ലോകത്തെ ഏറ്റവും സാഹസികമായ ആര്‍ട്ടിക് പോളാര്‍ എക്‌സ്ട്രീം എക്സ്പെഡീഷനില്‍ മലയാളിയായ നിയോഗിനെ തിരഞ്ഞെടുത്തു. ആഗോള അടിസ്ഥാനത്തില്‍ നടത്തിയ വോട്ടിങ്ങിലൂടെയാണ് 51078 വോട്ടുകള്‍ നേടി നിയോഗ് ഒന്നാമത് എത്തിയത്.

ഫ്യുയ് ല്‍ റാവന്‍ എന്ന കമ്പനിയാണ് മനുഷ്യവാസമില്ലാത്ത ആര്‍ട്ടിക് മേഖലയില്‍ സാഹസിക വിനോദം നടത്തുന്ന ആര്‍ട്ടിക് പോളാര്‍ എക്‌സ്‌പെഡിഷന്‍ സംഘടിപ്പിക്കുന്നത്. മൽസരത്തില്‍ ഓണ്‍ലൈന്‍ വോട്ടിങ്ങിലൂടെയാണ് നിയോഗ് ഒന്നാമതെത്തിയത്.

120 രാജ്യങ്ങളിലെ ആയിരത്തിലധികം പേരെ മറികടന്നാണ് നിയോഗ് വിജയിയായത്. ദി വേള്‍ഡ് റീജിയന്‍ വിഭാഗത്തില്‍ 51000 ലധികം വോട്ടുകള്‍ നിയോഗിന് നേടാനായി. നേരത്തെ രണ്ടാം സ്ഥാനത്തായിരുന്ന നിയോഗിനെ ഒന്നാമത് എത്തിക്കാനായി മലയാളികള്‍ സോഷ്യല്‍മീഡിയയില്‍ അണിനിരന്നിരുന്നു.

പല വിഭാഗങ്ങളിലായിട്ടാണ് പോളിങ് നടക്കുന്നത്. ഇന്ത്യയും പാക്കിസ്ഥാനും അടങ്ങുന്ന ദി വേൾഡ് വിഭാഗത്തിലാണ് നിയോഗ് ഒന്നാം സ്ഥാനത്തെത്തിയത്.

നോര്‍വേയിലെ മഞ്ഞുമൂടിയ പര്‍വതങ്ങളില്‍ നിന്ന് ആരംഭിച്ച്, സ്വീഡനിലെ പാല്‌സ (Paltsa), പുരാതന കച്ചവടപാതകള്‍, മഞ്ഞുപാളികളാല്‍ മൂടപ്പെട്ട ടോണ്‍ നദി എന്നിങ്ങനെ ആര്‍ട്ടിക്കിലെ വന്യതയിലൂടെ 300 കിലോമീറ്ററോളം നീളുന്ന യാത്ര. തിരഞ്ഞെടുക്കപ്പെടുന്ന ഒരു സംഘം യാത്രാസ്‌നേഹികള്‍ക്കൊപ്പം, പരിശീലനം ലഭിച്ച 200ഓളം നായകള്‍ വലിക്കുന്ന മഞ്ഞുവണ്ടിയിലായിരിക്കും യാത്ര.

യോഗ്യത നേട്ടം സ്വന്തമാക്കുന്ന ആദ്യ മലയാളിയാണ് നിയോഗ്. 180 ദിവസം കൊണ്ട് കയ്യില്‍ പണമില്ലാതെ ഇന്ത്യയൊട്ടാകെ സഞ്ചരിച്ച് റെക്കോര്‍ഡിട്ട മിടുക്കനാണ് നിയോഗ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ