കൊളോണിയില്‍ ഇന്ത്യയിലെ ആദ്യ പ്രാക്ടീസിങ് വനിതാ ഡോക്ടറായ ഡോ. രുക്മാബായിക്ക് 153ാം ജന്മദിനത്തില്‍ ഗൂഗിള്‍ ഡൂഡിലിന്റെ ആദരം. വൈദ്യശാസ്ത്രത്തില്‍ മാത്രം ഒതുങ്ങുന്ന ഒന്നല്ല രുക്മാബായിയുടെ ജീവിതം. സ്വാതന്ത്ര്യത്തിലും സാഹൂഹിക സേവനത്തിലും ആനന്ദം കണ്ടെത്തിയ ഒരു അപൂര്‍വ വ്യക്തിത്വമായിരുന്നു രുക്മാബായി.

ഹിന്ദു വിവാഹനിയമവുമായി ബന്ധപ്പെട്ട ചരിത്രം തന്നെ തിരുത്തിക്കുറിക്കാന്‍ കാരണക്കാരി. രുക്മാബായിയുടെ പോരാട്ടവും ചെറുത്തുനില്‍പും ഒരു പുതിയ നിയമം തന്നെ കുറിയ്ക്കാന്‍ ബ്രിട്ടീഷ് ന്യായാധിപന്മാരെ നിര്‍ബന്ധിതരാക്കി.

1875 ല്‍ തന്റെ പതിനൊന്നാം വയസ്സിലാണ് ദാദാജി ബികാജി എന്ന പത്തൊന്‍പതുകാരനുമായി രുക്മാബായിയുടെ വിവാഹം നടക്കുന്നത്. രുക്മാബായിയുടെ സമ്മതപ്രകാരമായിരുന്നില്ല അത്. അക്കാലത്ത് ബാലവിവാഹം ഒരു സാധാരണ സംഭവമായിരുന്നു. പ്രായപൂര്‍ത്തിയാകാത്തതിനാല്‍ രുക്മാബായി വീട്ടില്‍ തന്നെ താമസിച്ചുകൊണ്ട് വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. എന്നാല്‍ ദാദാദി രുക്മാബായിയെ തനിക്കൊപ്പം വന്നു താമസിക്കാന്‍ നിര്‍ബന്ധിച്ചുകൊണ്ടിരുന്നു.

പിന്നീട് ഇയാള്‍ രുക്മാബായിക്കെതിരെ കേസ് കൊടുത്തു. താന്‍ രുക്മാബായിയുടെ ഭര്‍ത്താവാണെന്നും അവര്‍ തനിക്കൊപ്പം വന്നു താമസിക്കണമെന്നും ഹര്‍ജിയില്‍ ദാദാജി പറഞ്ഞു. ആദ്യമായായിരുന്നു ബ്രിട്ടീഷ് ന്യായാധിപന്മാര്‍ ഇത്തരത്തിലൊരു കേസിന് സാക്ഷ്യം വഹിക്കുന്നത്. ബ്രിട്ടീഷ് നിയമപ്രകാരം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹം കഴിപ്പിക്കുന്നതിന് നിയമസാധുതയില്ല. പക്ഷേ, ഇന്ത്യയിലെ വ്യവസ്ഥിതി അതായിരുന്നില്ലെന്ന് അറിയാമായിരുന്നെങ്കിലുംമാനുഷികപരിഗണനയില്‍, 1885 സെപ്റ്റംബര്‍ 21ന് അന്നത്തെ ഹൈക്കോടതി ജസ്റ്റിസ് പിന്‍ഹേ രുക്മാ ബായിക്ക് അനുകൂലമായ വിധി നല്‍കി. ഇത് ഹിന്ദു മതാചാര്യന്മാര്‍ക്കിടയിലും ആര്യവൈദിക പുരോഹിതര്‍ക്കിടയിലും വലിയ അതൃപ്തിക്ക് കാരണമായി.

തുടര്‍ന്ന് ദാദാജി ബോംബെ ഹൈക്കോടതിയെ സമീപിച്ചു. ഹിന്ദുനിയമപ്രകാരം തന്റെ ഭാര്യയായ രുക്മാ ബായിയെ തന്നോടൊപ്പം ജീവിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു കേസ്. ഒടുവില്‍ രുക്മാബായിക്കെതിരെ കോടതി വിധി വന്നു. ഒന്നുകില്‍ ഭര്‍ത്താവിനൊപ്പം ജീവിക്കാന്‍ തയ്യാറാകണം, അല്ലെങ്കില്‍ ജയില്‍ ജീവിതം. എന്നാല്‍ താന്‍ ജയിലില്‍ പോകാന്‍ തയ്യാറാണെന്ന് രുക്മാബായി കോടതിയെ അറിയിച്ചു.

പിന്നീട് 68 വര്‍ഷങ്ങള്‍ക്കു ശേഷം ഹിന്ദു വിവാഹനിയമം പുതുക്കി 1955ല്‍ കോടതി വിധിവന്നു. ഉഭയകക്ഷി സമ്മതത്തോടെ മാത്രമേ ലൈംഗിബന്ധത്തില്‍ ഏര്‍പ്പെടാവൂ എന്ന് കോടതി വിധിച്ചു.

പിന്നീടുള്ള തന്റെ ജീവിതം മുഴുന്‍ ഒരു പോരാട്ടമായിരുന്നു രുക്മാബായിക്ക്. 1889ല്‍ രുക്മാബായി ലണ്ടന്‍ സ്‌കൂള്‍ ഓഫ് മെഡിസിനില്‍ പ്രവേശനം ലഭിച്ചു. ഉപരിപഠനത്തിനു ശേഷം അവര്‍ ഇന്ത്യയിലേക്കു തന്നെ മടങ്ങി. തുടക്കത്തില്‍ ബോംബെയിലെ മാഡം കാമ ഹോസ്പിറ്റില്‍ ആയിരുന്നു സേവനം. പിന്നീട് 1894ല്‍ ഗുജറാത്തിലെ സൂറത്തിലുള്ള എസ്.എം.വി ആശുപത്രിയില്‍ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ആയി സേവനം ആരംഭിച്ചു. ഇന്നും ആ ആശുപത്രി അറിയപ്പെടുന്നത് രുക്മാബായിയുടെ പേരിലാണ്. ഒടുവില്‍ 1991ല്‍ രുക്മാബായി ലോകത്തോട് വിടപറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ