ഇന്ത്യയിലെ സ്ത്രീകളുടെ തൊഴില്‍ മുന്നേറ്റങ്ങളെക്കുറിച്ചു പറയുമ്പോള്‍ ആദ്യത്തെ പേരാണ് അനസൂയ സാരാഭായ്‌യുടേത്. 1920ലാണ് അനസൂയ സാരാഭായ് അഹമ്മദാബാദില്‍ ടെക്‌സറ്റൈല്‍ തൊഴിലാളികളുടെ സംഘടന ആരംഭിക്കുന്നത്. സ്ത്രീകളുടെ ചരിത്രം മറന്നു പോകുന്ന കാലത്തോട് ഗൂഗിള്‍ ഡൂഡിലിന്റെ ഓര്‍മ്മപ്പെടുത്തലാണിത്. ഇന്ന് അനസൂയ സാരാഭായ്‌യുടെ 132-ാം ജന്മദിനം.

1885ല്‍ അഹമ്മദാബാദിലെ അറിയപ്പെടുന്ന സാരാഭായ് കുടുംബത്തിലാണ് അനസൂയ ജനിച്ചത്. അവിടെയുള്ളവര്‍ക്ക് അനസൂയ ‘മൊത്തബേന്‍’ (മുതിര്‍ന്ന സഹോദരി) ആയിരുന്നു. ഒമ്പതു വയസുള്ളപ്പോള്‍ അനസൂയക്ക് തന്റെ മാതാപിതാക്കളെ നഷ്ടപ്പെട്ടു. 13-ാം വയസില്‍ വിവാഹിതയായ അനസൂയ അധികം വൈകാതെ തന്റെ വിവാഹബന്ധം അവസാനിപ്പിച്ച് കുടുംബത്തില്‍ തിരിച്ചെത്തി.

1912ല്‍ തുടര്‍പഠനത്തിനായി അനസൂയ ഇംഗ്ലണ്ടിലേക്കു പോയി. ഇംഗ്ലണ്ട് അനസൂയയുടെ ജീവിതത്തിൽ തന്നെ വഴിത്തിരിവായി. അവിടെവച്ച് അനസൂയ ജോര്‍ജ് ബെര്‍ണാഡ് ഷായേയും, സിഡ്‌നി വെബിനേയും പരിചയപ്പെടുന്നു. അവിടം മുതല്‍ അനസൂയയുടെ ജീവിത ലക്ഷ്യം സമൂഹത്തിന്റെ സമത്വത്തിനു വേണ്ടിയായിരുന്നു. ഇന്ത്യയിലേക്ക് തിരിച്ചെത്തിയ അനസൂയ പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെ ഉന്നമനത്തിനു വേണ്ടി പ്രവര്‍ത്തിക്കാനാരംഭിച്ചു.

പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കായി സ്‌കൂളുകളും ക്രഷെകളും സ്ത്രീകള്‍ക്കായി ശൗചാലയങ്ങളും ആരംഭിച്ചു. പിന്നീട് തൊഴിലിടങ്ങളിലെ സ്ത്രീകളുടെ കഷ്ടതകള്‍ പഠിച്ചു മനസ്സിലാക്കിയ അനസൂയ അവര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. ഇന്ത്യയില്‍ അനസൂയ സാരാഭായ്‌യുടെ നേതൃത്വത്തില്‍ തൊഴിലാളി യൂണിയനുകള്‍ ആരംഭിച്ചു. മില്‍ തൊഴിലാളികളുടെ വേതനത്തില്‍ കൃത്യത വരുത്തുന്നതിനും അര്‍ഹമായ വേതനം ലഭിക്കുന്നതിനുമുള്ള പോരാട്ടത്തെ മുന്നില്‍ നിന്ന് നയിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook