മോസ്കോ: ലോകത്തിലെ ഏറ്റവും ശക്തരായ നേതാക്കളിലൊരാളാണ് റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്‍. മികച്ച ഭരണാധികാരി എന്ന നിലയില്‍ അറിയപ്പെടുന്ന പുടിന് അധികം ആരും അറിയാത്ത ചില സ്വഭാവ സവിശേഷതകള്‍ കൂടിയുണ്ട്. പൊതുവെ പരുക്കന്‍ എന്ന പരിവേഷമാണ് പുടിന് ഉളളതെങ്കിലും വിനോദങ്ങളില്‍ ഏര്‍പ്പെടാന്‍ പുടിന്‍ പ്രത്യേകം സമയം കണ്ടെത്താറുണ്ട്.

മൂന്ന് ദിവസത്തെ വേനലവധി എടുത്ത് സൈബീരിയയില്‍ വേട്ടയിലും മീന്‍പിടിത്തത്തിലും ഏര്‍പ്പെട്ട അദ്ദേഹത്തിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. പ്രതിരോധമന്ത്രി സെര്‍ജെ ഷോഗിനൊപ്പമാണ് അദ്ദേഹം സൈബീരിയയില്‍ എത്തിയത്. ഓഗസ്റ്റ് 1 മുതല്‍ മൂന്ന് വരെയാണ് അദ്ദേഹം അവധി എടുത്തത്.

അദ്ദേഹം നീന്തുന്നതിന്റേയും മീന്‍ പിടിക്കുന്നതിന്റേയും മറ്റും ചിത്രങ്ങള്‍ പുറത്തുവന്നതോടെ പുടിന് വീണ്ടും ജനപ്രിയത ഏറിയതായാണ് റിപ്പോര്‍ട്ടുകള്‍. താന്‍ ഇപ്പോഴും ആരോഗ്യവാനും ശക്തനുമാണെന്ന് തെളിയിക്കാനാണ് പുതിയ നീക്കമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്.

പുടിന്‍ ഒരു വലിയ മൃഗസ്‌നേഹിയാണെന്ന് തെളിയിക്കുന്ന ചിത്രങ്ങള്‍ നേരത്തേ പുറത്തുവിട്ടിരുന്നു. വളര്‍ത്തുനായ്ക്കളില്‍ തുടങ്ങി കടുവകള്‍, ഹിമക്കരടികള്‍ തുടങ്ങിയ വന്യമൃഗങ്ങള്‍ വരെ പുടിന്റെ സ്‌നേഹത്തിനു പാത്രമായിട്ടുണ്ട്. പുടിന്റെ സ്വകാര്യ വെബ്‌സൈറ്റില്‍ നിറയെ മൃഗങ്ങളോടുള്ള സ്‌നേഹം പങ്കുവയ്ക്കുന്നതിന്റെ ചിത്രങ്ങളാണ്. വംശനാശഭീഷണി നേരിടുന്ന സൈബീരിയന്‍ കടുവ, ഹിമക്കരടി, വെള്ള തിമിംഗലം, മഞ്ഞു പുലി എന്നിവയുള്‍പ്പെടെയുള്ള ജീവികളോടൊത്തുള്ള ചിത്രങ്ങളാണ് പുടിന്‍ പങ്കുവയ്ക്കുന്നത്. മാത്രമല്ല രാജ്യത്തെ ജീവിവര്‍ഗത്തിന്റെ കണക്കെടുക്കുന്ന റഷ്യന്‍ ജോഗ്രഫിക്കല്‍ സൊസൈറ്റി ബോര്‍ഡ് ഓഫ് ട്രസ്റ്റീസിന്റെ ചെയര്‍മാനും പുടിന്‍ തന്നെയാണ്.

പലപ്പോഴും പുടിന്‍ ഇന്ത്യാനാ ജോണ്‍സിനെപ്പോലെയാണ്. ഒരിക്കല്‍ ബ്ലാക് സീയില്‍ ഡൈവിംഗിനു പോയ പുടിന്‍ കരയ്ക്കു കയറിയത് ഗ്രീക്കുകാര്‍ ചിതാഭസ്മം ഒഴുക്കിയ ഒരു പുരാതന കുടവുമായാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ