എഴുത്തുകാരി കമലാ ദാസിന് മലയാളത്തിന്റെ പ്രിയപ്പെട്ട മാധവിക്കുട്ടിക്ക് ആദരമര്‍പ്പിച്ച് ഗൂഗിള്‍ ഡൂഡില്‍. കമലാ ദാസിന്റെ വിവാദമായ ആത്മകഥ ‘മൈ സ്റ്റോറി’ അഥവ ‘എന്റെ കഥ’ പുറത്തിറങ്ങിയിട്ട് ഇന്നേക്ക് 45 വര്‍ഷം. ആ ഓര്‍മ്മപുതുക്കിയാണ് ഗൂഗിള്‍ കമലയെ സ്മരിച്ചത്.
മലയാളിയുടെ കപടസദാചാര ബോധത്തിന്റെ നാലുകെട്ടിന്റെ അസ്ഥിവാരം ഇളക്കിക്കൊണ്ടാണ് കമലാ ദാസിന്റെ ‘എന്റെ കഥ’ പുറത്തിറങ്ങിയത്. സ്ത്രീയെക്കുറിച്ച്, അവളുടെ ശരീരത്തെക്കുറിച്ച്, ലൈംഗിക തൃഷ്ണകളെക്കുറിച്ചൊക്കെ ഇത്ര ആര്‍ജവത്തോടെ എഴുതിയ മറ്റൊരു എഴുത്തുകാരി അതിനു മുമ്പ് മലയാളത്തില്‍ ഉണ്ടായിട്ടില്ല. ഇന്നും എത്രയോ പേര്‍ പറയാറുണ്ട്, തങ്ങള്‍ക്ക് ആര്‍ജവത്തോടെ നടക്കാനുള്ള പാത വെട്ടിത്തന്നത് മാധവിക്കുട്ടിയാണെന്ന്. 1973 ഫെബ്രുവരി ഒന്നിനാണ് എന്റെ കഥ പുറത്തുവന്നത്. ഏറെ വിവാദങ്ങള്‍ ഈ പുസ്തകത്തെ പിന്തുടര്‍ന്നിരുന്നു.
കവിത, ചെറുകഥ, ജീവചരിത്രം എന്നിങ്ങനെ മലയാളത്തിലും ഇംഗ്ലീഷിലുമായി നിരവധി സാഹിത്യസൃഷ്ടികള്‍ കമലാ സുരയ്യ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1999ല്‍ ഇസ്ലാം മതം സ്വീകരിക്കുന്നതിനു മുന്പ് മലയാള രചനകളില്‍ മാധവിക്കുട്ടി എന്ന പേരിലും ഇംഗ്ലീഷ് രചനകളില്‍ കമലാദാസ് എന്ന പേരിലുമാണ് അറിയപ്പെട്ടിരുന്നത്.
ചരിത്രത്തില്‍ കൈയ്യൊപ്പു പതിച്ച വ്യക്തികളുടെയോ, ആഘോഷങ്ങളുടെയോ സ്മരണാര്‍ത്ഥം ഗൂഗിളിന്റെ പ്രധാന പേജിലെ ലോഗോയില്‍ വരുത്തുന്ന താത്കാലിക പരിഷ്‌കരണങ്ങളാണ് ഗൂഗിള്‍ ഡൂഡില്‍. 1998 -ല്‍ ബേണിഗ് മാന്‍ ഫെസ്റ്റിവലിനോടു അനുബന്ധിച്ചായിരുന്നു ആദ്യ ഡൂഡില്‍.