന്ന രാകേഷ് പാട്ട് പഠിച്ചിട്ടില്ലെന്നു കേട്ടാൽ തെല്ലൊന്നു അതിശയം തോന്നും. പാട്ട് പഠിക്കാതെ എങ്ങനെ ഇത്ര മനോഹരമായി പാടുന്നുവെന്നു ചോദിച്ചപ്പോൾ, തന്റെ വീട്ടിലെ അംഗങ്ങളൊക്കെ കലാകാരന്മാരാണെന്നും അവരുടെ പാട്ട് കേട്ടാണ് താൻ പാടാൻ തുടങ്ങിയതെന്നും ഈ ഗായകൻ പറയുന്നു. പക്ഷേ കഴിഞ്ഞ രണ്ടു മാസമായി രാകേഷ് പാട്ട് പഠിക്കാൻ പോകുന്നുണ്ട്. അതൊരു ആഗ്രഹം തോന്നിയതുകൊണ്ടാണെന്നും രാകേഷ് പറഞ്ഞു.
എല്ലാ ഭാഷയിലെ പാട്ടുകളും ഇഷ്‌ടമാണെങ്കിലും തമിഴ് പാട്ടുകളോട് രാകേഷിന് പ്രത്യേക ഇഷ്‌ടമാണ്. തമിഴ് പാട്ടുകളാണ് താൻ കൂടുതൽ പാടാറുളളതെന്നും ഈ ഗായകന്റെ വാക്കുകൾ.
വീഡിയോ കണ്ടിട്ട് ബാലഭാസ്‌കർ രാകേഷിനെ വിളിച്ചിരുന്നു. പാട്ട് നന്നായി പാടിയിട്ടുണ്ടെന്നും നല്ല ശബ്‌ദമാണെന്നും ബാലഭാസ്‌കർ പറഞ്ഞതായി രാകേഷ് പറഞ്ഞു. ഗോപി സുന്ദർ ഇതുവരെ വിളിച്ചിട്ടില്ലെന്നും രാകേഷ് വ്യക്തമാക്കി.
രാകേഷിനെ ഉടൻ തന്നെ താൻ വിളിക്കുമെന്നും നേരിൽ കാണുമെന്നുമായിരുന്നു ഗോപി സുന്ദർ ഇന്ത്യൻ എക്‌സ്പ്രസ് മലയാളത്തോട് പറഞ്ഞത്. ''രാകേഷിനെ കൊണ്ട് എന്റെ അടുത്ത സിനിമയിൽ പാടിപ്പിക്കാൻ ശ്രമിക്കും. ഒരു പാട്ട് കേട്ട് പാടുന്നതുപോലെയല്ല, ഒരു പാട്ട് പഠിച്ചു പാടുന്നത്. രാകേഷ് കഴിവുളള വ്യക്തിയാണ്'', ഗോപി സുന്ദർ പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.